ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ബേസിൽ തമ്പി
text_fieldsപെരുമ്പാവൂര്‍: ഐ.പി.എല്‍ മത്സരങ്ങളിലൂടെയും ആഭ്യന്തര ക്രിക്കറ്റുകളിലൂടെയും ശ്രദ്ധേയനായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയിലിടം പിടിച്ചതിന്റെ അഭിമാനത്തിലാണ് കൂട്ടുകാരും നാട്ടുകാരുമെല്ലാം. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി സ്വദേശിയാണ്. 2017 ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച ബേസില്‍ രഞ്ജിയിൽ സെമിയിലും ഫൈനലിലും മാറ്റുരച്ചില്ലെങ്കിലും ടീമിന്റെ ഭാഗമായിരുന്നു.
2017 ഐ.പി.എല്‍ സീസണില്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടിയ ബേസിൽ 1993 സെപ്റ്റംബര്‍ 11ന് എം.എം. തമ്പി, ലിസി ദമ്പതികളുടെ മകനായാണ് ജനിച്ചത്. സിനുവാണ് സഹോദരി. പ്രളയക്കാട് സ്വദേശിനി സ്നേഹയാണ് ഭാര്യ.
ഒന്ന് മുതല്‍ 10-ാം ക്ലാസ് വരെ പഠിച്ചത് പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിലായിരുന്നു. കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കന്ഡറിയിലായിരുന്നു പ്ലസ് ടു പഠനം. തൊടുപുഴ ന്യൂമാന്‍ കോളജിലും സെന്റ് പോള്‍സ് കോളജിലും ഡിഗ്രി പൂര്‍ത്തിയാക്കി. ഇതിനിടെ എം.ആര്.എഫില്‍ ജോലിയില്‍ പ്രവേശിച്ചു. സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന്റെ തോൽവിയിൽ നിർണായകമായതെന്ന് ബേസിലിന്റെ പിതാവ് തമ്പി വ്യക്തമാക്കി. ക്രിക്കറ്റ് ഒരു തപസ്യയാക്കി ജീവിച്ചതിന്റെ ഫലമായാണ് ഈ നേട്ടങ്ങളിലേക്കെത്തിച്ചതെന്ന് നാട്ടുകാരും പറയുന്നു.