കടവുളേ,യാരടാ ഇന്ത പയ്യൻ?
text_fieldsമുഹമ്മദ് കൈഫ്
തിരുവനന്തപുരം: ഇന്ത്യൻ ഫീൽഡിങ് സെറ്റപ്പിലെ റഡറായിരുന്നു അയാൾ. ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സിനെ കണ്ട് ആശ്ചര്യപ്പെട്ടവർക്ക് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് പകരം വെച്ച പത്ത് കൈയുള്ള രാവണൻ. ടീമിൽ നിലനിൽക്കണമെങ്കിൽ ബാറ്റിങ്ങിലോ ബൗളിങ്ങിലോ മികവ് തെളിയിക്കണമെന്ന തത്വങ്ങളൊന്നും ഈ അലഹബാദുകാരന് ബാധകമായിരുന്നില്ല. കാരണം ആ മനുഷ്യന്റെ പേര് മുഹമ്മദ് കൈഫ് എന്നായിരുന്നു.
2002 നാറ്റ് വെസ്റ്റ് ഫൈനലിൽ ലോർഡ്സിലെ ബാൽക്കണിയിൽ നിന്നും ഇംഗ്ലണ്ടിനെതിരെ ജേഴ്സിയൂരി വീശീയ നായകൻ ഗാംഗുലി, ആരാധകർക്ക് ഇന്നും രക്തം തിളക്കുന്ന വികാരമാണ്. അന്ന് കളി ജയിപ്പിച്ച മുഹമ്മദ് കൈഫിനോട് കാസർകോട് മഞ്ചേശ്വരം ഹൊസമ്പെട്ടുവിലെ കൊപ്രവിൽപനക്കാരൻ ഹാരിസിന് കടുത്ത ആരാധനായിരുന്നു. അതേ മാസം തനിക്ക് പിറന്ന ആൺകുഞ്ഞിന് ഹാരിസ് ഒരുപേരിട്ടു- മുഹമ്മദ് കൈഫ്.
കെ.സി.എല്ലിൽ തിങ്കളാഴ്ച ട്രിവാൻഡ്രം റോയൽസിന് മുന്നിൽ ആലപ്പി റിപ്പിൾസിന്റെ പേരുകേട്ട മുൻനിര പരാജയപ്പെട്ടപ്പോൾ പരിശീലകൻ സോണി ചെറുവത്തൂർ ഇംപാക്ട് പ്ലയറായി ഒരു 23 കാരനെ ക്രീസിലേക്ക് പറഞ്ഞുവിട്ടു. ആദ്യ കെ.സി.എൽ മത്സരത്തിനിറങ്ങിയ പയ്യൻ നേരിട്ട മൂന്നാം പന്ത് ലോങ് ഓണിന് മുകളിലേക്ക് പറത്തുമ്പോൾ ആരാധകർ കോരിതരിച്ചു.
തുടർന്നുള്ള പന്തുകളിൽ ഏഴ് സിക്സുകളും ഒരു ബൗണ്ടറിയും. കേരള ക്രിക്കറ്റിന്റെ ബൗളിങ് നട്ടെല്ലും ഐ.പി.എൽ താരവുമായ ബേസിൽ തമ്പിക്കും കിട്ടി പൊതിരെ തല്ല് . ഒടുവിൽ ടീമിനെ ഒറ്റക്ക് തോളിലേറ്റി (30 പന്തിൽ 66*) വിജയ ലക്ഷ്യത്തിച്ചപ്പോൾ കമന്റേറ്റർമാർ ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനോട് ചോദിച്ചു ‘‘കടവുളേ, യാരടാ ഇന്ത പയ്യൻ’’? നായകന്റെ മറുപടി ഇത്രമാത്രം- ‘‘മുഹമ്മദ് കൈഫ്’’.
ക്രിക്കറ്റിനോടുള്ള കമ്പം മൂത്ത ഹാരിസ്, 12ാം വയസിലാണ് കൈഫിന്റെ കൈപിടിച്ച് കെ.സി.എയുടെ സമ്മർക്യാമ്പിലെത്തുന്നത്. കാസർകോടിന്റെ അണ്ടർ 14 ജില്ല ടീമിൽ അന്ന് വിക്കറ്റ് കീപ്പറില്ലാത്തതിനാൽ കൈഫിനെ വിക്കറ്റ് കീപ്പർ- ബാറ്ററുടെ റോളിലേക്ക് പരിശീലകൻ വിനോദ് തെരഞ്ഞെടുത്തു. ഒമ്പതാം ക്ലാസുമുതൽ തലശ്ശേരി ക്രിക്കറ്റ് അക്കാദമിയിലേക്ക് ചേക്കേറിയതോടെ തലവരയും തെളിഞ്ഞു.
അണ്ടർ 23ൽ കേരളത്തിനായി അരങ്ങേറിയ താരത്തിന് കഴിഞ്ഞവർഷം നടുവിന് പരിക്കേറ്റതോടെ ആദ്യ കെ.സി.എൽ എന്ന സ്വപ്നം പൊലിഞ്ഞു. ഇത്തവണ കെ.സി.എയുടെ പ്രസിഡന്ഷ്യൽ കപ്പിലും എൻ.എസ്.എ ട്രോഫിയിലും വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞതോടെയാണ് രണ്ടാം വിക്കറ്റ് കീപ്പറുടെ റോളിൽ ഒന്നരലക്ഷം രൂപക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയത്. മധ്യനിര തകർന്നാൽ കളി മുന്നോട്ടുകൊണ്ടുപോയി ജയിപ്പിക്കണമെന്ന നിർദേശമാണ് പരിശീലകൻ നൽകിയിരിക്കുന്നത്.
ടീം തന്നിൽ ഏൽപ്പിച്ച ദൗത്യം ആദ്യമത്സരത്തിൽ ഭംഗിയായി നിർവഹിച്ച സന്തോഷത്തിലാണ് കൈഫിപ്പോൾ. അമ്മ തനൂജ മംഗലാപുരം റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കാണ്.