ആറുമണിക്കൂർ വണ്ടിയോടിച്ച് ആ പെൺകുട്ടികളെത്തിയത് വൈഭവിനെ കാണാൻ; 14-ാം വയസ്സിൽ വൻ ആരാധകക്കൂട്ടത്തെ സ്വന്തമാക്കി കൗമാര താരോദയം
text_fieldsആന്യക്കും റിവക്കുമൊപ്പം വൈഭവ് സൂര്യവംശി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശിക്ക് 14 വയസ്സു മാത്രമാണുള്ളത്. ഐ.പി.എല്ലിലെ അവിശ്വസനീയ പ്രകടനത്തിനുപിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പവും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ് വൈഭവ്. ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ കൗമാരതാരത്തിന്റെ മികവിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഈയിടെ നടന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യ അണ്ടർ 19 ടീം ജൂൺ 12ന് തുടങ്ങുന്ന യൂത്ത് സീരീസിൽ ആതിഥേയർക്കെതിരെ വീണ്ടും കളത്തിലിറങ്ങും.
അണ്ടർ 19 തലത്തിലൊന്നും താരങ്ങൾക്ക് അത്ര വലിയ ആരാധക പിന്തുണ ഇല്ലാത്ത ക്രിക്കറ്റിൽ വൈഭവ് പുതിയ വഴികൾ തുറക്കുകയാണ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി നടത്തിയ വെടിക്കെട്ട് പ്രകടനത്തോടെ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ മനസ്സകങ്ങളിലേക്കാണ് വൈഭവ് ഗാർഡെടുത്തത്.
വമ്പനടികളാൽ വിസ്മയമായ കുഞ്ഞുതാരത്തിന് കൗമാരക്കാരും യുവജനങ്ങളുമായ ഇഷ്ടക്കാർ ഏറെയാണ്. ഒട്ടേറെ പെൺകുട്ടികളും ഇതിനകം വൈഭവിന്റെ കടുത്ത ആരാധകരായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ ദിവസം രണ്ടു പെൺകുട്ടികൾ ഇംഗ്ലണ്ടിലെ വോഴ്സെസ്റ്ററിലേക്ക് വൈഭവിനെ കാണാനെത്തിയത്.
ആന്യ, റിവ എന്നീ കുട്ടികളാണ് ആറു മണിക്കൂർ റോഡ് യാത്ര നടത്തി ഇഷ്ടതാരത്തെ കാണാൻ എത്തിയത്. രാജസ്ഥാൻ റോയൽസിന്റെ പിങ്ക് കുപ്പായമണിഞ്ഞായിരുന്നു അവരുടെ വരവ്. വോഴ്സെസ്റ്ററിലെത്തി വൈഭവിനെ കണ്ട്, ഒപ്പം ഫോട്ടോയുമെടുത്താണ് പെൺകുട്ടികൾ മടങ്ങിയത്. വൈഭവിനെപ്പോലെ 14 വയസ്സായിരുന്നു ആന്യക്കും റിവക്കും.
ആരാധികമാർ വൈഭവിനൊപ്പം നിൽക്കുന്ന പടമടക്കം രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഒഫീഷ്യൽ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. ‘ഞങ്ങൾക്ക് എന്തുകൊണ്ടാണ് ഏറ്റവും മികച്ച ആരാധകർ ഉള്ളതെന്നതിന് തെളിവിതാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വോഴ്സെസ്റ്ററിലേക്ക് ആറു മണിക്കൂർ വണ്ടിയോടിച്ചാണ് അവരെത്തിയത്. തങ്ങളുടെ പിങ്ക് കുപ്പായമാണവർ ധരിച്ചത്. വൈഭവിനും ടീം ഇന്ത്യയ്ക്കും അവർ ആശംസ നേർന്നു. വൈഭവിന്റെ സമപ്രായക്കാരാണ് ആന്യയും റിവയും. അവർക്ക് എക്കാലവും ഓർമിക്കാവുന്ന ദിവസമായിരുന്നു ഇത്’. -രാജസ്ഥാൻ റോയൽസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.