കഴുത്തിൽ കുരുക്കിയ ബാറ്റ്, കാൽവിരലിൽ തിരിയുന്ന പന്തുകൾ; ആമിർ, സചിൻ പറഞ്ഞ പോലെ നിങ്ങളൊരു റിയൽ ഹീറോയാണ്
text_fieldsമുംബൈ: ബാറ്റ് കഴുത്തിലും തോളിലും ഇറുക്കിപ്പിടിച്ച് ഇതിഹാസ ക്രിക്കറ്റർ സചിൻ തെണ്ടുൽക്കറിനൊപ്പം ബാറ്റ് ചെയ്യാൻ ക്രീസിലേക്ക് നടന്നടുക്കുമ്പോൾ ആമിർ ഹുസൈൻ ലോൺ എന്ന കശ്മീരി യുവാവിനെ നോക്കി വിസ്മയിച്ചു നിൽക്കുകയായിരുന്നു കാണികൾ. ഇരു കൈകളുമില്ലാത്ത അവൻ തെണ്ടുൽക്കർ എന്ന് കുറിച്ച ജഴ്സിയണിഞ്ഞ് വരുമ്പോൾ ഇത് ആരാണെന്ന ആകാംക്ഷയിലായിരുന്നു പലരും. എന്നാൽ, പലരും അവനിലെ പ്രതിഭയെ നേരത്തെ അറിഞ്ഞവരായിരുന്നു.
ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരമാണ് ക്രിക്കറ്റ് പ്രേമികളുടെ മനം നിറക്കുന്ന നിരവധി കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചത്. ഇരു കൈകളുമില്ലാത്ത 34കാരനെ ആദ്യ പന്ത് നേരിടാൻ സചിൻ ക്ഷണിച്ചപ്പോൾ അവൻ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലായിരുന്നു കാണികൾ. എന്നാൽ, അവൻ ബാറ്റ്കൊണ്ട് മാത്രമല്ല, പന്ത് കൊണ്ടും അവരെ കൈയിലെടുത്തു. ബാറ്റിങ്ങിനായി ക്രീസിന്റെ ഒരു വശത്ത് അവൻ നിലയുറപ്പിച്ചപ്പോൾ മറുവശത്ത് ആമിർ എന്നെഴുതിയ ജഴ്സിയണിഞ്ഞ് സചിൻ റൺസുകൾ അടിച്ചുകൂട്ടുന്നുണ്ടായിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പന്ത് നിലംതൊടാതെ അതിർത്തി കടത്തിയ ശേഷം മാസ്റ്റർ ബ്ലാസ്റ്റർ അവനെ അടുത്ത് വിളിച്ച് കുശലം പറയുന്നതും പുറത്തുതട്ടുന്നതുമെല്ലാം ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു.
1990ൽ ജമ്മു കശ്മീരിലെ ബിജ്ബെഹാരയിൽ ജനിച്ച ആമിർ കുഞ്ഞുനാളിൽ തന്നെ ക്രിക്കറ്റിനെ നെഞ്ചിൽ കൊണ്ടുനടന്നതായിരുന്നു. എന്നാൽ, എട്ടാം വയസ്സിൽ പിതാവിന്റെ തടിമില്ലിൽ കളിക്കുന്നതിനിടെയുണ്ടായ അപകടം അവന്റെ സ്വപ്നങ്ങളെ അറുത്തെടുത്തു. അപകടത്തെ തുടർന്ന് ഇരുകൈകളും മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും തോറ്റുകൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.
കുഞ്ഞുമനസ്സിന്റെ നിശ്ചയദാർഢ്യവും കുടുംബത്തിൻ്റെ പിന്തുണയും ഒരുമിച്ചതോടെ അമീർ സാഹചര്യങ്ങളോട് പോരാടാൻ തുടങ്ങി. ക്രിക്കറ്റ് കളിക്കാൻ പുതിയ മാർഗം കണ്ടെത്തി. തോളിലും കഴുത്തിലും ബാറ്റ് ഇറുക്കിപ്പിടിച്ച് അവൻ പന്തുകളെ പ്രഹരിക്കാൻ തുടങ്ങി. ഒപ്പം കാൽവിരലുകളിൽ പന്ത് കുരുക്കിയെടുത്ത് കുത്തിത്തിരിയുന്ന പന്തുകളും പിറവിയെടുത്തു. 2013ൽ അവന്റെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകൻ പാരക്രിക്കറ്റിൽ അവതരിപ്പിച്ചു. പിന്നീട് ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിൽ അംഗത്വം മാത്രമല്ല, ടീമിന്റെ നായകനായും ആമിർ വളർന്നു. 2018ൽ ബംഗ്ലാദേശിനെതിരെ അന്താരാഷ്ട്ര പാര-ക്രിക്കറ്റ് മത്സരത്തിനുമിറങ്ങി. പിന്നീട് നേപ്പാളിലും ഷാർജയിലും അബൂദബിയിലുമെല്ലാം അവൻ ക്രിക്കറ്റ് കളിക്കാനെത്തി.
അടുത്തിടെ കശ്മീർ സന്ദർശനത്തിനിടെ ആമിറുമായി സചിൻ നടത്തിയ കൂടിക്കാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അവന്റെ ജീവിത പോരാട്ടത്തെ പ്രശംസിച്ച സചിൻ തന്റെ ഒപ്പ് പതിപ്പിച്ച ബാറ്റ് സമ്മാനിക്കുകയും ചെയ്തു. നിങ്ങളൊരു ‘റിയൽ ഹീറോ’ ആണെന്ന് വിശേഷിപ്പിച്ച സചിൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത് തുടരണമെന്നും അഭ്യർഥിച്ചു. ഈ കൂടിക്കാഴ്ചയുടെ വിഡിയോ സചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സ്ട്രീറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ കളിക്കാൻ സചിന്റെ തന്നെ വിളിയെത്തുന്നത്.
സചിൻ നയിച്ച മാസ്റ്റേഴ്സ് ഇലവനും അക്ഷയ് കുമാറിന്റെ നായകത്വത്തിലുള്ള കിലാഡി ഇലവനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ അഞ്ച് റൺസിന് സചിന്റെ ടീമിനായിരുന്നു ജയം.