'കുട്ടിയായിരുന്നപ്പോൾ സ്റ്റേഡിയത്തിൽ കയറാൻ അനുവാദമില്ലായിരുന്നു'; തന്‍റെ പേരിലുള്ള സ്റ്റാൻഡിൽ അഭിമാനമെന്ന് രോഹിത് ശർമ
text_fieldsഇന്ത്യയിലെ ഏറ്റവും ഐക്കോണിക്ക് സ്റ്റേഡിയമായ വാങ്കഡെയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിൽ സ്റ്റാൻഡ് സ്ഥാപിക്കുന്നുണ്ട്. വാങ്കഡെയിൽ ഒരു പവലിയൻ ഇനി രോഹിത് ശർമ സ്റ്റാൻഡ് എന്നറിയപ്പെടുന്നതിൽ വലിയ അഭിമാനമാണെന്ന് രോഹിത് ശർമ പറഞ്ഞു. കുട്ടിക്കാലത് സ്റ്റേഡിയത്തിലേക്ക് കയറാൻ പോലും അനുവാദമില്ലാത്തിടത്ത് നിന്നും ഇവിടെ വരെ എത്തിയത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറയുന്നു.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗത്തിൽ വാങ്കഡെ സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് രോഹിതിന്റെ പേര് നൽകാനുള്ള നിർദ്ദേശം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. രോഹിത്തിനൊപ്പം, ഇന്ത്യൻ ബാറ്റിങ് ഇതിഹാസം അജിത് വഡേക്കർ, മുൻ ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാർ എന്നിവരുടെയും സ്റ്റാൻഡുകൾ സ്റ്റേഡിയത്തിൽ അവരുടെ പേരിൽ സ്ഥാപിക്കും.
'ഇതൊരു വലിയ ബഹുമതിയാണ്, ചെറുപ്പത്തിൽ ഞങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് വരാൻ അനുവാദം ലഭിച്ചിരുന്നില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, എന്റെ മുഴുവൻ ക്രിക്കറ്റും ഇവിടെ കളിച്ചതിനാൽ, ഇപ്പോൾ ആ സ്റ്റാൻഡ് ഉണ്ടായിരിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. ആ പേര് ഉയർന്നുവരുമ്പോഴെല്ലാം, എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല,' സി.എസ്.കെക്കെതിരെയുള്ള മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.
അതേസമയം സി.എസ്.കെക്ക് എതിരെ പ്ലെയർ ഓഫ് ദി മാച്ചായാണ് രോഹിത് മുംബൈയെ വിജയത്തിലെത്തിച്ചത്. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
45 പന്തിൽ ആറു സിക്‌സും നാല് ഫോറുമുൾപ്പെടെ 76 റൺസെടുത്ത രോഹിതും 30 പന്തിൽ അഞ്ച് സിക്സും ആറും ഫോറും ഉൾപ്പെടെ 68 റൺസെടുത്ത സൂര്യകുമാറും ചെന്നൈ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. 19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിൻ്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് വീഴ്ത്താനായത്.