1983 വെറുമൊരു വർഷമല്ല
text_fields1983ൽ ക്രിക്കറ്റ് ലോക കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവ് കപ്പ് ഏറ്റുവാങ്ങുന്നു
ലോകത്തെ ആദ്യത്തേതെന്ന ഖ്യാതിയോടെ മോട്ടോറോള കമ്പനി മൊബൈൽ ഫോണുകൾ വിപണിയിലിറക്കിയ വർഷം, ലോകത്തെ ഒരു വലയിൽ കുരുക്കിയ ഇന്റർനെറ്റിലേക്കുള്ള നിർണായക നാഴികക്കല്ലുകളിലൊന്നിന് ആദിമ രൂപമായ അർപാനെറ്റ് വിധേയമായ വർഷം.
ലോകം 1983നെ ഓർത്തുവെക്കുന്നത് ഇങ്ങനെ പല കാരണങ്ങളാലാണ്. പക്ഷേ 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ആ വർഷത്തെ ചേർത്തുവെക്കുന്നത് മഹത്തായ ഒരു കായികവിജയത്തോടാണ്. അതല്ലെങ്കിൽ ആ മഹാവിജയത്തിന്റെ പര്യായമായി മാത്രം ആ വർഷത്തെ ഓർത്തുവെക്കുന്നു.
അത്ഭുത കിരീടം
ഡഗ്ലസ് ബസ്റ്റർ സാക്ഷാൽ മൈക് ടൈസണെ ഇടിക്കൂട്ടിൽ വീഴ്ത്തിയപോലെ, 2004 യൂറോയിൽ ഗ്രീസ് മുത്തമിട്ടതുപോലെ അവിശ്വസനീയമായിട്ടാണ് 1983ലെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെയും പലരും പരിഗണിക്കുന്നത്. ടൂർണമെന്റിന് മുമ്പ് പന്തയക്കമ്പോളങ്ങളിൽ 66/1 മാത്രം സാധ്യതയുണ്ടായിരുന്ന, ആകെ കളിച്ച 40 ഏകദിനങ്ങളിൽ 12 എണ്ണം മാത്രം ജയിച്ച ടീമിന്റെ അത്ഭുത കിരീടം.
ഉഗ്രപ്രതാപികളായ കരീബിയൻ പടയും ശക്തരായ ആസ്ട്രേലിയയും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുള്ള ഇംഗ്ലണ്ടുമെല്ലാം ഉള്ളിടത്ത് ഇന്ത്യ എന്തുചെയ്യുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. വാർത്തസമ്മേളനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കപിൽദേവിനെ കണ്ട് പത്രലേഖകർ അടക്കിച്ചിരിച്ചു, ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പഴയ കോളനി രാജ്യത്തോടുള്ള പുച്ഛത്താൽ കുറിപ്പുകളെഴുതി.
സുനിൽ ഗാവസ്കറിനെപ്പോലുള്ള ടെസ്റ്റ് ക്രിക്കറ്റിലെ സൂപ്പർസ്റ്റാറുകൾ കളിക്കുന്ന ഇന്ത്യയെ അത്ര നിസ്സാരമായി കാണാത്തവരുമുണ്ടായിരുന്നു. ആസ്ട്രേലിയൻ ക്യാപ്റ്റൻ കിം ഹ്യൂസ് അതുതിരിച്ചറിഞ്ഞ് ഇന്ത്യ കറുത്തകുതിരകളാകുമെന്ന് പ്രവചിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധേയ വിജയങ്ങൾ നേടിക്കഴിഞ്ഞ ഇന്ത്യക്ക് ഏകദിന ഫോർമാറ്റിനോട് പൊരുത്തപ്പെടാനാകാത്തതായിരുന്നു പ്രധാനപ്രശ്നം.
മഹാമേളക്കായി കളിക്കളങ്ങൾ ഒരുങ്ങി. മാഞ്ചസ്റ്ററിൽ വെച്ചുള്ള ആദ്യ മത്സരത്തിൽ വിൻഡീസിനെ വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്. ചിലർ ഞെട്ടിത്തരിച്ചു, മറ്റുചിലർ സ്പോർട്സിൽ വല്ലപ്പോഴും സംഭവിക്കുന്ന അപൂർവതയായി കരുതി. തൊട്ടുപിറകെ സിംബാബ്വെയെ തോൽപിച്ചു.
അടുത്തതിൽ ആസ്ട്രേലിയക്ക് മുന്നിൽ കൂറ്റൻ തോൽവി. വീണ്ടും വിൻഡീസിന് മുന്നിൽ, ഇക്കുറി തോൽവി തന്നെ. തൊട്ടുപിറകെ സിംബാബ്വെയെയും ആസ്േട്രലിയയെയും മലർത്തിയടിച്ച് സെമിയിലേക്ക്. മുന്നിലുള്ളത് ഇംഗ്ലണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ സ്വന്തം ‘ജെന്റിൽമാൻമാരെ’ തകർത്തെറിഞ്ഞ് ഫൈനലിലേക്ക്.
ലോഡ്സിലെ കലാശപ്പോരിൽ പുകൾപെറ്റ കരീബിയൻ നിരയെ ചുരുട്ടിക്കെട്ടി ക്രിക്കറ്റിന്റെ പരമോന്നത കിരീടത്തിൽ കപിൽദേവ് മുത്തമിടുമ്പോൾ ട്രാൻസിസ്റ്റർ റേഡിയോ വിവരണങ്ങൾ കേട്ട് ഇന്ത്യൻ യുവത തെരുവുകളിൽ തുള്ളിച്ചാടുകയായിരുന്നു. നായകസ്ഥാനത്തോടൊപ്പം സിംബാബ്വെക്കെതിരെ നേടിയ അതിനിർണായകമായ 175 റൺസും ഫൈനലിൽ വിവ് റിച്ചാർഡ്സിനെ പിറകോട്ടോടി ക്യാച്ച് ചെയ്ത് പുറത്താക്കിയതും കപിൽദേവിനെ അനശ്വരനാക്കി.
ക്രിക്കറ്റിന്റെ ജനകീയവത്കരണം
ഇന്ത്യൻ കായികചരിത്രത്തെയും ക്രിക്കറ്റിന്റെ ഭൂപടത്തെയും 1983ലെ ലോകകപ്പ് വിജയം എന്നെന്നേക്കുമായി തിരുത്തി. 18ാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടീഷുകാരോടൊപ്പം ഇന്ത്യയിൽ ക്രിക്കറ്റും കപ്പലിറങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ അതൊരിക്കലും സാധാരണക്കാരുടെ കളിയായിരുന്നില്ല.
ബ്രിട്ടീഷ് അധികാരികളും അരുമകളായ ഫ്യൂഡൽ പ്രഭുക്കളും രാജാക്കന്മാരും വരേണ്യവർഗവുമാണ് അതിനെ മുന്നോട്ടുനടത്തിയത്. ഫുട്ബാളിനും ഹോക്കിക്കും പിന്നിൽ മാത്രം സ്ഥാനം പിടിച്ച ക്രിക്കറ്റിനെ 1983ലെ ലോകകപ്പ് വിജയം തെരുവുകളിലേക്കും ഇടവഴികളിലേക്കും പടർത്തി. 1983 ലെ വിജയം ഇന്ത്യക്കാർ ഇത്രമേൽ ആഘോഷമാക്കാൻ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളും പലതുണ്ട്.
ഇന്ത്യക്ക് ഹോക്കിയിലും ഫുട്ബാളിലും പ്രതാപം നഷ്ടപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്. കൂടാതെ വടക്കുകിഴക്കിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള നിരന്തരമായ രക്തരൂഷിത കലാപവാർത്തകൾ.. എല്ലാം കൊണ്ടും നിരാശരായ ഇന്ത്യൻ യുവതയിൽ ക്രിക്കറ്റ് വിജയം പ്രതീക്ഷയുടെ മുളനാമ്പുകൾ പൊട്ടിച്ചുവെന്ന് മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി നിരീക്ഷിക്കുന്നുണ്ട്. 1983ലെ വിജയത്തോടെ പുതിയ ക്രിക്കറ്റിനെയാണ് ലോകം കാണുന്നത്.
നിക്ഷേപങ്ങളും കളർ ടെലിവിഷനും സാമ്പത്തിക ഉദാരവത്കരണവുമെല്ലാം അതിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ക്രിക്കറ്റിലെ ഇന്ത്യയുടെ വിജയങ്ങളും പരാജയങ്ങളും ദേശീയതയുമായി ചേർത്തുവെക്കപ്പെട്ടു. ക്രിക്കറ്റ് താരങ്ങൾ ബോളിവുഡ് താരങ്ങളേക്കാൾ വലിയ സൂപ്പർ താരങ്ങളായി. 1983 ലോകകപ്പ് വിജയികളായ ടീമിന് പാരിതോഷികം നൽകാൻ ലതാമങ്കേഷ്കറുടെ ഗാനമേള നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്തി ഇന്ന് ശതകോടികളാണ്. 1983 ലെ വിജയം തന്നെയാണ് അതിന്റെ ഏറ്റവും വലിയ മൂലധനം.