‘ലോകകപ്പ് കളിക്കാൻ ബംഗ്ലാ താരങ്ങൾക്ക് താൽപര്യമുണ്ട്, എന്നാൽ ഇന്ത്യ സുരക്ഷിതമല്ല’; അദ്ഭുതത്തിനായി കാത്തിരിക്കുന്നുവെന്ന് ബി.സി.ബി
text_fieldsധാക്ക: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതോടെ ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ‘അദ്ഭുതം’ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ബി.സി.ബി പ്രസിഡന്റ് അമിനുൾ ഇസ്ലാം പ്രതികരിച്ചു.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബംഗ്ലാദേശ് സർക്കാറുമായി ബി.സി.ബി പ്രസിഡന്റ് ചർച്ച നടത്തും. ബംഗ്ലാദേശ് താരങ്ങൾക്ക് ലോകകപ്പ് കളിക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമേ യാത്ര തിരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാറുമായി സംസാരിക്കാൻ സമയം നൽകണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. 24 മുതൽ 48 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാനാണ് അവർ പറഞ്ഞത്.
സർക്കാറിനുമേൽ ഒരുപാട് സമ്മർദം ചെലുത്താൻ എനിക്ക് കഴിയില്ല. ബംഗ്ലാ താരങ്ങൾക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് ഞങ്ങൾക്കറിയാം. ശ്രീലങ്കയിലേക്ക് വേദി മാറ്റണമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും. സർക്കാറുമായി ഒരുതവണ കൂടി ചർച്ച നടത്തി ഐ.സി.സിയെ വിവരം അറിയിക്കും. ലോകകപ്പ് കളിക്കണമെന്നാണ് എല്ലാവർക്കും ആഗ്രഹം. ഐ.സി.സിയുടെ ഭാഗത്തുനിന്ന് അദ്ഭുതം സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു” -അമിനുൾ ഇസ്ലാം പറഞ്ഞു.
ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ഐസിസി ബംഗ്ലാദേശിന് 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയേക്കും. ഇന്ത്യയിൽ കളിക്കുന്നത് തങ്ങളുടെ താരങ്ങൾക്ക് സുരക്ഷിതമല്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും ഐ.സി.സി അത് അംഗീകരിച്ചില്ല.
ലോകകപ്പ് വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിൽ വിലയിരുത്തി. നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ മത്സരങ്ങൾ നടക്കുമെന്നും, മത്സരങ്ങൾ മാറ്റുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ കളിക്കാൻ വിമുഖത കാണിക്കുന്ന ബംഗ്ലാദേശിന് ഐ.സി.സിയിൽനിന്ന് അനുകൂല തീരുമാനം ലഭിക്കാത്തതിനാൽ, ലോകകപ്പിൽനിന്ന് അവർ പിന്മാറുമോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.


