ചാമ്പ്യൻസ് ട്രോഫി: ബി ഗ്രൂപ്പിൽ വമ്പന്മാർ മുഖാമുഖം
text_fieldsബംഗളുരു: ഐ.സി.സി ടൂർണമെന്റുകളിൽ എന്നും ഒന്നാം ഫേവറിറ്റായ ആസ്ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റൊരു ഫൈനലിസ്റ്റായ ദക്ഷിണാഫ്രിക്കയും അടങ്ങുന്ന ഗ്രൂപ് ഈ ചാമ്പ്യൻഷിപ്പിലെ ‘മരണഗ്രൂപ്’ കൂടിയാണ്. ഇംഗ്ലണ്ടും അഫ്ഗാനിസ്താനുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ആസ്ട്രേലിയ
മുൻനിര ടൂർണമെന്റുകളിലെ സമാനതകളില്ലാത്ത റെക്കോഡ് തന്നെ ഓസീസിന്റെ ഏറ്റവും വലിയ കരുത്ത്. ആറ് ഏകദിന ലോകകപ്പ്, ഒരു ട്വന്റി20 ലോകകപ്പ്, രണ്ട് ചാമ്പ്യൻസ് ട്രോഫികൾ എന്നിങ്ങനെ പോകും കിരീടങ്ങൾ. സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ജെയ്ക് ഫ്രേസർ മക്ഗർക്ക്, മാർനസ് ലബൂഷെയിൻ എന്നിവർ അണിനിരക്കുന്ന ബാറ്റിങ് ലൈനപ്പിൽ െഗ്ലൻ മാക്സ്വെൽ അടക്കം വേറെയും പേരുകളുണ്ട്. അതേ സമയം, ബൗളിങ്ങിൽ പാറ്റ് കമിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക് എന്നിവരൊന്നും ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്.
ഇംഗ്ലണ്ട്
ബാറ്റിങ് ലൈനപ് പരിഗണിക്കുമ്പോൾ കടലാസിലെ പുലികളാണ് ഇംഗ്ലണ്ട്. ജോസ് ബട്ട്ലർ, ഫിൽ സാൾട്ട്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവരൊക്കെയും ഇന്ത്യയിൽ പര്യടനത്തിനിടെ വൻ പരാജ: യമായെന്നത് ടീമിനെ അലട്ടുന്ന ചോദ്യം. ബൗളിങ്ങിൽ ആദിൽ റശീദ് ഇന്ത്യയിൽ മികവു കാട്ടിയത് പ്രതീക്ഷ നൽകുന്നു.
ദക്ഷിണാഫ്രിക്ക
ടെംബ ബാവുമ, ഐഡൻ മർക്റം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിങ്ങനെ ബാറ്റിങ്ങിലും കാഗിസോ റബാദ, കേശവ് മഹാരാജ് എന്നീ ബൗളർമാരും ചേർന്ന ഇലവൻ ഈ ടൂർണമെന്റിലെ ഏറ്റവും മൂർച്ചയുള്ളതാണ്. ഇതൊക്കെയായിട്ടും, കഴിഞ്ഞ ദിവസം ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനു മുന്നിൽ തോൽവി സമ്മതിച്ച് ടീം ഫൈനൽ കാണാതെ പുറത്തായിരുന്നു.
അഫ്ഗാനിസ്താൻ
ബ്രാൻഡ് മൂല്യം കുറവായിട്ടും സമീപകാല ക്രിക്കറ്റിൽ ഏതു ടീമും ഒന്ന് നിന്നുകളിക്കുന്നവരാണ് അഫ്ഗാനികൾ. റാശിദ് ഖാൻ, ഹശ്മത്തുല്ല ഷാഹിദി, ഗുൽബുദ്ദീൻ നായിബ്, റഹ്മത് ഷാ എന്നിവരടങ്ങിയ ടീമിന് പാക് മണ്ണ് തീർച്ചയായും അനുകൂല ഘടകമാകും.
ഇന്ത്യൻ ടീം ദുബൈയിൽ
മുംബൈ: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ദുബൈയിലെത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരുന്ന ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയായിരുന്നു താരങ്ങളും കോച്ച് ഗൗതം ഗംഭീറും പുറപ്പെട്ടത്.
ജസ്പ്രീത് ബുംറയില്ലാത്ത ടീമിന് ഫെബ്രുവരി 20ന് ബംഗ്ലദേശുമായാണ് ആദ്യമത്സരം. പാകിസ്താൻ, ന്യുസിലൻഡ് എന്നിവയാണ് മറ്റു എതിരാളികൾ. മാസങ്ങൾക്ക് മുമ്പ് മുംബൈ വാംഖഡെ മൈതാനത്ത് കുട്ടിക്രിക്കറ്റിൽ ലോക കിരീടം മാറോടു ചേർത്ത ടീം ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ട്രോഫി കിരീടം തേടിയിറങ്ങുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോമിൽ തിരിച്ചെത്തിയതും ഇളമുറക്കാർ കരുത്തുകാട്ടുന്നതും ടീമിന്റെ സ്വപ്നങ്ങൾക്ക് നിറം നൽകുന്നു. കോഹ്ലിക്ക് ഏകദിനത്തിൽ 14,000 റൺസ് എന്ന കടമ്പ കടക്കാൻ 37 റൺസ് കൂടി വേണം. രോഹിതിന് 11,000ലെത്താൻ 12 റൺസും.


