ഇംഗ്ലണ്ട് 241ന് പുറത്ത്, ഓസീസ് ജയം 65 റൺസ് അകലെ; നേസറിന് അഞ്ചു വിക്കറ്റ്
text_fieldsബ്രിസ്ബേൻ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല! ആഷസിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് വമ്പൻ തോൽവിയിലേക്ക്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 241 റൺസിൽ അവസാനിച്ചു. ബ്രിസ്ബേനിൽ ഒന്നര ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ ആസ്ട്രേലിയക്ക് വിജയലക്ഷ്യം 65 റൺസ് മാത്രം.
നാലാം ദിനം ആദ്യ സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും വിൽ ജാക്സും അൽപം ചെറുത്തുനിന്നത് മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സിന് ആയുസ്സ് നീട്ടികൊടുത്തത്, പക്ഷേ അതുകൊണ്ടൊന്നും അനിവാര്യമായ തോൽവി ഒഴിവാക്കാനായില്ല.
മൈക്കൽ നേസറിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലീഷുകാരെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. നായകൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 152 പന്തിൽ 50 റൺസെടുത്തു. വിൽ ജാക്സ് 92 പന്തിൽ 41 റൺസെടുത്തും പുറത്തായി. ഗസ് അറ്റ്കിൻസ് (13 പന്തിൽ മൂന്ന്), ബ്രൈഡൻ കാർസെ (10 പന്തിൽ ഏഴ്) എന്നിവരാണ് നാലാംദിനം പുറത്തായ മറ്റു താരങ്ങൾ. അഞ്ചു റൺസുമായി ജൊഫ്ര ആർച്ചർ പുറത്താകാതെ നിന്നു.
ആറ് വിക്കറ്റിന് 134 റൺസെന്നനിലയിലാണ് നാലാംദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. ബെൻ ഡക്കറ്റ് (15), ഒലി പോപ്. സാക് ക്രൗളി (44), ജോ റൂട്ട് (15), ഹാരി ബ്രൂക്ക് (15), ജാമി സ്മിത്ത് (4) എന്നിവരുടെ വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു. 177 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. മൂന്നാം ദിനം ആറ് വിക്കറ്റിന് 378 എന്നനിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 511ന് പുറത്തായി. 77 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ടോപ് സ്കോറർ. നേരത്തേ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334ൽ അവസാനിച്ചിരുന്നു.
ജേക്ക് വെതർലാൻഡ് (72), മാർനസ് ലബൂഷെയ്ൻ (65), സ്റ്റീവൻ സ്മിത്ത് (61), അലക്സ് ക്യാരി (63) എന്നിവരാണ് സ്റ്റാർക്കിനു പുറമെ അർധശതകം നേടിയ ഓസീസ് ബാറ്റർമാർ. 21 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാലും വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റും നേടി. ആദ്യ ടെസ്റ്റിൽ ഓസീസ് ജയിച്ചിരുന്നു.


