Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘മടുക്കുമ്പോൾ കളി...

‘മടുക്കുമ്പോൾ കളി നിർത്തും, ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുന്നു’; വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി

text_fields
bookmark_border
‘മടുക്കുമ്പോൾ കളി നിർത്തും, ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുന്നു’; വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി
cancel

മുംബൈ: ഉടനൊന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സെലക്ഷൻ കമ്മിറ്റി തുടർച്ചയായി തഴഞ്ഞതോടെയാണ് ഷമിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നത്.

കിരീടം നേടിയ ചാമ്പ്യൻസ് ട്രോഫി ടൂർണമന്‍റിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. പരിക്കിൽനിന്ന് മുക്തനായ താരം ഫിറ്റ്നസ് വീണ്ടെടുക്കുകയും അഭ്യന്തര ക്രിക്കറ്റിലടക്കം മികവ് തെളിയിക്കുകയും ചെയ്തിട്ടും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ സമിതി താരത്തെ ടീമിലെടുക്കാതെ അവഗണിച്ചു. ഏതാനും വർഷങ്ങളായി പരിക്കുകൾ അലട്ടിയിരുന്ന താരത്തിന് നിരവധി ടൂർണമെന്‍റുകളും നഷ്ടമായി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ പന്തെറിഞ്ഞിട്ടും ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിലും താരത്തെ ഉൾപ്പെടുത്തിയില്ല. ട്വന്‍റി20 ലോകകപ്പിലും സ്ഥാനമുണ്ടായിരുന്നില്ല. 2025-26 ആഭ്യന്തര സീസണീൽ പശ്ചിമ ബംഗാളിനായി 67 വിക്കറ്റുകളാണ് ഷമി നേടിയത്.

അടുത്തിടെ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയും വിരമിക്കലുമായി ബന്ധപ്പെട്ട് താരത്തിന് ചോദ്യങ്ങൾ നേരിടേണ്ടു വന്നു. മടുപ്പ് തോന്നുമ്പോൾ കളത്തിൽനിന്ന് മാറിനിൽക്കുമെന്നാണ് താരം മറുപടി നൽകിയത്. ‘എനിക്ക് ക്ഷീണം തോന്നുമ്പോൾ, കളി അവസാനിപ്പിക്കും. ഇപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. കാരണം അത്തരം ചിന്തകൾ നിങ്ങളെ മാനസികമായി തളർത്തും. ഈ ചിന്ത മനസ്സിലേക്ക് കടന്നു വന്നാൽ, നിങ്ങൾ ക്ഷീണിതനാണെന്നാണ് മനസ്സിലാക്കേണ്ടത്. ക്ഷീണം തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് മടുപ്പും അനുഭവപ്പെടും. ഞാൻ ഇതിനു മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട് -രാവിലെ എഴുന്നേൽക്കുമ്പോൾ മടുപ്പ് തോന്നുന്ന ദിവസം ക്രിക്കറ്റ് വിട്ടുപോകും’ -ഷമി പറഞ്ഞു.

മടി അല്ലെങ്കിൽ മടുപ്പ് തോന്നുന്ന ദിവസം ക്രിക്കറ്റ് അവസാനിപ്പിക്കും. ഇപ്പോൾ താൻ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. ഫലം മികച്ചതും അനുകൂലവുമാണെന്നും ഷമി കൂട്ടിച്ചേർത്തു. ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനായി കളിക്കുന്ന താരം, സീസണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീ‍ക്ഷയിലാണ്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ച താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നാലെ താരത്തെ ടീം ഒഴിവാക്കി.

Show Full Article
TAGS:Mohammed Shami Indian Cricket Team 
News Summary - ‘I’ll quit when I’m bored’ -Mohammed Shami
Next Story