ഇപ്പോൾ അവൻ വെറും കോമഡിയാണ്, ഉടനെ പുറത്താക്കിയാൽ കൊള്ളാം! കൊൽക്കത്തയുടെ സൂപ്പർതാരത്തെ ട്രോളി ആരാധകർ
text_fieldsഈ ഐ.പി.എല്ലിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ കരീബിയൻ സൂപ്പർതാരം ആൻഡ്രേ റസലിനെ കളിയാക്കി ആരാധകർ. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 15 പന്തിൽ നിന്നും 21 റൺസ് നേടി റസൽ മടങ്ങിയിരുന്നു. ഒരു സിക്സറും മൂന്ന് ഫോറുമടിച്ചാണ് താരത്തിന്‍റെ ഇന്നിങ്സ്. 199 റൺസ് പിന്തുടർന്ന കൊൽക്കത്ത 39 റൺസിന് തോറ്റു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ കൊൽക്കത്തക്ക് സാധിച്ചുള്ളൂ.
ഈ സീസണിൽ ബാറ്റിങ്ങിലെ അമ്പേ പരാജയമാണ് കൊൽക്കത്തക്കായി റസൽ നടത്തുന്നത്. 4,5,1,7,17, ഇന്നലത്തെ 21 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോറുകൾ. അഞ്ച് മത്സരത്തിൽ നിന്നും ആറ് വിക്കറ്റ് നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റസലിന്‍റെ ഈ മോശം പ്രകടനം മൂലം താരത്തെ പുറത്താക്കാനാണ് ആരാധകർ പറയുന്നത്.
റസലിനെ പുറത്താക്കു, അവന്‍റെ കഥ കഴിഞ്ഞു. മൂന്ന് വർഷം നിലനിർത്തുന്നത് കെ.കെ. ആർ ഫാൻസിന് വേദനായകും. എന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തത്. അദ്ദേഹത്തെ നിലനിർത്തിയതിന് കൊൽക്കത്ത മാനേജ്മെന്‍റിനെ ജയിലിൽ ഇടണമെന്ന രസകരമായ കമന്‍റാണ് ഒരാൾ ഇട്ടിരിക്കുന്നത്. അദ്ദേഹം ഈയിടെയായി വെറും കോമഡിയായെന്നും ആരാധകർ പറയുന്നു.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ കിരീടം നേടിയപ്പോൾ 222 റൺസും 19 വിക്കറ്റും റസൽ സ്വന്തം പേരിൽ കുറിച്ചിരുന്നു. 12 കോടിക്കാണ് സൂപ്പർതാരത്തെ കൊൽക്കത്ത നിലനിർത്തിയത്.