ആഷസ് രണ്ടാം ടെസ്റ്റിൽ ഓസീസിന് എട്ട് വിക്കറ്റ് ജയം; പരമ്പരയിൽ 2-0 ന് മുന്നിൽ
text_fieldsഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് തികച്ച ആസ്ട്രേലിയൻ ബൗളർ മൈക്കൽ നേസർ
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തോൽവിയേറ്റുവാങ്ങി ഇംഗ്ലണ്ട്. ആസ്ട്രേലിയ നേടിയത് എട്ട് വിക്കറ്റ് ജയം. നാലാം ദിനം ഇംഗ്ലീഷുകാർ കുറിച്ച 65 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ 2-0ത്തിന് ലീഡ് പിടിച്ചു ആതിഥേയർ. സ്കോർ: ഇംഗ്ലണ്ട് 334 & 241, ആസ്ട്രേലിയ 511 & 69/2. രണ്ട് ഇന്നിങ്സിലുമായി ആകെ എട്ട് വിക്കറ്റ് വീഴ്ത്തുകയും 77 റൺസ് നേടുകയും ചെയ്ത മിച്ചൽ സ്റ്റാർക്കാണ് കളിയിലെ കേമൻ. മൂന്നാം ടെസ്റ്റ് ഡിസംബർ 17 മുതൽ അഡലെയ്ഡിൽ.
ഞായറാഴ്ച ആറ് വിക്കറ്റിന് 134 റൺസിൽ പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 241ൽ അവസാനിച്ചു. ആദ്യ സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും വിൽ ജാക്സും അൽപം ചെറുത്തുനിന്നത് മാത്രമാണ് ആയുസ്സ് നീട്ടിക്കൊടുത്തത്. പക്ഷേ, അതുകൊണ്ടൊന്നും അനിവാര്യമായ തോൽവി ഒഴിവാക്കാനായില്ല. 50 റൺസെടുത്ത സ്റ്റോക്സാണ് ടോപ് സ്കോറർ. വിൽ ജാക്സ് 41 റൺസെടുത്ത് പുറത്തായി. ഗസ് അറ്റ്കിൻസൻ (3), ബ്രൈഡൻ കാർസെ (7) എന്നിവർ വേഗത്തിൽ മടങ്ങിപ്പോൾ അഞ്ചു റൺസുമായി ജൊഫ്ര ആർച്ചർ പുറത്താകാതെനിന്നു. പേസർ മൈക്കൽ നേസറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സ്റ്റാർക്കും സ്കോട്ട് ബോളണ്ടും രണ്ടുപേരെ വീതം മടക്കി.
ബെൻ ഡക്കറ്റ് (15), ഒലി പോപ്. സാക് ക്രൗളി (44), ജോ റൂട്ട് (15), ഹാരി ബ്രൂക്ക് (15), ജാമി സ്മിത്ത് (4) എന്നിവരുടെ വിക്കറ്റ് തലേന്ന് നഷ്ടമായിരുന്നു.
177 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. ചെറിയ ലക്ഷ്യത്തിലേക്ക് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപണർ ട്രാവിസ് ഹെഡ് (22) അറ്റ്കിൻസൺ എറിഞ്ഞ ആറാം ഓവറിൽ ബൗൾഡായി. സ്കോർ ബോർഡിൽ അപ്പോൾ 37. തന്റെ തൊട്ടടുത്ത ഓവറിൽ അറ്റ്കിൻസൺ മാർനസ് ലബൂഷാനിനെ (3) മടക്കി. 41ൽ രണ്ടാം വിക്കറ്റ് വീണെങ്കിലും തുടർന്നെത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ 23 നോട്ടൗട്ട്) തകർത്തടിച്ച 10ാം ഓവറിൽ ടീമിന് ജയം സമ്മാനിച്ചു. ഓപണർ ജേക് വെതാറാൾഡ് 17 റൺസുമായും പുറത്താവാതെ നിന്നു.


