‘കപ്പെടുക്കണം ബോയ്സ്’; കൂട്ടുകാർക്ക് വൈകാരിക വിഡിയോയുമായി ഹാർദിക് പാണ്ഡ്യ
text_fieldsമുംബൈ: ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് പ്രചോദനവുമായി പരിക്കേറ്റ് ലോകകപ്പിൽനിന്ന് പുറത്തായ ഹാർദിക് പാണ്ഡ്യയുടെ വിഡിയോ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചത്. നമ്മൾ ഇവിടെ വരെ എത്തിയത് വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കുട്ടിക്കാലം മുതൽ നമ്മൾ സ്വപ്നം കണ്ട ഒരു മഹത്തായ കാര്യം യാഥാർഥ്യമാക്കുന്നതിൽനിന്ന് ഒരു ചുവട് മാത്രം അകലെയാണെന്നും പാണ്ഡ്യ ഓർമിപ്പിച്ചു. കപ്പ് ഉയർത്തുന്നത് നമുക്കുവേണ്ടി മാത്രമല്ല, നമുക്ക് പിറകിലുള്ള ജനങ്ങൾക്ക് വേണ്ടി കൂടിയാണെന്നും താരം പറഞ്ഞു.
‘ബോയ്സ്, ഈ ടീമിനെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനിക്കാതിരിക്കാൻ കഴിയില്ല. നമ്മൾ ഇവിടെ വരെ എത്തിയത് വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കുട്ടിക്കാലം മുതൽ നമ്മൾ സ്വപ്നം കണ്ട ഒരു മഹത്തായ കാര്യം യാഥാർഥ്യമാക്കുന്നതിൽനിന്ന് നമ്മളിപ്പോൾ ഒരു ചുവട് മാത്രം അകലെയാണ്. കപ്പ് ഉയർത്തുന്നത് നമുക്കുവേണ്ടി മാത്രമല്ല, നമുക്ക് പിറകിലുള്ള ബില്യൺ ജനങ്ങൾക്ക് വേണ്ടികൂടിയാണ്. ഞാൻ പൂർണ സ്നേഹത്തോടെയും പൂർണഹൃദയത്തോടെയും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. കപ്പ് നമുക്ക് വീട്ടിലേക്ക് കൊണ്ടുവരാം, ജയ് ഹിന്ദ്’, എന്നിങ്ങനെയായിരുന്നു പാണ്ഡ്യ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്.
ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിനിടെയാണ് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റ് കയറിയത്. വിദഗ്ധ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ താരത്തെ ടീമിൽനിന്ന് ഒഴിവാക്കി പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അഞ്ചുതവണ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരായ കലാശക്കളി. കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ആതിഥേയരുടെ വരവ്. 2011 ശേഷം വീണ്ടും കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ടീം. 2003ലെ ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോടേറ്റ തോൽവിക്ക് പകരം വീട്ടുകയയെന്നത് കൂടി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.