പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി...; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്
text_fields2005 ലോകകപ്പ് ഫൈനലിൽ ക്യാപ്റ്റൻ മിതാലി രാജിനൊപ്പം കളിക്കളത്തിലിറങ്ങുന്ന ടീം ഇന്ത്യ, 2025 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് ട്രോഫിക്കൊപ്പം
ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിത ക്രിക്കറ്റ് സംഘത്തിന് ഇന്നത്തെ രൂപത്തിലേക്ക് ഉയർന്നത് ഒറ്റ രാത്രികൊണ്ടല്ല. അതിന് കഷ്ടതകളുടെയും പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ദീർഘനാളത്തെ പോരാട്ട ചരിത്രമുണ്ട്. പുരുഷന്മാർ അടക്കിവാണിരുന്ന ക്രിക്കറ്റ് മൈതാനം മാന്യന്മാരുടേത് മാത്രമല്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ രാത്രി ലോകകപ്പിനൊപ്പം ഉറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീതിന്‍റെ ടീഷർട്ടിലെഴുതിയ വരികൾക്ക് വലിയ അർഥമുണ്ട്. അതിന്‍റെ യഥാർഥ ചിത്രങ്ങൾ തേടിപ്പോയാൽ വനിത ക്രിക്കറ്റ് പതിറ്റാണ്ടുകളായി നേരിട്ട അവഗണനയും അവ താണ്ടി മുന്നേറിയ അനവധി താരങ്ങളെയും കാണാം.
1973ലാണ് വനിതകൾക്കായി ഇന്ത്യയിൽ ക്രിക്കറ്റ് അസോസിയേഷൻ രൂപവത്കൃതമാകുന്നത്. ഇതിഹാസ താരമായ സുനിൽ ഗവാസ്കറിന്‍റെ ഇളയ സഹോദരി നൂതൻ ഗവാസ്കർ ഉൾപ്പെടെയുള്ളവരാണ് അന്ന് ആ ഉദ്യമത്തിന് തുടക്കം കുറിച്ചത്. പണമോ സ്പോൺസറോ ഇല്ലാതെ തുടങ്ങിയ അസോസിയേഷന് വിദേശ പര്യടങ്ങൾക്ക് അപൂർവമായി മാത്രമാണ് അവസരം ലഭിച്ചത്. അറ്റാച്ച്ഡ് ടോയിലറ്റുകൾ ഇല്ലാത്ത ഡോർമിറ്ററികളിലാണ് ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് താരങ്ങൾ പലപ്പോഴും താമസിച്ചത്. ക്രിക്കറ്റ് കിറ്റുകൾ പരസ്പരം പങ്കുവെച്ചു. യാത്രക്കുള്ള പണം പോലുമില്ലാതെ പലരും ബുദ്ധിമുട്ടി. എന്നാൽ പ്രസ്ഥാനം മുന്നോട്ടുപോകണമെന്ന നിശ്ചയദാർഢ്യത്തോടെ മുന്നേറിയ ചിലരുടെ പ്രയത്ന ഫലമായാണ് ഇന്ത്യയിലെ വനിതക്രിക്കറ്റ് ഇന്നത്തെ നിലയിലേക്ക് ഉയർന്നത്.
വനിത ക്രിക്കറ്റിനെ പ്രഫഷനലായി കണക്കാക്കാതിരുന്നതിനാൽ ആദ്യ കാലങ്ങളിൽ ടീമിന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം പോലും ലഭിച്ചിരുന്നില്ലെന്ന് നൂതൻ ഗവാസ്കർ പറയുന്നു. “ന്യൂസീലൻഡ് പര്യടനത്തിനിടെ താമസം അവിടുത്തെ ഇന്ത്യക്കാർക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള വിമാന ടിക്കറ്റിന് പണം ലഭിച്ചത് നടി മന്ദിര ബേദിയുടെ സംഭാവനയിലൂടെ ആയിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമെന്ന നിലയിൽ ചിലപ്പോഴെല്ലാം എയർ ഇന്ത്യ ടിക്കറ്റുകൾ സ്പോൺസർ ചെയ്തു. ടീമിന് ആകെ ഉണ്ടായിരുന്നത് മൂന്ന് ബാറ്റുകൾ മാത്രമാണ്. പാഡുകളും അതുപോലെ തന്നെ. എല്ലാം എല്ലാവരും പങ്കുവെക്കണം. പേഴ്സനൽ കിറ്റൊക്കെ ആഡംബരമായിരുന്നു” -നൂതൻ ഗവാസ്കർ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ആഭ്യന്തര ടൂർണമെന്‍റുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. മണിക്കൂറുകൾ നീണ്ട ട്രെയിൻ യാത്ര ജനറൽ കമ്പാർട്ട്മെന്‍റിലായിരുന്നു. ടിക്കറ്റ് ചാർജ് താരങ്ങളുടെ പോക്കറ്റിൽനിന്ന് കൊടുക്കണം. 20 പേർക്ക് ഉപയോഗിക്കാനായി നാല് ശുചിമുറികളുള്ള ഡോർമിറ്ററികളിൽ താമസിക്കണം. മിക്കപ്പോഴും അത് വൃത്തിഹീനമായിരിക്കും. വലിയ പ്ലാസ്റ്റിക് പാത്രത്തിൽ പരിപ്പാണ് ഭക്ഷണമായി ലഭിക്കുക. ഡയാന എഡുൾജി, ശാന്ത രംഗസ്വാമി, ശുഭാംഗി കുൽക്കർണി തുടങ്ങിയ ആദ്യകാല താരങ്ങൾക്കെല്ലാം മാച്ച് ഫീ എന്നത് സങ്കൽപം മാത്രമായിരുന്നു. 50 വർഷം മുമ്പ് അവർ പാകിയ അടിത്തറയിലാണ് ഇന്നത്തെ ലോക ചാമ്പ്യന്മാരായ ടീം തലയുയർത്തി നിൽക്കുന്നത്. തലമുറകളുടെ സ്വപ്ന സാക്ഷാത്കാരം!


