Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താന്‍റെ റെക്കോഡ്...

പാകിസ്താന്‍റെ റെക്കോഡ് മറികടന്ന് ഇന്ത്യ, ട്വന്‍റി20യിൽ ചേസ് ചെയ്ത് കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യം

text_fields
bookmark_border
പാകിസ്താന്‍റെ റെക്കോഡ് മറികടന്ന് ഇന്ത്യ, ട്വന്‍റി20യിൽ ചേസ് ചെയ്ത് കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യം
cancel

റായ്പുർ: ട്വന്‍റി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, നായകൻ സൂര്യകുമാർ യാദവും നീണ്ട ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനും ഫോമിലേക്കുയർന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് കുറിച്ച 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ അനായാസം കീഴടക്കിയത്.

ട്വന്‍റി20യിൽ ഇന്ത്യ ചേസ് ചെയ്ത് കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യമാണിത്. ഓപ്പണർമാരായ സഞ്ജു സാംസണെയും അഭിഷേക് ശർമയെയും തുടക്കത്തിലെ നഷ്ടമായെങ്കിലും, സൂര്യ-ഇഷാൻ സഖ്യത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ ത്രില്ലർ ജയത്തിലേക്ക് നയിച്ചത്. 48 പന്തിൽ 122 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. നാലാം വിക്കറ്റിൽ സൂര്യയും ശിവം ദുബെയും വെടിക്കെട്ട് തുടർന്നതോടെ (37 പന്തിൽ 81 റൺസ്) ഇന്ത്യയുടെ വിജയം പ്രതീക്ഷിച്ചതിലും നേരത്തെയായി. 32 പന്തിൽ നാലു സിക്സും 11 ഫോറുമടക്കം 76 റൺസെടുത്താണ് ഇഷാൻ പുറത്തായത്. 37 പന്തിൽ 82 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. 23 ഇന്നിങ്സിനുശേഷമാണ് ട്വന്‍റി20യിൽ സൂര്യകുമാർ ഒരു അർധ സെഞ്ച്വറി നേടുന്നത്.

ഐ.സി.സി മുഴുവൻ സമയ അംഗങ്ങളിൽ 200 പ്ലസ് വിജയലക്ഷ്യം ഏറ്റവും കുറഞ്ഞ പന്തിൽ കീഴടക്കുന്ന റെക്കോഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. കീവീസ് മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം റായ്പുരിൽ 28 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞ വർഷം ഓക്ലാൻഡിൽ ന്യൂസിലൻഡിന്‍റെ 205 റൺസ് വിജയലക്ഷ്യം 24 പന്തുകൾ ബാക്കി നിൽക്കെ മറികടന്ന പാകിസ്താന്‍റെ പേരിലുള്ള റെക്കോഡാണ് ഇന്ത്യ മറികടന്നത്.

രണ്ട് വിക്കറ്റിന് ആറ് റൺസ് എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ സൂര്യയും ഇഷാനും ചേർന്നാണ് കരകയറ്റിയത്. രണ്ടര വർഷത്തിനുശേഷമാണ് ഇഷാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഐ.സി.സിയുടെ വാർഷിക കരാറിൽനിന്നുപോലും പുറത്തായ താരത്തെ, ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചുവിളിക്കുന്നത്. ടോസ് നേടിയിട്ടും എതിരാളികളെ ബാറ്റിങ്ങിന് വിട്ട ഇന്ത്യൻ ക്യാപ്റ്റന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുംവിധമായിരുന്നു ന്യൂസിലൻഡിന്റെ തുടക്കം. അർഷ്ദീപ് എറിഞ്ഞ ആദ്യ ഓവറിൽ ബാറ്റുവീശിയ ഡെവൻ കോൺവെ ഒരു മയവുമില്ലാതെ തകർത്തടിച്ചപ്പോൾ പിറന്നത് ഒരു സിക്സും മൂന്ന് ഫോറുമായി 18 റൺസ്.

രണ്ടാം പന്തിലെ ഔട്ട്സ്വിങ്ങർ അതിർത്തി കടത്തി തുടങ്ങിയ കോൺവേയുടെ വെടിക്കെട്ട് പക്ഷേ, ഹാർദിക് എറിഞ്ഞ അടുത്ത ഓവറിൽ കണ്ടില്ല. ഒരു തവണ കൂടി അർഷദീപ് പന്തുമായെത്തിയപ്പോൾ മൂന്നാം ഓവറിൽ റൺപൂരം സീഫെർട്ട് വകയായിരുന്നു. ഇത്തവണ നാല് ഫോറാണ് താരം അടിച്ചുപറത്തിയത്. നാലാം ഓവറിൽ പന്തെടുത്ത ഹർഷിത് പക്ഷേ, കളി മാറ്റി. ഒമ്പത് പന്തിൽ 19 അടിച്ച കോൺവേയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. റണ്ണൊന്നും വഴങ്ങിയില്ലെന്ന് മാത്രമല്ല, വിക്കറ്റ് കൂടി നേടിയ ഹർഷിത് കളി ഇന്ത്യയുടെ വഴിയെ എത്തിച്ചു. കൊണ്ടും കൊടുത്തും പുരോഗമിച്ച കളിയിൽ ഇന്ത്യക്കായി ഏഴുപേരാണ് പന്തെറിഞ്ഞത്.

കുൽദീപ് യാദവ് രണ്ടുപേരെ മടക്കി മികവു കാട്ടിയപ്പോൾ ഹാർദിക്, ഹർഷിത്, വരുൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുവശത്ത്, രചിൻ രവീന്ദ്രയും മിച്ചൽ സാന്റ്നറുമായിരുന്നു കിവി നിരയിലെ മികച്ച സ്കോറർമാർ. ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Show Full Article
TAGS:India Vs New Zealand T20 Ishan Kishan suryakumar yadav T20 World Cup 
News Summary - India Break Pakistan's Record In Big Win Over New Zealand
Next Story