Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവഗണനകളിൽ കത്തിതീർന്ന...

അവഗണനകളിൽ കത്തിതീർന്ന ഷമി; ഇന്ത്യൻ ടെസ്റ്റിന് നഷ്ടമാകുന്നത് വജ്രായുധം

text_fields
bookmark_border
അവഗണനകളിൽ കത്തിതീർന്ന ഷമി; ഇന്ത്യൻ ടെസ്റ്റിന് നഷ്ടമാകുന്നത് വജ്രായുധം
cancel

കടുത്ത അവഗണനകൾക്കും കാത്തിരിപ്പിനുമൊടുവിൽ മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ പേസ് കുന്തമുന വെള്ള കുപ്പായമഴിച്ച് പടിയിറങ്ങിയിരിക്കുന്നു. നിർണായക ഘട്ടങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന, ടീം പതറിയപ്പോൾ കൈ പിടിച്ചുയർത്തിയ താരം, ഒടുവിൽ അതേ ടീമിനാൽ തന്നെ തിരസ്കരിക്കപ്പെട്ടാണ് റെഡ് ബാൾ ക്രിക്കറ്റിൽ കളി മതിയാക്കുന്നത്.

2013 നവംബർ ആറിന് ഈഡൻ ഗാർഡനിൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 13 വർഷങ്ങൾക്കിപ്പുറം അതേ ദിവസം തന്നെയാണ് ബംഗാൾ പേസർ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതും. വെറുമൊരു തുടക്കകാരാനായി തുടങ്ങി, ഇന്ത്യൻ ഹീറോയായി ഉയിർത്തെഴുന്നേറ്റ അയാൾ ഒടുവിൽ സെലക്ടർമാരുടെ കണ്ണിലെ കരടായി.

ഇന്ത്യയുടെ വജ്രായുധമായ ഷമിക്ക് മുന്നിൽ പരിക്കാണ് ആദ്യം വില്ലൻ വേഷത്തിലെത്തിയത്. പരിക്ക് മാറി കളത്തിൽ തിരിച്ചെത്തിയെങ്കിലും താരത്തിന്റെ പ്രതിഭക്കും പ്രകടനങ്ങൾക്കും മുന്നിൽ സെലക്ടർമാർ കണ്ണടച്ചു. ഫിറ്റ്നസ് എന്ന ഒറ്റ തന്ത്രമായിരുന്നു സെലക്ടർമാർ ഇതിനായി പ്രയോഗിച്ചത്. ഇവരുടെ ഉള്ളുകളികളിൽ പെട്ട് അയാൾക്ക് നഷ്ടമായത് മൂന്ന് വർഷവും നിരവധി ടൂർണമെന്റുകളുമാണ്.

2023 ലോക ടെസ്റ്റ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിലാണ് ഷമി ഇന്ത്യയുടെ വെള്ളക്കുപ്പായം അവസാനമായി അണിഞ്ഞത്. ആ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ വെറും ഏഴ് മത്സരങ്ങളിൽ 24 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായി ഷമി തിളങ്ങി. പക്ഷേ, ടൂർണമെന്റിനിടയിൽ സംഭവിച്ച കണങ്കാലിലെ പരിക്കാണ് താരത്തിന്റെ ക്രിക്കറ്റ് കരിയറിൽ വലിയ വിള്ളൽ വീഴ്ത്തിയത്.

ഒരു വർഷം പുറത്തിരുന്ന ഷമി ഒടുവിൽ പരിക്ക് മാറി 2024 തന്നെ കളിക്കളത്തിലേക്ക് തിരികെ എത്തിയെങ്കിലും സെലക്ടർമാർ അവഗണിച്ചുകൊണ്ടേയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനങ്ങൾ നടത്തി മികവ് തെളിയിച്ചെങ്കിലും ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞ് ഓസീസ് പര്യടനത്തിലടക്കം പേസറെ അജിത് അഗാർക്കറും കൂട്ടാളികളും മാറ്റി നിർത്തി.

പക്ഷേ, മാസങ്ങൾക്ക് ശേഷം 2025 ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക് ഷമിക്ക് വീണ്ടും വിളിയെത്തി. അവിടെ അഞ്ച് മത്സരങ്ങളിൽ ഒമ്പത് വിക്കറ്റുകൾ നേടി ഇന്ത്യൻ ടീമിന്റെ കിരീടധാരണത്തിൽ പങ്കാളിയായി. അടുത്ത് തന്നെ മറ്റ് ഫോർമാറ്റിൽ താരത്തെ വീണ്ടും കാണാമെന്ന് പ്രതീക്ഷിച്ചിരിക്കെ വീണ്ടും പരിക്ക് വില്ലനായി. എന്നാൽ, ഉടനടി അതിൽ നിന്നെല്ലാം മുക്തനായി തിരിച്ചെത്തിയ ഷമി രഞ്ജി ട്രോഫിയിലടക്കം തിളക്കമാർന്ന പ്രകടനങ്ങളുമായി കളം നിറഞ്ഞു.

ഓരോ ടൂർണ്ണമെന്റിലും ഷമി പ്രതിഭ തെളിയിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഫിറ്റ്നസ് ചൂണ്ടിക്കാട്ടി അഗാർക്കർ ടീമിലേക്ക് താരത്തെ പരിഗണിച്ചില്ല. ഒടുവിൽ അവഗണനക്കെതിരെ അയാൾ പരസ്യമായി കലഹിച്ചു. 'അവർ എന്ത് വേണമെങ്കിലും പറയട്ടെ, ഞാൻ എങ്ങനെ പന്തെറിഞ്ഞുവെന്ന് നിങ്ങൾ കണ്ടല്ലോ' എന്ന് അയാൾ തുറന്ന് പറഞ്ഞു. വീണ്ടും ആഭ്യന്തര ടൂർണമെന്റുകളിൽ പന്ത് കൊണ്ട് തന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തവർക്കെതിരെ മറുപടി നൽകിയെങ്കിലും ടീമിലേക്കുള്ള വാതിൽ മാത്രം അടഞ്ഞു കിടന്നു.

സെലക്ടർ സ്ഥാനത്ത് നിന്ന് അഗാർക്കർ പടിയിറങ്ങിയതോടെ ഷമിയുടെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചു. ഷമിയെ പോലെ അവഗണിക്കപ്പെട്ട ഭുവനേശ്വർ കുമാർ വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ കുപ്പായമണിഞ്ഞെങ്കിലും ബംഗാൾ പേസർക്ക് പ്രതീക്ഷ മാത്രമാണ് അവശേഷിച്ചത്. ഒടുവിൽ മറ്റൊന്നിനും കാത്തിരിക്കാതെ അയാൾ ടെസ്റ്റ് തന്നെ മതിയാക്കി.

ഒരിക്കൽ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മടുപ്പ് തോന്നുമ്പോൾ കളത്തിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു ഷമിയുടെ മറുപടി. അവസരങ്ങൾക്കായി കാത്തിരുന്ന് കാത്തിരുന്ന് അയാൾക്ക് മടുത്തു പോയിരിക്കണം. ഇന്ത്യൻ ബൗളിങ് മുമ്പ് എങ്ങുമില്ലാത്ത വിധം പരീക്ഷിക്കപ്പെടുന്ന കാലത്ത് ടീമിന് നഷ്ടമാകുന്നത് ഒരു വജ്രായുധത്തെ തന്നെയാണെന്ന് ഉറപ്പാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Mohammed Shami Test Cricket Indian Cricket Team 
News Summary - From World Cup Hero To Test Retirement: Mohammed Shami's Painful Final Chapter
Next Story