യു.എ.ഇയെ 57 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; കുൽദീപിന് നാലു വിക്കറ്റ്
text_fieldsദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ യു.എ.ഇയെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 13.1 ഓവറിൽ 57 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റും ശിവം ദുബൈ മൂന്നും വിക്കറ്റും നേടി. യു.എ.ഇ നിരയിൽ ഓപ്പണർമാരായ അലിഷാൻ ഷറഫുവിനും മുഹമ്മദ് വസീമിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 17 പന്തിൽ 22 റൺസെടുത്ത അലിഷാനെ ബൗൾഡാക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നായകൻ കൂടിയായ വസീം 22 പന്തിൽ 19 റൺസെടുത്തു. മുഹമ്മദ് സുഹൈബ് (അഞ്ചു പന്തിൽ രണ്ട്), രാഹുൽ ചോപ്ര (ഏഴു പന്തിൽ മൂന്ന്), ആസിഫ് ഖാൻ (ഏഴു പന്തിൽ രണ്ട്), ഹർഷിത് കൗശിക് (രണ്ടു പന്തിൽ രണ്ട്), ധ്രുവ് പരാശർ (ഏഴു പന്തിൽ ഒന്ന്), സിമ്രാൻജീത് സിങ് (അഞ്ചു പന്തിൽ ഒന്ന്), ഹൈദർ അലി (രണ്ടു പന്തിൽ ഒന്ന്), ജുനൈദ് സിദ്ദീഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റോഹിദ് ഖാൻ രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു.
വിക്കറ്റൊന്നും നഷ്ടമില്ലാതെ 26 റൺസെന്ന നിലയിൽനിന്നാണ് യു.എ.ഇ 57 റൺസിന് തകർന്നടിഞ്ഞത്. 31 റൺസെടുക്കുന്നതിനിടെയാണ് പത്തു വിക്കറ്റുകളും നഷ്ടമായത്. ഏഷ്യ കപ്പ് ട്വന്‍റി20യിൽ യു.എ.ഇയുടെ ഏറ്റവും ചെറിയ സ്കോറാണിത്. ടൂർണമെന്‍റിൽ ഒരു ടീമിന്‍റെ രണ്ടാമത്തെ ചെറിയ സ്കോറും. 2.1 ഓവറിൽ ഏഴു റൺസ് വഴങ്ങിയാണ് കുൽദീപ് നാലു വിക്കറ്റ് വീഴ്ത്തിയത്. ശിവം ദുബെ രണ്ടു ഓവറിൽ നാലു റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലുണ്ട്. വിക്കറ്റ് കീപ്പറായ സഞ്ജു മധ്യനിരയിലാകും ബാറ്റിങ്ങിന് ഇറങ്ങുക. ഉപനായകന്റെ അധിക ചുമതലയോടെ ട്വന്റി20 സംഘത്തിൽ തിരിച്ചെത്തിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്നിങ്സ് ഓപൺ ചെയ്യും. ഗില്ലിന്‍റെ വരവോടെ സഞ്ജു ബെഞ്ചിലിരിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ.
തുടർച്ചയായി 15 മത്സരങ്ങൾക്കുശേഷമാണ് ഇന്ത്യയെ ടോസ് ഭാഗ്യം തുണക്കുന്നത്. സൂര്യകുമാർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കെതിരെ ഇതുവരെ മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമാണ് ഇന്ത്യ കളിച്ചത്. നാലിലും ജയിച്ചു. 2016ൽ ബംഗ്ലാദേശിലെ മിർപുരിൽ നടന്ന ഏഷ്യ കപ്പ് മത്സരമാണ് ഏക ട്വന്റി20. അന്ന് ഒമ്പത് വിക്കറ്റിനായിരുന്നു രോഹിത് ശർമ നയിച്ച ടീമിന്റെ വിജയം. മുൻ ഇന്ത്യൻ താരമായ ലാൽചന്ദ് രജ്പുത് പരിശീലിപ്പിക്കുന്ന യു.എ.ഇ സംഘത്തിൽ ചില മികച്ച താരങ്ങളുണ്ട്.
ഓപണിങ് ബാറ്ററായ മുഹമ്മദ് വസീമാണ് ക്യാപ്റ്റൻ. ഏഷ്യ കപ്പ് മുന്നൊരുക്കമെന്നോണം ഇയ്യിടെ ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ജയിക്കാനായില്ലെങ്കിലും പാകിസ്താനും അഫ്ഗാനിസ്താനുമെതിരെ ശ്രദ്ധേയ പ്രകടനമാണ് യു.എ.ഇ നടത്തിയത്. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും. മറ്റ് ടീമുകളായ പാകിസ്താനെ സെപ്റ്റംബർ 14നും ഒമാനെ 19നും മെൻ ഇൻ ബ്ലൂ നേരിടും.