ദുലീപ് ട്രോഫി: അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ, ദക്ഷിണമേഖല ടീമിൽ മലയാളിപ്പട
text_fieldsതിരുവനന്തപുരം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണ മേഖല ടീമിൽ ഇടംപിടിച്ച് അഞ്ച് മലയാളികൾ. ഇന്ത്യൻ താരം തിലക് വർമ നയിക്കുന്ന സംഘത്തിന്റെ ഉപനായകൻ കാസർകോടുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ്. ബാറ്റർമാരായ ദേവ്ദത്ത് പടിക്കൽ, സൽമാൻ നിസാർ, പേസർമാരായ എൻ.പി. ബേസിൽ, എം.ഡി. നിധീഷ് എന്നീ മലയാളികളും ടീമിലുണ്ട്.
ഇന്ത്യൻ താരമായ ദേവ്ദത്ത് മലപ്പുറം എടപ്പാൾ സ്വദേശിയാണെങ്കിലും കർണാടക താരമാണ്. മറ്റു നാലുപേരും കേരളത്തിനായി കളിക്കുന്നവരും. സ്റ്റാൻഡ് ബൈ ലിസ്റ്റിൽ മലയാളി ഓൾ റൗണ്ടർ ഏദൻ ആപ്പിൾ ടോമുമുണ്ട്. ആഗസ്റ്റ് 20നാണ് ടൂർണമെന്റ് തുടങ്ങുക.
ദക്ഷിണ മേഖല ടീം: തിലക് വർമ (ക്യാപ്റ്റൻ), മുഹമ്മദ് അസ്ഹറുദ്ദീൻ (വൈസ് ക്യാപ്റ്റൻ), തൻമയ് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, മോഹിത് കാലെ, സൽമാൻ നിസാർ, നാരായൺ ജഗദീശൻ, ടി. വിജയ്, ആർ. സായി കിഷോർ, തനയ് ത്യാഗരാജൻ, വൈശാഖ് വിജയകുമാർ, എം.ഡി. നിധീഷ്, റിക്കി ഭൂയ്, എൻ.പി. ബേസിൽ, ഗുർജപ്നീത് സിങ്, സ്നേഹൽ കൗത്താങ്കർ, സ്റ്റാൻഡ് ബൈ: മോഹിത് റെഡ്കർ, ആർ. സ്മരൺ, അങ്കിത് ശർമ, ഏദൻ ആപ്പിൾ ടോം, ആന്ദ്രേ സിദ്ധാർഥ്, ഷെയ്ഖ് റഷീദ്.
രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് താരങ്ങൾ. അസ്ഹർ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു.
രണ്ട് സെഞ്ച്വറിയടക്കം 628 റൺസാണ് സൽമാൻ നിസാർ അടിച്ചത്. നിധീഷ് 27ഉം ബേസിൽ 16ഉം വിക്കറ്റ് നേടിയിരുന്നു. ആഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ നാലിനാണ് ദക്ഷിണ മേഖലയുടെ ആദ്യ മത്സരം. കഴിഞ്ഞ തവണത്തെതിൽ നിന്ന് വ്യത്യസ്തമായി ആറ് മേഖല ടീമുകൾ അണിനിരക്കുന്ന ഫോർമാറ്റിലാണ് ഇത്തവണത്തെ കളി. മുൻ ഇന്ത്യൻ പേസ് ബൗളർ എൽ. ബാലാജിയാണ് ദക്ഷിണ മേഖല ടീമിന്റെ പരിശീലകൻ.