ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ഗ്രൗണ്ടിനു ചുറ്റും നഗ്നനായി നടക്കുമെന്ന് ഹെയ്ഡൻ; കുടുംബത്തിന്‍റെ മാനം രക്ഷിക്കണമെന്ന് ഇംഗ്ലീഷ് താരത്തോട് അഭ്യർഥിച്ച് മകൾ
text_fieldsമാത്യു ഹെയ്ഡൻ
ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് വെറ്ററൻ താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനു (എം.സി.ജി) ചുറ്റും നഗ്നനായി നടക്കുമെന്ന് മുൻ ആസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വീരവാദം.
ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡുകൾ കുറിച്ച് മുന്നേറുന്ന ഇംഗ്ലീഷ് താരത്തിന് ഓസീസ് മണ്ണിൽ ഇതുവരെയും ഒരു സെഞ്ച്വറി നേടാനായിട്ടില്ല. ടെസ്റ്റ് സെഞ്ച്വറികളിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനു പിന്നിൽ രണ്ടാമതാണ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇതിനിടെ സ്വന്തമാക്കി. ഇത്തവണ ഓസീസ് മണ്ണിലെ സെഞ്ച്വറി ക്ഷാമം റൂട്ട് തീർക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹെയ്ഡൻ.
ചർച്ചക്കിടെ പാനലിസ്റ്റുകൾ ആഷസിലെ എക്കാലത്തെയും മികച്ച ഇലവൻ തെരഞ്ഞെടുത്തപ്പോൾ റൂട്ടിനെ ഒഴിവാക്കിയതാണ് ഹെയ്ഡനെ ചൊടിപ്പിച്ചത്. പിന്നാലെയാണ് കമന്റേറ്റർ കൂടിയായ ഹെയ്ഡൻ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ‘അവൻ ഇംഗ്ലണ്ട് ടീമിലെ കംപ്ലീറ്റ് പാക്കേജാണ്. ടീമിൽ ജോ റൂട്ട് ഇല്ലാത്തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ശരാശരി 40 ആണ്, ഉയർന്ന സ്കോർ 180ഉം. ഈ ആഷസിൽ അവൻ ഒരു സെഞ്ച്വറി നേടിയില്ലെങ്കിൽ ഞാൻ എം.സി.ജിയിലൂടെ നഗ്നനായി നടക്കും’ -ഹെയ്ഡൻ പറഞ്ഞു.
താരത്തിന്‍റെ വാക്കുകൾ പാനലിസ്റ്റുകളിൽ ചിരിപടർത്തി. ഹെയ്ഡന്റെ പ്രവചനം നിമിഷങ്ങൾക്കകം ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചയായി. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തുവന്നത്. ഇതിനിടെ ഹെയ്ഡന്റെ മകളും അവതാരകയുമായ ഗ്രേസ് ഹെയ്ഡനണറ റൂട്ടിനോട് കുടുംബത്തിന്‍റെ മാനം രക്ഷിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തി. ‘ജോ റൂട്ട്, ദയവായി സെഞ്ച്വറി നേടുക’ -ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആസ്‌ട്രേലിയയിൽ നടന്ന കഴിഞ്ഞ മൂന്ന് ആഷസ് പരമ്പരകളിലും ഇംഗ്ലണ്ട് തോറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി തകർക്കുമ്പോഴും ഓസീസ് മണ്ണിലെ റൂട്ടിന്‍റെ കണക്കുകൾ അത്ര മികച്ചതല്ല. 27 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 35.68 ശരാശരിയിൽ 892 റൺസാണ് അദ്ദേഹം നേടിയത്. ഒമ്പത് അർധ സെഞ്ച്വറികളും ഉൾപ്പെടും. നവംബർ 21 മുതൽ 2026 ജനുവരി എട്ടു വരെയാണ് ആഷസ് പരമ്പര.