വീണ്ടും വെടിക്കെട്ട്, വീണ്ടും സെഞ്ച്വുറി; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഡിവില്ലിയേഴ്സിന് രണ്ടാം ശതകം
text_fieldsലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ രണ്ടാം വെടിക്കെട്ട് സെഞ്ച്വുറിയുമായി ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്. ആസ്ട്രേലിയ ചാമ്പ്യൻസിനെതിരെ നടന്ന മത്സരത്തിൽ 39 പന്തിലാണ് സൂപ്പർതാരം സെഞ്ചുറി തികച്ചത്. 46 പന്തില്‍ 123 റണ്‍സടിച്ച ഡിവില്ലിയേഴ്സ് 15 ഫോറും എട്ട് സിക്സും പറത്തിയാണ് കളം വിട്ടത്. താരത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെയും ഡിവില്ലിയേഴ്സ് സെഞ്ച്വുറി തികച്ചിരുന്നു. 41 പന്തിലായിരുന്നു അന്നത്തെ മിന്നും പ്രകടനം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ഓപ്പണര്‍മാരായി ഇറങ്ങിയ സ്മട്സും ഡിവില്ലിയേഴ്സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 187 റണ്‍സടിച്ച് കൂട്ടി.
സെഞ്ച്വുറിക്ക് പിന്നാലെ പതിനാലാം ഓവറില്‍ പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ ഡാര്‍സി ഷോര്‍ട്ടിന് ക്യാച്ച് നല്‍കിയാണ് ഡിവില്ലിയേഴ്സ് പുറത്തായത്. ഡിവില്ലിയേഴ്സ് പുറത്തായശേഷം തകര്‍ത്തടിച്ച സ്മട്സ് 53 പന്തില്‍ 85 റണ്‍സും നേടി.