ചാമ്പ്യൻ റൈഡേഴ്സ്
text_fieldsനിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണയും ഏറെ അപകടകാരികളാവുമെന്നതിൽ സംശയമില്ല. നാലാം ഐ.പി.എൽ കിരീടം ലക്ഷ്യംവെച്ചെത്തുന്ന കെ.കെ.ആർ ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചാമ്പ്യൻഷിപ് നേടിയ ടീമിന്റെ കാതൽ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിനൊപ്പം പോയപ്പോൾ വെറ്ററൻ ഇന്ത്യൻ ബാറ്റ്സ്മാൻ അജിൻക്യ രഹാനെക്കാണ് ടീമിനെ നയിക്കാനുള്ള പുതിയ ചുമതല.
കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിലെ പ്രധാന കളിക്കാരെ കെ.കെ.ആർ നിലനിർത്തിയിട്ടുണ്ട്. ഓൾറൗണ്ടർമാരായ സുനിൽ നരെയ്ൻ, ആൻഡ്രെ റസ്സൽ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, പവർ-ഹിറ്റർമാരായ റിങ്കു സിങ്, രമൺദീപ് സിങ്, പേസർ ഹർഷിത് റാണ എന്നിവരെല്ലാം കൊൽക്കത്തക്കൊപ്പംതന്നെയുണ്ട്. ആദ്യ മത്സരം മാർച്ച് 22: Vs റോയൽ ചലഞ്ചേഴ്സ്
ഓൾ റൗണ്ടേഴ്സ്...
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ‘ഓൾറൗണ്ടർ’ ടീമാണ് കൊൽക്കത്ത. സുനിൽ നരെയ്നും ആൻഡ്രെ റസ്സലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മാച്ച് വിന്നർമാരാണ്. കൂടാതെ ഇംഗ്ലീഷ് താരം മുഈൻ അലി, വെങ്കിടേഷ് അയ്യർ, അനുകുൽ റോയ്, രമൺദീപ് സിങ് എന്നിവരെല്ലാം മികച്ച ഓൾറൗണ്ടർമാരാണ്. ബാറ്റിങ്ങിൽ രാഹാനെക്കൊപ്പം ക്വിന്റൺ ഡി കോക്ക്, റഹ്മാനുല്ല ഗുർബാസ് എന്നിവർ ടോപ്പ് ഓർഡറിനെ കൂടുതൽ ശക്തമാക്കും. ലോ ഓർഡറിൽ റിങ്കു സിങ്ങും റോവ്മാൻ പവലും റസലും എത്തുന്നതോടെ കൊൽക്കത്തൻ ബാറ്റിങ് നിരയെ തകർക്കാൻ എതിർ ടീമുകൾ പാടുപെടും.
ബൗളിങ്ങിൽ സ്പിൻ നിരയാണ് അവരുടെ മേധാവിത്വം. നിഗൂഢ സ്പിൻ ബൗളർമാരായ നരെയ്നും വരുൺ ചക്രവർത്തിയും ചേർന്നുള്ള കോമ്പിനേഷൻ കൊൽക്കത്തക്ക് വലിയ ആത്മവിശ്വാസം പകരും. അതേസമയം, പേസ് നിരക്ക് വേണ്ടത്ര മൂർച്ചയില്ലാത്തത് നൈറ്റ് റൈഡേഴ്സിന്റെ പോരായ്മയാണ്. ആൻറിച്ച് നോർട്ട്ജെയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പേസ് ആക്രമണത്തിൽ മൊത്തത്തിൽ പരിചയക്കുറവുണ്ട്. ഹർഷിത് റാണ, ചേതൻ സക്കറിയ, സ്പെൻസർ ജോൺസൺ തുടങ്ങിയ യുവ പേസർമാരെയും ആശ്രയിച്ചായിരിക്കും അവരുടെ ടീം പ്ലാൻ.
ടീം കെ.കെ. ആർ
കോച്ച്: ചന്ദ്രകാന്ത് പണ്ഡിറ്റ്
ക്യാപ്റ്റൻ: അജിൻക്യ രഹാനെ
മനീഷ് പാണ്ഡെ
റോവ്മാൻ പവൽ
അംഗൃഷ് രഘുവംശി
രമൺദീപ് സിങ്
റിങ്കു സിങ്
ക്വിന്റൺ ഡി കോക്ക്
റഹ്മാനുല്ല ഗുർബാസ്
ലുവ്നിത്ത് സിസോദിയ
മുഈൻ അലി
വെങ്കിടേഷ് അയ്യർ
സുനിൽ നരെയ്ൻ
അനുകുൽ റോയ്
ആന്ദ്രെ റസ്സൽ
വൈഭവ് അറോറ
ഹർഷിത് റാണ
സ്പെൻസർ ജോൺസൺ
മായങ്ക് മാർക്കണ്ഡെ
ആന്റിച്ച് നോർട്ട്ജെ
ചേതൻ സ്കറിയ
വരുൺ ചക്രവർത്തി