ടീം ഗെയിമിൽ വ്യക്തിഗതപ്രശംസ എനിക്കിഷ്ടമല്ല; പക്ഷേ, ഋഷഭ്, നിങ്ങൾ തലമുറകൾക്ക് മാതൃകയാണ് -പന്തിനെ പ്രശംസിച്ച് ഗംഭീർ -വിഡിയോ
text_fieldsലണ്ടൻ: കൈവിട്ടുവെന്ന് ഉറപ്പിച്ച മാഞ്ചസ്റ്ററിലെ ടെസ്റ്റ് മത്സരം ഉജ്വലമായ ബാറ്റിങ് മികവിലൂടെ സമനിലയിൽ പിടിച്ചുകെട്ടിയപ്പോൾ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലും ആവേശമാണ്. അതിനിടയിൽ ടീം ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണിപ്പോൾ. ടീം അംഗങ്ങൾക്ക് പ്രചോദനം പകർന്നും, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ അഭിനന്ദിച്ചുകൊണ്ടും കോച്ച് ഗൗതം ഗംഭീർ സംസാരിക്കുന്ന വീഡിയോ ഇന്ത്യൻ ക്രിക്കറ്റ് ടീം തന്നെയാണ് പങ്കുവെച്ചത്.
മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കണങ്കാലിന് പന്ത്കൊണ്ട് പരിക്കേറ്റ് പുറത്തായിട്ടും, അടുത്ത ദിനം ടീമിന് അനിവാര്യമായ സാഹചര്യത്തിൽ കളത്തിൽ തിരിച്ചെത്തി ബാറ്റ് വീശി അർധസെഞ്ച്വറി തികച്ച ഋഷഭ് പന്തിനെ കോച്ച് വാനോളും പുകഴ്ത്തുന്നു. പന്തിന്റെ സമർപ്പണത്തെയും ധൈര്യത്തെയും പ്രശംസിച്ച കോച്ച് ഗംഭീർ തലമുറകൾക്കും മാതൃകയാവുന്നതാണ് താരത്തിന്റെ പ്രവർത്തനമെന്ന് പറഞ്ഞു.
ടീം ഗെയിമിൽ വ്യക്തിഗത നേട്ടങ്ങളെ പ്രശംസിക്കുകയും ഉയർത്തികാട്ടുന്നതും ഞാൻ വെറുക്കുന്നുവെന്ന മുഖവുരയോടെയാണ് ഗംഭീർ ഡ്രസ്സിങ് റൂമിൽ സംസാരിക്കുന്നത്. ഋഷഭ് ചെയ്തകാര്യങ്ങളാണ് ഇൗ ടീമിന്റെ അടിത്തറയെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു സംസാരം. ‘ഡ്രസ്സിങ് റൂമിനെ മാത്രമല്ല, ഭാവി തലമുറയെ തന്നെയാണ് ഈ പ്രവർത്തനത്തിലൂടെ ഋഷഭ് പ്രചോദിപ്പിച്ചത്. ടീം മാത്രമല്ല, രാജ്യവും നിങ്ങളുടെ മാതൃകയിൽ അഭിമാനിക്കുന്നു’ -സഹതാരങ്ങളുടെ കൈയടിക്കിടയിൽ ഗംഭീർ പറഞ്ഞു.
വ്യക്തിഗത നേട്ടങ്ങളെ കുറിച്ചായിരുന്നു ചിന്തിച്ചതെന്നും ടീമിന് ജയിക്കാൻ ആവശ്യമായത് സംഭാവന ചെയ്യുകയായിരുന്നു തന്റെ മനസ്സിലെ ചിന്തയെന്നും ഋഷഭ് പന്ത് പറഞ്ഞു. സഹതാരങ്ങളുടെ പിന്തുണക്ക് നന്ദി പറഞ്ഞ താരം, രാജ്യത്തിനായി അനിവാര്യ ഘട്ടത്തിൽ നിർണായക പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പറഞ്ഞു.
നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കാൽപാദത്തിന് പരിക്കേറ്റ് ഗോൾഫ് കർട്ടിൽ കളം വിട്ട ഋഷഭ് അടുത്ത ദിവസം വീണ്ടും ക്രീസിലെത്തിയത് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരുന്നു. നിർണായക ഘട്ടത്തിൽ, ഓൾഡ് ട്രഫോഡിലെ ചവിട്ടുപടികളിൽ ബാറ്റിൽ ഊന്നികൊണ്ട് ക്രീസിലേക്ക് പതിയെ നടന്നെത്തിയ പന്തിനെ നിറകൈയടികളോടെയാണ് ഗാലറി വരവേറ്റത്. വേദനകൾ മറന്ന ബാറ്റ് വീശിയ താരം, 54 റൺസുമായി ടീം ഇന്നിങ്സിൽ പ്രധാനിയായി മാറി. മുൻ താരങ്ങൾ വരെ പന്തിന്റെ ത്യാഗത്തെ പ്രശംസിച്ച് രംഗത്തെത്തി. അതിനൊടുവിലാണ് അഭിനന്ദനം ചൊരിയുന്ന വാക്കുകളുമായി കോച്ച് ഗൗതംഗംഭീറുമെത്തുന്നത്.