‘ധോണിയോടും കപിൽ ദേവിനോടും ഖേദം പ്രകടിപ്പിക്കുന്നു...’; പിതാവിന്‍റെ വിവാദ പരാമർശങ്ങളിൽ യുവരാജ് സിങ്
text_fieldsമുംബൈ: പിതാവ് നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകരായ കപിൽ ദേവിനോടും എം.എസ്. ധോണിയോടും ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്.
ഇന്ത്യൻ ടീമിൽനിന്ന് തന്‍റെ മകനെ ഒഴിവാക്കിയതിനു പിന്നിൽ ധോണിയാണെന്ന കടുത്ത വിമർശനവുമായി യുവരാജിന്റെ പിതാവ് യോഗ്‍രാജ് സിങ് പലതവണ രംഗത്തുവന്നിരുന്നു. തന്‍റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചതിനു പിന്നിൽ കപിലാണെന്നും യോഗ്‍രാജ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തരം വിവാദ പ്രസ്താവനകളിൽ നിന്നെല്ലാം അകലം പാലിക്കുകയാണ് ഇതുവരെ യുവരാജ് ചെയ്തിരുന്നത്. ഒടുവിലാണ് പിതാവിന്‍റെ വിവാദ പരാമർശങ്ങളിൽ യുവരാജിന്‍റെ ഖേദപ്രകടനം.
‘കപിൽ ദേവിനോടും എം.എസ്. ധോണിയോടും ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു’ -സ്പോർട്സ് ടാക് പുറത്തിറക്കിയ ടീസർ വിഡിയോയിൽ യുവരാജ് പറഞ്ഞു. ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ എപ്പിസോഡ്, ദീർഘകാലത്തിനുശേഷം യുവരാജിന്റെ ആദ്യത്തെ സമഗ്രമായ പോഡ്കാസ്റ്റ് ആയിരിക്കും. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ, ഋഷഭ് പന്ത്, ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലൻ വൈഭവ് സൂര്യവംശി എന്നിവരെല്ലാം പോഡ്കാസ്റ്റിൽ കടന്നുവരുന്നുണ്ട്.
രണ്ടു മിനിറ്റുള്ളതാണ് ടീസർ വിഡിയോ. പിതാവിന്റെ തുറന്നു പറച്ചിലുകൾ തന്നെ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഞാൻ അച്ഛനോട് ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്’ എന്ന് യുവരാജ് പ്രതികരിക്കുന്നുണ്ട്. ധോണിയോടുള്ള വിരോധം വർഷങ്ങളായി ഏവരും അറിയുന്നതാണെങ്കിൽ, അടുത്തിടെയാണ് കപിലിനെതിരെയും യോഗ്‍രാജ് രംഗത്തുവരുന്നത്. 1980കളുടെ തുടക്കത്തിൽ ഇന്ത്യൻ ടീമിൽനിന്ന് തന്നെ ഒഴിവാക്കിയതിനു പിന്നിൽ കപിൽ ദേവാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. കപിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഒരിക്കൽ തോക്കുമായി കപിലിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നെന്നും യോഗ്‍രാജ് വെളിപ്പെടുത്തിയിരുന്നു.
യോഗ്‍രാജ് സിങ് ആരാണെന്ന ചോദ്യവുമായാണ് ഇത്തരം വിമർശനങ്ങളെ കപിൽ നേരിട്ടത്. 40 വർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇന്നും വലിച്ചിഴക്കുന്നത് അനാവശ്യമാണെന്നും കപിൽ പ്രതികരിച്ചിരുന്നു. എന്നാൽ, യുവരാജിനെ ടീമിൽനിന്നു തഴഞ്ഞതിൽ ധോണിക്കു പങ്കില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തിയത്. കരിയറിന്റെ ഒരു ഘട്ടത്തിലും യുവരാജിനെ പുറത്താക്കണമെന്നു ധോണി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.
2007 ട്വന്‍റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയശിൽപിയായിരുന്ന യുവരാജ് 2017 ജൂണിലാണ് അവസാന മത്സരം കളിച്ചത്. വിടവാങ്ങൽ മത്സരംപോലും ഇല്ലാതെയാണ് 2019ൽ താരം ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. അന്നു മുതൽ യുവരാജിന്റെ പുറത്താകലിൽ ധോണിക്കു പങ്കുണ്ടെന്ന് ആക്ഷേപം ശക്തമാണ്.


