മുൻനിര വീണു; വെടിക്കെട്ടുമായി ഹാർദിക്; ഇന്ത്യ 175/6
text_fieldsഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ്
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യക്ക് 175 റൺസ്. ആദ്യ ഓവറിൽ തന്നെ ഓപണർ ശുഭ്മാൻ ഗില്ലിനെ നാല് റൺസുമായി നഷ്ടമായി വിക്കറ്റ് വീഴ്ചയോടെ തുടങ്ങിയ ഇന്ത്യയെ മധ്യനിരയിൽ തിലക് വർമയും (26), അക്സർ പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹർദിക് പാണ്ഡ്യയും (28 പന്തിൽ 59 നോട്ടൗട്ട്) ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. മൂന്നിന് 48 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ പുറത്തിരുത്തി കളിക്കാനിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ആതിഥേയരെ ബാറ്റിങ്ങിന് അയക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തീരുമാനം.
ഇന്ത്യക്കായി ഓപൺ ചെയ്തത് അഭിഷേക് ശർമയും (17), ശുഭ്മാൻ ഗില്ലും. ആദ്യ ഓവർ എറിഞ്ഞ ലുൻഗി എൻഗിഡിയെ ബൗണ്ടർ പായിച്ച് ഗിൽ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തിൽ പുറത്തായി. നായകൻ സൂര്യകുമാർ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവിൽ മധ്യനിരയിൽ തിലക് വർമയും അക്സർ പട്ടേലും, അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ലുൻഗി എൻഗിഡി മൂന്നും ലിതോ സിപമ്ല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
പരിക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാരായുള്ളത്. സ്പിന്നർമാരായി വരുൺ ചക്രവർത്തിയും അക്സർ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോൾ കുൽദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.
ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓൾ റൗണ്ടർ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്‍റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പർ ബാറ്ററായി കളിച്ചത്.


