പൈക്രോഫ്റ്റിന്‍റെ വിഡിയോ ചിത്രീകരണം ഉൾപ്പെടെ ചട്ടലംഘനം; പി.സി.ബിക്കെതിരെ നടപടിക്കൊരുങ്ങി ഐ.സി.സി
text_fieldsപാക് ടീം പുറത്തുവിട്ട വിഡിയോയിൽനിന്ന്
ഏഷ്യാകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ മാച്ചിനു ശേഷം ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നല്‍കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിനു പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാൻ ഐ.സി.സി. യു.എ.ഇക്കെതിരായ മത്സരത്തിന് മുമ്പ് നടത്തിയ നിയമലംഘന പരമ്പരകള്‍ക്കാണ് ഐ.സി.സി നടപടി. ഇന്ത്യാ -പാക് മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ റഫറി പാനലില്‍നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ ഏഷ്യാകപ്പ് ഉപേക്ഷിക്കുമെന്നും പാകിസ്താൻ ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ പി.സി.ബിയുടെ ആവശ്യം ഐ.സി.സി നിരാകരിക്കുകയാണുണ്ടായത്.
ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്താൻ താരങ്ങള്‍ എത്തിയത്. കളിക്കാരോട് സ്റ്റേഡിയത്തിലേക്ക് പോകരുതെന്ന് പി.സി.ബി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നജാം സേഥിയും റമീസ് രാജയും ഉള്‍പ്പെടെ യോഗം നടത്തിയ ശേഷമാണ് പാക് ടീം മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് ടീമിനോട് മാപ്പ് പറഞ്ഞെന്ന് പാകിസ്താൻ പ്രചരിപ്പിച്ചു. പിന്നാലെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ, ടീം മാനേജർ നവേദ് അക്രം ചീമ, ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ എന്നിവര്‍ പൈക്രോഫ്റ്റുമായി സംസാരിക്കുന്ന ശബ്ദമില്ലാത്ത വിഡിയോയും പങ്കുവെച്ചു.
യു.എ.ഇക്കെതിരായ ടോസിന് മുമ്പ് പൈക്രോഫ്റ്റ് ടീം ക്യാപ്റ്റനെയും മാനേജരെയും കാണണമെന്ന പി.സി.ബിയുടെ അന്തിമ ആവശ്യം ഐ.സി.സി അംഗീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മീറ്റിങ്ങില്‍ പാകിസ്താൻ ഫോണുമായി പ്രവേശിക്കുകയും വിഡിയോ റെക്കോഡ് ചെയ്യുകയുമായിരുന്നു. മീഡിയ മാനേജരെ മീറ്റിങ്ങിലേക്ക് കൊണ്ടുവന്നതും വിഡിയോ ചിത്രീകരിച്ചതും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും, ബോർഡ് കുറ്റക്കാരനാണെന്ന് ഐ.സി.സി കണ്ടെത്തുകയും ഇത് ചൂണ്ടിക്കാട്ടി പി.സി.ബി.ക്ക് ഐ.സി.സി മെയില്‍ അയച്ചിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഹസ്തദാന വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മത്സരത്തിന്‍റെ ടോസിന് നാല് മിനിറ്റ് മുമ്പ് മാത്രമാണ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് ‘നോ ഹാൻഡ്ഷേക്ക്’ പ്രോട്ടോക്കാളിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ടോസിങ്ങിനായി ഫീൽഡിലേക്ക് ഇറങ്ങവെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെന്യൂ മാനേജർ, പ്രോട്ടോക്കാൾ പാലിക്കണമെന്ന നിർദേശം പൈക്രോഫ്റ്റിന് നൽകുകയായിരുന്നു. ഇന്ത്യൻ സർക്കാർ നിർദേശിച്ചതുപ്രകാരം എ.സി.സി മാനേജരോട് ബി.സി.സി.ഐ ഇക്കാര്യം അറിയിക്കുകയായിരുന്നു.
അത്തരത്തിൽ ‘നോ ഹാൻഡ്ഷേക്ക്’ പ്രോട്ടോക്കാൾ ഉണ്ടായിരുന്നെങ്കിൽ അക്കാര്യം നേരത്തെ തന്നെ ഐ.സി.സിയെ അറിയിക്കാനുള്ള ഉത്തരവാദിത്തം പൈക്രോഫ്റ്റിന് ഉണ്ടെന്ന് വിവാദത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ എന്തെങ്കിലും ചെയ്യാനുള്ള സമയം പൈക്രോഫ്റ്റിന് ഉണ്ടായിരുന്നില്ല. ഐ.സി.സിയെ അറിയിക്കാനുള്ള സമയം ലഭിക്കാഞ്ഞതിനാൽ പൈക്രോഫ്റ്റ് ഇക്കാര്യം പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് നേരിട്ട് പറയുകയാണുണ്ടായത്. സാധാരണയായി പിന്തുടരുന്ന ഹസ്തദാന രീതിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിനെ സമീപിച്ച് പാക് ക്യാപ്റ്റൻ നിരാശപ്പെടേണ്ടിവരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പൈക്രോഫ്റ്റ് ഇത്തരത്തിൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ടോസിന് പുറമെ മത്സരശേഷവും കൈകൊടുത്തു പിരിയാൻ ഇന്ത്യൻ താരങ്ങൾ സന്നദ്ധത കാണിച്ചിരുന്നില്ല. ഇതോടെ പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി പാകിസ്താൻ രംഗത്തെത്തി. ഇല്ലെങ്കിൽ ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും പി.സി.ബി വ്യക്തമാക്കി. ഐ.സി.സിക്ക് പി.സി.ബി രണ്ടുതവണ കത്തുനൽകിയെങ്കിലും ആവശ്യം തള്ളി. പിന്നീട് പൈക്രോഫ്റ്റ് ക്യാപ്റ്റനോടും ടീം മാനേജരോടും മാപ്പ് പറഞ്ഞെന്ന് അവകാശപ്പെട്ട് പാകിസ്താൻ ബഹിഷ്കരണ ഭീഷണി പിൻവലിച്ചു. യു.എ.ഇക്കെതിരെ ഒരു മണിക്കൂർ വൈകിയാണ് പാക് ടീം കളത്തിലിറങ്ങിയത്.