അഹമ്മദ് ഇമ്രാൻ; തൃശ്ശൂർ ടൈറ്റൻസിന്റെ ലിറ്റിൽ സ്റ്റാർ
text_fieldsahmed Imran
പൊലീസുകാരുടെ പരേഡ് ഗ്രൗണ്ടിൽ അവർ ഒരുക്കികൊടുത്ത ക്രിക്കറ്റ് പിച്ചിൽ, പൊലീസുകാരൻ അജയ് പ്രസാദ് കളിപഠിപ്പിച്ച പൊലീസുകാരന്റെ മകനാണ് അഹമ്മദ് ഇമ്രാനാനെന്ന പത്തൊമ്പതുകാരൻ. തിരുവനന്തപുരം എസ്.എ.പി മുൻ സബ് ഇൻസ്പെക്ടർ സുഹറാജിയുടെ മകൻ. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തൃശൂർ ടൈറ്റൻസിനായി ഇറങ്ങിയ താരം ആലപ്പിക്കെതിരെ അർധ സെഞ്ച്വറിയും കാലിക്കറ്റിനെതിരെ സെഞ്ച്വറിയും നേടി. കെ.സി.എല്ലിലെ ആദ്യ സെഞ്ച്വറി വിശേഷങ്ങളുമായി ഇമ്രാൻ.
ആദ്യ കെ.സി.എല്ലിലെ എമർജിങ് പ്ലയർ
കേരള ക്രിക്കറ്റ് ലീഗ് വരുന്നതിന് മുമ്പ് ട്വന്റി ട്വന്റിയൊന്നും കളിച്ച് അധിക പരിചയമില്ലായിരുന്നു. അതുകൊണ്ട് പൊരുത്തപ്പെടാൻ മൂന്ന് നാല് മത്സരങ്ങൾ വേണ്ടിവന്നു. ഒരു അർധ സെഞ്ച്വറിയടക്കം 230 റൺസും അഞ്ച് വിക്കറ്റുമാണ് കഴിഞ്ഞ സീസണിൽ നേടാനായത്.
രണ്ടാം സീസണിലേക്കുള്ള തയ്യാറെടുപ്പുൾ
ആദ്യ സീസണിൽ സ്വീപ്, റിവേഴ്സ് സ്വീപ്, സ്കൂപ്പ് ഇങ്ങനെ പുറകിലേക്കിറങ്ങിയുള്ള ഷോട്ടുകൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ഇത്തവണ ഫ്രണ്ട് ഫൂട്ടിൽ കളിക്കുന്ന ഷോട്ടുകൾ കൂടുതലായി കളിക്കുകയും സ്വീപ്, റിവേഴ്സ് സ്വീപ്, സ്കൂപ്പ് ഷോട്ടുകൾക്ക് കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. 19 കാരനായ ഞാൻ കളിക്കുന്നത് 26 മുതൽ 28 വയസുള്ളവരോടാണ്. സ്വാഭാവികമായും അവരുടെ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടായിരുന്നു. അതിനാൽ ഫിറ്റ്നസ് നന്നായി മെച്ചപ്പെടുത്തി. വിക്കറ്റുകൾക്കിടയിലെ ഓട്ടം മെച്ചപ്പെടുത്താൻ അത് ലറ്റിക് പരിശീലകനായ കിരൺലാലിന് കീഴിലും പരിശീലിച്ചു.
രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി
ആലപ്പിക്കെതിരെയും കാലിക്കറ്റിനെതിരെയുമുള്ള മത്സരങ്ങൾക്ക് മുമ്പായി ഏത് ബൗളറെ എങ്ങനെ കളിക്കണം, എവിടെ കളിക്കണമെന്നൊക്കെ ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. നല്ല ബൗളേഴ്സ് മുന്നിൽ വരുമ്പോഴാണ് ഒരു ബാറ്ററെന്ന നിലയിൽ എനിക്ക് ഊർജം ലഭിക്കുന്നത്. കാരണം പ്രമുഖരെ അടിക്കുമ്പോഴാണ് അടിക്കുന്ന ബാറ്ററെ സെലക്ടർമാരും ഐ.പി.എൽ ഫ്രാഞ്ചൈസികളും ശ്രദ്ധിക്കൂ. രഞ്ജിയിൽ മാത്രം 400 വിക്കറ്റുകളുള്ള ജലജ് സക്സേനയെന്ന താരത്തെ അടിക്കുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ആര് എറിയുന്നുവെന്നതിലല്ല, അവർ എറിയുന്ന പന്തിനെ കളിക്കുക എന്നതിൽ മാത്രമാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്.
ബുദ്ധിമാനായ ക്രിക്കറ്റർ
ട്വന്റി ട്വന്റി മത്സരത്തിൽ പവർ ഹിറ്റിങ്ങിലൂടെയും ബുദ്ധിയുപയോഗിച്ചും റണ്ണടിക്കാം. ഞാൻ രണ്ടാമത്തെ വിഭാഗത്തിൽ കളിക്കുന്ന താരമാണ്. എന്റെ കരുത്ത് എന്താണോ അതിനനുസരിച്ചാണ് ഞാൻ മത്സരം മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യ ബാൾ സിക്സടിച്ചാലും അടുത്ത മൂന്ന് പന്തുകളിൽ റൺ വന്നില്ലെങ്കിൽ അവിടെ മുൻതൂക്കം ബൗളറിനാണ്. റിസ്ക് ഇല്ലാതെ ഓരോവറിൽ 10 മുതൽ 12 റൺസ് അടിക്കാം എന്നതിലാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. അപ്പോഴും അടിക്കേണ്ട പന്തുകൾ അടിച്ചിരിക്കും.
18ാം വയസിൽ രഞ്ജിയിലെ അരങ്ങേറ്റം
ബേസിൽ തമ്പിക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഗുജറാത്തിനെതിരെ സെമിയിൽ അവസരം ലഭിച്ചത്. കൂച്ച് ബെഹാർ ട്രോഫിയിൽ 500 ന് മുകളിലും സി.കെ. നായിഡു ടൂർണമെന്റിൽ 400 മുകളിലും റൺസ് നേടിയതിനാൽ എന്റെ കളിയെക്കുറിച്ച് കോച്ച് അമേയ് ഖുറേഷിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരു സമ്മർദവും അദ്ദേഹം എനിക്ക് നൽകിയിരുന്നില്ല. അതുകൊണ്ടാകും രഞ്ജിയിൽ നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്താൻ സാധിച്ചത്.
കേരള കോച്ച് അമേയ് ഖുറേഷിയുടെ സ്വാധീനം
എല്ലാ ബാളിലും ബാറ്റ് വീശി കളിക്കുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ ചിലസമയങ്ങളിൽ ബാറ്റ് ഒതുക്കി കളിക്കേണ്ടിവരുമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. മധ്യനിരയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്നയാളാണ് ഞാൻ. പക്ഷേ കഴിഞ്ഞ രണ്ട് രഞ്ജി ക്യാമ്പ് കഴിഞ്ഞതോടെ ഓപണിങ്ങിലേക്ക് ബാറ്റ് ചെയ്യാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ന്യൂബാളിൽ രാവിലെ എങ്ങനെ കളിക്കണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതരികയാണ് ഇപ്പോൾ.
കെ.സി.എൽ കൊണ്ടുണ്ടായ ഗുണം
രണ്ടുവർഷം മുമ്പ് വരെ ഒരു അച്ചടക്കമുള്ള കളിക്കാരനായിരുന്നില്ല ഞാൻ. കിട്ടുന്ന എന്തും വാരിവലിച്ച് കഴിക്കുന്ന, ജിമ്മിലൊന്നും കൃത്യമായി പോകാത്ത ഒരാൾ. കെ.സി.എൽ ആദ്യ സീസണോടെ അതൊക്കെ മാറി. വയ്യെങ്കിലും,ക്ഷീണമുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും ജിമ്മിൽ ചെലവഴിക്കും ക്രിക്കറ്റിൽ നിന്ന് എന്തെങ്കിലും നേടണമെങ്കിൽ നമ്മൾ ക്രിക്കറ്റിനായി എന്തെങ്കിലും നൽകണമെന്ന് പരിശീലകൻ അജയ് പ്രസാദ് സർ പറയുമായിരുന്നു. ഇപ്പോഴാണ് അതിന്റെ അർഥം മനസിലായത്.
സ്വപ്നം
ഐ.പി.എല്ലിലും ഇന്ത്യൻ ദേശീയ ടീമിലും കയറണം. ഏത് ഫോർമാറ്റിലും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിവുള്ള ബാറ്ററാണെന്ന് തെളിയിക്കണം.