ആഷസിൽ മാനംകാത്ത് ഇംഗ്ലണ്ട്; മൂന്ന് തോൽവികൾക്കു ശേഷം ജയം, മെൽബണിൽ ഓസീസിനെ തകർത്തത് നാല് വിക്കറ്റിന്
text_fieldsഇംഗ്ലിഷ് താരങ്ങളായ സാക് ക്രൗലിയും ജേക്കബ് ബെതേലും ബാറ്റിങ്ങിനിടെ
മെൽബൺ: ജയ-പരാജയ സാധ്യതകൾ മാറിമറിഞ്ഞ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് വിജയം. ആസ്ട്രേലിയ ഉയർത്തിയ 175 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് ദിവസത്തെ കളി ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 40 റൺസ് നേടിയ ജേക്കബ് ബെതേലാണ് നാലാം ഇന്നിങ്സിലെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ 42 റൺസിന്‍റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് മത്സരം തിരികെ പിടിച്ചത്. മൂന്നുമത്സരങ്ങൾ തോറ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ആദ്യ ജയമാണിത്. സ്കോർ: ആസ്ട്രേലിയ - 152 & 132, ഇംഗ്ലണ്ട് - 110 & ആറിന് 178.
175 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ബാസ്ബാൾ ശൈലിയിൽ തകർത്തടിച്ചതോടെ, ഒന്നാം വിക്കറ്റിൽ ഏഴോവറിൽ 51 റൺസ് പിറന്നു. ബെൻ ഡക്കറ്റിനെ (34) ബൗൾഡാക്കി മിച്ചൽ സ്റ്റാർക്കാണ് ആദ്യ വിക്കറ്റ് പിഴുതത്. ആറ് റൺസെടുത്ത ബ്രൈഡൻ കാഴ്സിനെ, ജേ റിച്ചാർഡ്സൻ കാമറൂൺ ഗ്രീനിന്‍റെ കൈകളിലെത്തിച്ചു. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ സാക് ക്രൗലിയെ (37) സ്കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നിൽ കുരുക്കി.
40 റൺസ് നേടിയ ജേക്കബ് ബെതേലിനെ ബോളണ്ട് ഉസ്മാൻ ഖ്വാജയുടെ കൈകളിലെത്തിച്ചെങ്കിലും സ്കോർ 137ൽ എത്തിയിരുന്നു. ജോ റൂട്ട് 15 റൺസ് നേടി പുറത്തായി. ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (2) വീണ്ടും നിരാശപ്പെടുത്തി. ഹാരി ബ്രൂക്കും (18*) ജേമി സ്മിത്തും (3*) ചേർന്ന് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു.
ആസ്ട്രേലിയ 132ന് പുറത്ത്
വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് സ്കോർ 22ൽ നിൽക്കേ സ്കോട്ട് ബോളണ്ടിന്‍റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റൺസ് നേടിയ ട്രാവിസ് ഹെഡല്ലാതെ ഒരാൾക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനെ കൂടാതെ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (24*) കാമറൂൺ ഗ്രീനും (19*) മാത്രമാണ് രണ്ടക്കം കടന്നത്. ഉസ്മാൻ ഖ്വാജ, മൈക്കൽ നെസെർ, മിച്ചൽ സ്റ്റാർക്ക് എന്നിവർ സംപൂജ്യരായി മടങ്ങി. ജേക്ക് വെതർലാൻഡ് (5), മാർനഷ് ലബൂഷെയ്ൻ (8), അലക്സ് കാരി (4), ജേ റിച്ചാർഡ്സൻ (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാലും ബെൻ സ്റ്റോക്സ് മൂന്നും വിക്കറ്റുകൾ നേടി.
ഇരുടീമുകളുടെയും ഒന്നാം ഇന്നിങ്സ് ആദ്യദിനം അവസാനിച്ചിരുന്നു. ആസ്ട്രേലിയ 152 റൺസിനും ഇംഗ്ലണ്ട് 110 റൺസിനുമാണ് ആദ്യ ഇന്നിങ്സിൽ പുറത്തായത്. 20 വിക്കറ്റുകൾ വീണ ദിവസം കളി കാണാൻ റെക്കോഡ് കാണികളാണ് മെൽബണിലെത്തിയത്.


