Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 പരമ്പര...

ട്വന്‍റി20 പരമ്പര തോൽവി; ഇന്ത്യൻ ടീമിനെ ‘പൊളിച്ചടുക്കാൻ’ ബി.സി.സി.ഐ, ഗംഭീറും തെറിക്കുമോ?

text_fields
bookmark_border
Indian Cricket Team
cancel

മുംബൈ: അയർലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനോടും ട്വന്‍റി20 പരമ്പര തോറ്റ ഇന്ത്യൻ ടീമിനെ അടിമുടി പൊളിച്ചെഴുതാൻ ബി.സി.സി.ഐ. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരം തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും പ്രകടനം ബി.സി.സി.ഐ വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. 2027 വരെ കാലാവധിയുള്ള ഗംഭീറിനു കീഴിൽ അടുത്തകാലത്തായി ടീമിന്‍റെ പ്രകടനം അത്ര ആശാവഹമല്ല. 2026ലെ ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ ശേഷം ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാമത്തെ പരമ്പര തോൽവിയാണിത്. അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര പൂർണമായും അടിയറവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് അയർലൻഡിനോട് പരമ്പര തോൽക്കുന്നത്. പുതിയ ട്വന്‍റി20 നായകൻ ശ്രേയസ് അയ്യർക്കു കീഴിൽ ടീമിന് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ മാറ്റിയാണ് ശ്രേയസിനെ ക്യാപ്റ്റനാക്കിയത്.

ഇന്ത്യക്കെതിരെ രണ്ട് മത്സരങ്ങളിൽ കൂടുതലുള്ള ഒരു പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പരമ്പര സ്വന്തമാക്കുന്നത്. നാലാം ട്വന്‍റി20യിൽ ഒമ്പത് വിക്കറ്റിന്‍റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് പരമ്പരയിൽ 3-0ന് അപരാജിത ലീഡ് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ട്വന്‍റി20യിൽ നാല് വിക്കറ്റിന് തോറ്റ ഇന്ത്യ, മൂന്നാം മത്സരത്തിൽ 125 റൺസിനും വീണു.

“ടീം മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, ഈ പര്യടനം പൂർത്തിയായാൽ ടീമിന് എവിടെയാണ് വീഴ്ചപറ്റിയതെന്ന് മനസ്സിലാക്കാൻ തീർച്ചയായും അവലോകന യോഗം ചേരും” -ബി.സി.സി.ഐ സെക്രട്ടറി ദേബാജിത് സൈകിയ പറഞ്ഞു. ശ്രേയസും ഗൗതം ഗംഭീറും അവലോകനത്തിൽ പങ്കെടുക്കും. 2028 ട്വന്‍റി20 ലോകകപ്പ് മുന്നിൽ കണ്ടായിരുന്നു ശ്രേയസ്സിനെ നായക സ്ഥാനത്തേക്ക് കൊണ്ടുവന്നതും യുവതാരങ്ങളെ ടീമിലേക്ക് പരിഗണിച്ചതും. ക്യാപ്റ്റൻസി മാറ്റത്തിന് ശേഷം ടീമിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലെന്നത് ബി.സി.സി.ഐയെ അലട്ടുന്നുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പരാജയപ്പെടുന്നതാണ് അയർലൻഡിലും ഇംഗ്ലണ്ടിലും കണ്ടത്.

തുടർച്ചയായി വിദേശ പര്യടനങ്ങളിൽ തോൽവി വഴങ്ങിയതിലും വിമർശനം ശക്തമാണ്. അയർലൻഡിലും ഇംഗ്ലണ്ടിലും മികച്ച ഫോം കണ്ടെത്താൻ ടീമിന് സാധിക്കാത്ത സാഹചര്യത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന്റെ പ്രകടനം വിലയിരുത്താനാണ് നീക്കം. ടീം സെലക്ഷൻ, തന്ത്രപരമായ തീരുമാനം, വിദേശ സാഹചര്യങ്ങളിലെ പ്രകടനം, ലോകകപ്പിലേക്കുള്ള തയാറെടുപ്പുകൾ എന്നിവയെല്ലാം യോഗത്തിൽ ചർച്ചയാകും.

വിദേശ പിച്ചുകളിൽ വിജയിക്കാനുള്ള ഉച്ഛാശക്തി വളയർത്തിയെടുക്കേണ്ടത് താരങ്ങൾ തന്നെയാണെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സമ്മതിച്ചു. ടീമിലെ തിരിച്ചടി മാറ്റാനുള്ള ഉത്തരവാദിത്തം കളിക്കാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്‍റി20 ലോകകപ്പിന്റെയും 2028 ഒളിമ്പിക്സിന്റെയും തയാറെടുപ്പുകളിൽ നിർണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ യോഗത്തിൽ വലിയ തീരുമാനങ്ങളുണ്ടാകും.

Show Full Article
TAGS:BCCI Gautam Gambhir Shreyas Iyer 
News Summary - BCCI plans review meeting after India’s T20I series defeats against England, Ireland
Next Story