Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാല് ഇന്നിങ്സിൽ 40...

നാല് ഇന്നിങ്സിൽ 40 റൺസ്! സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നം അകലുമോ? അവസരം കാത്ത് യുവ താരങ്ങൾ

text_fields
bookmark_border
നാല് ഇന്നിങ്സിൽ 40 റൺസ്! സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നം അകലുമോ? അവസരം കാത്ത് യുവ താരങ്ങൾ
cancel
camera_altന്യൂസിലൻഡിനെതിരെ സഞ്ജു ക്ലീൻ ബൗൾഡായപ്പോൾ

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയതോടെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ടീം പ്രഖ്യാപനത്തിനു ശേഷം നിലവിൽ നടക്കുന്ന പരമ്പയിലെ താരത്തിന്‍റെ പ്രകടനം കണ്ടതോടെ വേണ്ടിയിരുന്നില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല. സഞ്ജുവിന് എപ്പോൾ വേണമെങ്കിലും ഫോമിലേക്ക് തിരിച്ചെത്താമെന്ന് ഒരു വിഭാഗം ക്രിക്കറ്റ് നിരീക്ഷകരും മുൻതാരങ്ങളും ഉൾപ്പെടെ പറയുമ്പോഴും ന്യൂസിലൻഡിനെതിരെ നാല് ഇന്നിങ്സിൽ 40 റൺസ് മാത്രമാണ് നേടായതെന്നത് ആശാവഹമായ കാര്യമല്ല. പ്രത്യേകിച്ച് ലോകകപ്പിന് ഏതാനും നാളുകൾ മാത്രം ശേഷിക്കേ, അവസാന മത്സരത്തിലെങ്കിലും തിളങ്ങാനായില്ലെങ്കിൽ വീണ്ടും ബെഞ്ചിലിരിക്കാനാകും സഞ്ജുവിന്‍റെ വിധി. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ കിട്ടിയ അവസരം ഉപയോഗിച്ചതും മലയാളി താരത്തിന്‍റെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകുന്നു.

ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ടീം മികച്ച ഫോമിലാണെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം ആശങ്കയുയർത്തുന്നതാണ്. ന്യൂസിലൻഡിനെതിരെ നാല് ഇന്നിങ്സുകളിൽ ഒരു തവണ പോലും 25 റൺസ് പിന്നിടാൻ സഞ്ജുവിന് സാധിച്ചില്ല. കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്സുകളിൽ നിന്ന് ഒരേയൊരു അർധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.സഞ്ജു നേരത്തെ പുറത്താകുന്നത് പവർപ്ലേ ഓവറുകളിൽ ഇന്ത്യയുടെ സ്കോറിങ് വേഗതയെ ബാധിക്കുന്നുണ്ട്. ബുധനാഴ്ച വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ സഞ്ജു ഉൾപ്പെടെയുള്ള മുൻനിര തകർന്നപ്പോൾ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സ്റ്റാർ സ്പോർട്സിലെ കമന്ററിക്കിടയിൽ മുൻ താരം ഹർഭജൻ സിങ് സഞ്ജുവിന് നൽകിയ ഉപദേശം ശ്രദ്ധേയമാണ്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കാതെ, തുടക്കത്തിൽ പക്വതയോടെ കളിച്ച് പിന്നീട് സ്കോറിങ് വേഗത കൂട്ടാനാണ് അദ്ദേഹം നിർദേശിച്ചത്.

ടീം ഇന്ത്യക്ക് പ്ലാൻ ബി തയാറാണ്

ഐ.പി.എല്ലിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലും സഞ്ജുവിന് മികച്ച റെക്കോർഡുണ്ട്. ആറ് സെഞ്ച്വറികളും 51 അർധ സെഞ്ച്വറികളുമാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. എന്നാൽ ഈ മികവ് അന്താരാഷ്ട്ര തലത്തിൽ സ്ഥിരമായി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് വിമർശനം. സഞ്ജുവിന് പകരം ഓപണിങ് സ്ഥാനത്തേക്ക് ശുഭ്‌മൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾ പുറത്ത് കാത്തിരിക്കുന്നുണ്ട്. സഞ്ജു പരാജയപ്പെട്ടാൽ ടീം ഇന്ത്യ ഉടനടി മാറ്റങ്ങൾ വരുത്തുമെന്ന സൂചനയാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്.

മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ, ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പരിക്ക് ഭേദമായി തിലക് വർമ തിരിച്ചെത്തിയാൽ സഞ്ജുവിനെ പുറത്തിരുത്തി ഇഷാനെ ഓപണറാക്കാനുള്ള തീരുമാനം സ്വീകരിച്ചാലും അദ്ഭുതപ്പെടാനില്ല. ന്യൂസിലൻഡിനെതിരെ തിരുവനന്തപുരത്തെ സ്വന്തം കാണികൾക്കുമുമ്പിൽ നടക്കാനിരിക്കുന്ന മത്സരമാണ് സഞ്ജുവിന് മുന്നിലുള്ള അവസാന പരീക്ഷണം. ലോകകപ്പിന് മുമ്പ് തന്റെ സ്ഥാനം ഉറപ്പിക്കാൻ അവിടെ മികച്ച പ്രകടനം അനിവാര്യമാണ്.

ഇഷാൻ കിഷനു പുറമെ, ശിവം ദുബെ, റിങ്കു സിങ് എന്നിവരും ഫോം കണ്ടെത്തിയ പരമ്പരയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫോം ഔട്ടായിരുന്ന ക്യാപ്റ്റൻ സൂര്യകുമാറിന്‍റെ തിരിച്ചുവരവിനും പരമ്പര സാക്ഷ്യം വഹിച്ചു. ഓപണർ അഭിഷേക് ശർമയും അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്. വമ്പൻ സ്കോർ അടിച്ചുകൂട്ടാനും പിന്തുടർന്നു ജയിക്കാനുംപോന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോഴും സഞ്ജുവിന്‍റെ മങ്ങിയ ഫോമാണ് അപവാദമാകുന്നത്. ഗില്ലിന് പുറമെ യശസ്വി ജയ്സ്വാൾ, ശ്രേയസ്, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളും അവസരം കാത്തിരിക്കുന്നുവെന്നത് ഇതോടൊപ്പം കാണേണ്ട വസ്തുതയാണ്.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ഫൂട്ട്‌വർക്ക് തീരെയില്ലെന്ന് വിമർശനം

ന്യൂസീലൻഡിനെതിരായ നാലാം ടി20യിൽ സഞ്ജു പുറത്തായ രീതിയെ രൂക്ഷമായ ഭാഷയിലാണ് ഇതിഹാസ താരം സുനിൽ ഗവാസ്കർ വിമർശിച്ചത്. മത്സരത്തിൽ 15 പന്തിൽ നിന്ന് 24 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും മിച്ചൽ സാന്റ്നറുടെ പന്തിൽ സഞ്ജു പുറത്താകുകയായിരുന്നു. സഞ്ജു പുറത്തായ പന്തിൽ യാതൊരുവിധ ഫൂട്ട്‌വർക്കും ഉണ്ടായിരുന്നില്ലെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. പന്ത് തിരിയുന്നുണ്ടോ എന്നുപോലും നോക്കാതെ ക്രീസിൽ വെറുതെ നിൽക്കുക മാത്രമാണ് സഞ്ജു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡിലൂടെ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ മൂന്ന് സ്റ്റമ്പുകളും ബൗളർക്ക് എളുപ്പത്തിൽ കാണാമെന്ന സ്ഥിതിയായി. പന്ത് മിസ്സ് ചെയ്യുക കൂടി ചെയ്തതോടെ എളുപ്പത്തിൽ ബൗൾഡായി. ഒരേ രീതിയിൽ തന്നെ സഞ്ജു രണ്ടാമതും പുറത്താകുന്നത് നിരാശാജനകമാണെന്ന് ഗവാസ്കർ കമന്ററിയിൽ പറഞ്ഞു.

നാലാം ടി20യിൽ ഇന്ത്യയെ 50 റൺസിനാണ് ന്യൂസീലൻഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 215 എന്ന കൂറ്റൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 165 റൺസിന് ഓൾഔട്ടായി. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ (65), റിങ്കു സിംഗ് (39) എന്നിവർ പൊരുതിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഇന്ത്യൻ നിരയെ തകർത്തത്. ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ശനിയാഴ്ചയാണ് അവസാന മത്സരം.

Show Full Article
TAGS:Sanju Samson T20 World Cup Indian Cricket Team Ishan Kishan Shubman Gill Shreyas Iyer India vs New Zealand 
News Summary - Sanju Samson | T20 World Cup 2026 | India vs New Zealand T20I | Isahan Kishan | Shubman Gill
Next Story