ജദേജക്കും സുന്ദറിനും അർധസെഞ്ച്വറി; ലീഡെടുത്ത് ഇന്ത്യ
text_fieldsമാഞ്ചസ്റ്റർ: ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിെൻറ അഞ്ചാം ദിനത്തിൽ വാഷിങ്ടൺ സുന്ദറിന്റെയും രവീന്ദ്ര ജദേജയുടെയും അർധസെഞ്ച്വറി കരുത്തിൽ ഇന്ത്യ ലീഡിലേക്ക്. 115 ഓവർ പിന്നിടുമ്പോൾ 130 ബോളിൽ 52റൺസുമായി വാഷിങ്ടൺ സുന്ദറും 99 ബോളിൽ 51 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ബാറ്റിങ് തുടരുകയാണ് ഇരുവരും.
അഞ്ചാം ദിനമാരംഭിച്ച ആദ്യ ബോളിൽ തന്നെ ഇന്നലെ ശക്തിദുർഗമായി നിന്നിരുന്ന കെ.എൽ. രാഹുൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നിരാശപടർത്തി. 230 ബോളിൽ നിന്ന് 90 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ബൗളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റൻ ഗില്ലിന്റെ ബാറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും 238 ബോളിൽ 103 റൺസെടുത്ത് സെഞ്ചൂറിയനായി ജോഫ്ര ആർച്ചറിന്റെ ബൗളിൽ സ്മിത്തിന് പിടികൊടുത്ത് ക്യാപ്റ്റനും പവിലിയനിലെത്തി. അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജയിലും സുന്ദറിലുമാണ് പ്രതീക്ഷകളത്രയും.
669 എന്ന വമ്പൻ സ്കോർ ഒന്നാമിന്നിങ്സിൽ സ്വന്തമാക്കിയ ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കി. 311 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. ലഞ്ചിന് മുമ്പ് മൂന്നോവർ ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ സ്കോർബോർഡ് തുറക്കുംമുമ്പ് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്സായിരുന്നു അന്തകൻ. നാലാം പന്തിൽ ഓപണർ യശസ്വി ജയ്സ്വാളിനെ വോക്സിന്റെ തകർപ്പൻ പന്തിൽ ഒന്നാം സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. മൂന്നാമനായ സായ് സുദർശൻ അടുത്ത പന്തിൽ പുറത്ത്.
അവസാന സെക്കൻഡിൽ ‘ലീവ്’ ചെയ്യാൻ തീരുമാനിച്ച സുദർശന് പണി പാളി. ഷോർട്ട് പിച്ച് ചെയ്ത പന്ത് ബാറ്റിൽകൊണ്ട് രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിൽ. തുടർന്ന് രാഹുലും ക്യാപ്റ്റൻ ഗില്ലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ശനിയാഴ്ച പിറന്നത്. ടീം ചരിത്രത്തിലെ അഞ്ചാമത്തെ വലിയ സ്കോറുമാണിത്. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യ ടെസ്റ്റിൽ 600ലേറെ റൺസ് വഴങ്ങുന്നത്.