Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ലോകകപ്പ് നേടാൻ...

‘ലോകകപ്പ് നേടാൻ ഗില്ലിനെ മാറ്റി രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം’; ബി.സി.സി.ഐയോട് മുൻതാരം

text_fields
bookmark_border
‘ലോകകപ്പ് നേടാൻ ഗില്ലിനെ മാറ്റി രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം’; ബി.സി.സി.ഐയോട് മുൻതാരം
cancel
camera_altരോഹിത് ശർമയും ശുഭ്മൻ ഗില്ലും

മുംബൈ: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ശുഭ്മൻ ഗില്ലിനെ നീക്കി രോഹിത് ശർമയെ വീണ്ടും ക്യാപ്റ്റനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുൻതാരം മനോജ് തിവാരി രംഗത്ത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെയാണ് തിവാരിയുടെ രൂക്ഷമായ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം എന്തിനാണ് രോഹിത്തിനെ മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. രോഹിത് ക്യാപ്റ്റനാണെങ്കിൽ ലോകകപ്പ് ജയിക്കാൻ 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്നും ഇൻസൈഡ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞു.

“ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റൻസി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. 2027ലെ ലോകകപ്പിനായി ടീമിനെ ഒരുക്കാൻ ഇപ്പോഴേ തിരുത്തലുകൾ വരുത്തണം. രോഹിത് ശർമ ഗില്ലിനേക്കാൾ ഒരുപാട് മികച്ച ക്യാപ്റ്റനാണ്. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം എന്തിനാണ് രോഹിത്തിനെ മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തെ മാറ്റേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? അദ്ദേഹം ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ, ടീം ശരിയായ ദിശയിലാണ് മുന്നോട്ട് പോയിരുന്നത്.

രോഹിത് ടീമിനെ നയിച്ചിരുന്നെങ്കിൽ ന്യൂസിലൻഡിനെതിരായ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. ഗില്ലിന് കീഴിലും ഇന്ത്യക്ക് ലോകകപ്പ് നേടാൻ കഴിയുമായിരിക്കും. പക്ഷേ ഇരുവരുടെയും ക്യാപ്റ്റൻസി താരതമ്യം ചെയ്യാൻ ഞാൻ നിർദേശിക്കുന്നു. രോഹിത് ക്യാപ്റ്റനായാൽ, വിജയസാധ്യത എത്ര ശതമാനമുണ്ടാകും? രോഹിത് ക്യാപ്റ്റനാണെങ്കിൽ ലോകകപ്പ് ജയിക്കാൻ 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്ന് എല്ലാവരും പറയും. ഗില്ലിനേക്കാൾ ഒരുപാട് മികച്ചതാണ് രോഹിത്തിന്റെ നേതൃപാടവം” -തിവാരി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് രോഹിത്തിന് പകരം ഗിൽ നായകസ്ഥാനമേറ്റെടുത്തത്. എന്നാൽ ഗില്ലിന്റെ നേതൃത്വത്തിൽ കളിച്ച രണ്ട് ഏകദിന പരമ്പരകളിലും ഇന്ത്യ പരാജയപ്പെട്ടു. ആസ്‌ട്രേലിയയിലും ഇപ്പോൾ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരെയും ഇന്ത്യക്ക് പരമ്പര നഷ്ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് പരമ്പര ജയിക്കാനായത്. ടെസ്റ്റിൽ ഗില്ലിനു കീഴിൽ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾ മുൻനിർത്തി ക്യാപ്റ്റൻസിയിൽ അടിയന്തര മാറ്റം വേണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യം.

Show Full Article
TAGS:Shubman Gill Rohit Sharma BCCI 
News Summary - BCCI Told To Sack Shubman Gill As ODI Captain, Reappoint Rohit Sharma In Brutal Verdict
Next Story