ഏഷ്യാകപ്പ് മത്സരക്രമമായി; ഇന്ത്യ -പാകിസ്താൻ പോരാട്ടം സെപ്റ്റംബർ 14ന്, ഫൈനൽ 28ന്
text_fieldsമുംബൈ: സെപ്റ്റംബറിൽ നടക്കുന്ന ഇക്കൊല്ലത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പത് മുതൽ 28 വരെ നടക്കുന്ന ടൂർണമെന്‍റിന് യു.എ.ഇയാണ് വേദിയാകുന്നത്. എന്നാൽ നടത്തിപ്പു ചുമതല ബി.സി.സി.ഐക്കാണ്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ മാറ്റുരക്കുന്ന ഏഷ്യാകപ്പ് ഇത്തവണ ട്വന്‍റി20 ഫോർമാറ്റിലാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യ, പാകിസ്താൻ, ഒമാൻ, യു.എ.ഇ എന്നീ ടീമുകൾ എ ഗ്രൂപ്പിലും ബംഗ്ലാദേശ്, ഹോങ്കോങ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകൾ ബി ഗ്രൂപ്പിലും അണിനിരക്കും. സെപ്റ്റംബർ ഒമ്പതിന് ബംഗ്ലാദേശ് - ഹോങ്കോങ് പോരാട്ടത്തോടെയാണ് ടൂർണമെന്‍റിന് തുടക്കമാകുക. ഓരോ ഗ്രൂപ്പിൽനിന്നും മികച്ച രണ്ട് ടീമുകൾ വീതം ‘സൂപ്പർ ഫോർ’ റൗണ്ടിലെത്തും. അതിൽനിന്ന് മികച്ച ടീമുകൾ 28ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ഒമാൻ, 19ന് യു.എ.ഇ ടീമുകളെയും ഇന്ത്യ നേരിടും. ഇന്ത്യയും പാകിസ്താനും സൂപ്പർഫോറിലെത്തിയാൽ 21ന് വീണ്ടും മത്സരിക്കും.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനുമായി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മേഖലയിലും പാകിസ്താനുമായി സഹകരിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനം കായികമേഖലയെയും ബാധിച്ചിരുന്നു. ധാക്കയിൽ വ്യാഴാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വാർഷിക പൊതുയോഗത്തിൽ ഏഷ്യാ കപ്പിനെക്കുറിച്ച് ചർച്ച ചെയ്തു, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ വെർച്വലായി പങ്കെടുത്തു.
ദുബൈയും അബൂദബിയും സാധ്യതയുള്ള സ്ഥലങ്ങളായി തിരിച്ചറിഞ്ഞുകൊണ്ട്, ടൂർണമെന്റ് നിഷ്പക്ഷ വേദിയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പിരിമുറുക്കത്തെത്തുടർന്ന് ടൂർണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പായാണ് ഏഷ്യാകപ്പിനെ ടീമുകൾ കാണുന്നത്.