അപരാജിതയാത്രയുടെ ആ പത്ത്
text_fieldsലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം ഗ്ലെൻ മാക്സ്വെലിന് ജഴ്സി സമ്മാനിക്കുന്ന വിരാട് കോഹ്ലി
‘‘ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് നമ്മുടേത്. പക്ഷെ ഈ ദിവസം നമ്മുടേതായിരുന്നില്ല. നിങ്ങളുടെ അധ്വാനത്തിൽ ഞങ്ങൾ അഭിമാനംകൊള്ളുന്നു. പത്ത് വിജയങ്ങളിലൂടെ കോടികൾക്ക് നിങ്ങൾ നൽകിയ സന്തോഷത്തിന് നന്ദി.’’ 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയ ടീമിലെ അംഗമായ സുനിൽ ഗാവസ്കറിന്റെ വാക്കുകളാണ്. മുൻകളിക്കാർ മുതൽ സാധാരണ ആരാധകർ വരെ ഇത്തവണ ടീമിനെ പഴിക്കാൻ പോയിട്ടില്ല.
ഫൈനലിൽ പാളിയ തന്ത്രങ്ങളെ കുറിച്ച് മാത്രമാണ് വിമർശനം വന്നത്. അതിന് മുമ്പ് കളിച്ച ഓരോ കളിയിലും ത്രസിപ്പിക്കപ്പെട്ടാണ് അവരെല്ലാം കിരീടധാരണത്തിനായി കാത്തിരുന്നത് എന്നുമാത്രം. ലോകകപ്പിലെ തുടർച്ചയായ വിജയങ്ങളിലെ റെക്കോഡ് നിലവിൽ ആസ്ട്രേലിയയുടെ പേരിലാണ്. കിരീടനേട്ടത്തോടെ റെക്കോഡിലുമെത്താമെന്ന ഇന്ത്യയുടെ മോഹവും പൊലിഞ്ഞു.
ഓസീസിൽ തുടങ്ങി; ഒടുങ്ങി
വിറച്ചാണ് ഇന്ത്യ തുടങ്ങിയത്. ഇതേ ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ. ലോകചാമ്പ്യന്മാരെ വെറും 199 ൽ ഇന്ത്യയുടെ ആറ് ബൗളർമാർ ചേർന്ന് ഒതുക്കിയെങ്കിലും ബാറ്റിങ് തുടക്കത്തിൽ പാളി. ഈ ലോകകപ്പിന്റെ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ശുഭ്മൻ ഗിൽ ഡെങ്കിപ്പനി പിടിച്ച് പുറത്തായി. നായകൻ രോഹിത് ശർമയടക്കം മുൻനിരയിലെ മൂന്നുപേർ സംപൂജ്യരായപ്പോൾ രണ്ട് റൺസിന് മൂന്നു വിക്കറ്റെന്ന നിലയിൽ ഇന്ത്യ കിതച്ചു.
അവിടെ ഒത്തുചേർന്ന വിരാട് കോഹ്ലി - കെ.എൽ. രാഹുൽ സഖ്യം പടുത്തുയർത്തിയ 165 റൺസ് സഖ്യമാണ് ഇന്ത്യയെ കരക്കടുപ്പിച്ചത്. ഇവിടെ നിന്നാണ് ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയ ഇന്ത്യയുടെ വിജയ റോക്കറ്റിന് തിരികൊളുത്തിയത്. എന്നാൽ കിരീടത്തിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രം. അതേ ഓസീസിനോട് തന്നെ ഒടുവിൽ തോൽവി.
ലീഗിലെ രണ്ടാമത്തെ കളി അഫ്ഗാനിസ്താനോടായിരുന്നു. ഓസീസിനോട് പരാജയപ്പെട്ട ഇന്ത്യൻ ബാറ്റിങ് മുൻനിര ഇത്തവണ കത്തുന്ന ഫോമിലെത്തി. വെറും 35 ഓവറിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ രാജകീയ വിജയം. ഈ അഫ്ഗാനാണ് പിന്നീട് ടൂർണമെന്റിൽ വമ്പൻ അട്ടിമറികൾ നടത്തിയതെന്ന് ഓർക്കുക.
അടുത്ത എതിരാളികൾ ചിരവൈരികളായ പാകിസ്താനായിരുന്നു. വേദി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. ഇരുരാജ്യങ്ങളും ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയുടെ റെക്കോഡ് ഏകപക്ഷീയമായ എട്ടു വിജയത്തിലേക്ക് ഉയർന്നു. നന്നായി തുടങ്ങിയ ബംഗ്ലാദേശിനെ പിന്നീട് ഇന്ത്യൻ ബൗളർമാർ മെരുക്കി. പക്ഷേ ഇന്ത്യക്ക് വമ്പൻ തിരിച്ചടിയായി ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റു.
പരിക്കേൽക്കാത്ത പരീക്ഷണങ്ങൾ
ഹാർദിക്കിന്റെ പരിക്ക് ടീം കോമ്പിനേഷനിൽ വലിയ ആശയക്കുഴപ്പാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന് ഉണ്ടാക്കിയത്. ഹാർദിക്കിന് പകരംവെക്കാൻ ടീമിൽ ആരുമില്ല എന്നതായിരുന്നു പ്രശ്നം. ഒപ്പം ശാർദുൽ ഠാകുറിന്റെ മോശം ഫോമും പ്രശ്നമായി നിൽക്കുന്നുണ്ട്. അങ്ങനെയാണ് ഇന്ത്യ രണ്ടുപേരെയും മാറ്റി പുതിയ പരീക്ഷണത്തിന് ധൈര്യം കാണിച്ചത്.
ഹാർദിക്കിന് പകരം സൂര്യകുമാർ യാദവും ശാർദുലിന് പകരം മുഹമ്മദ് ഷമിയും ടീമിലെത്തി. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ കണ്ടത് മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ പേസറുടെ വിശ്വരൂപമായിരുന്നു.
ആദ്യ കളികളിൽ പുറത്തിരുത്തിയതിന്റെ പകവീട്ടും പോലെയായിരുന്നു ഷമിയുടെ പന്തുകൾ. സീം ബൗളിങ്ങിന്റെ മനോഹര മുഹൂർത്തങ്ങളിലൂടെ ഷമി അഞ്ചു വിക്കറ്റുകൾ കൊയ്തു. ഇന്ത്യ നാലു വിക്കറ്റിന് വിജയിച്ചു. കിവീസിനെതിരായ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചു.
അടുത്തത് നിലവിലെ ചാമ്പ്യന്മാർക്കെതിരെയായിരുന്നു. ഈ കളിയിലാണ് ഇന്ത്യ ഇതാദ്യമായി ആദ്യം ബാറ്റു ചെയ്തത്. പക്ഷെ കാര്യങ്ങൾ സുഖകരമായിരുന്നില്ല. വാലറ്റം ആദ്യമായി പരീക്ഷിക്കപ്പെട്ട കളിയിൽ ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 229 റൺസിൽ അവസാനിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഷമി രൗദ്രഭാവം പൂണ്ടു. ഇംഗ്ലണ്ട് 100 റൺസിന്റെ പരാജയം സമ്മതിച്ചു. ശ്രീലങ്കയുമായി നടന്നത് സ്കൂൾ ടീമിനോടെന്നപോലുള്ള കളിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 357 റൺസെടുത്ത ഇന്ത്യ ശ്രീലങ്കയെ വെറും 55 റൺസിന് പുറത്താക്കി. ഷമി മൂന്നാമതും വിശ്വരൂപം പുറത്തെടുത്തു. രണ്ടാമത്തെ അഞ്ചു വിക്കറ്റ് പ്രകടനം.
അതുവരെ വമ്പൻ പ്രകടനവുമായി എതിരാളികളെ നിഷ്പ്രഭരാക്കിയിരുന്ന ദക്ഷിണാഫ്രിക്കയായിരുന്നു അടുത്ത എതിരാളി. ശ്രീലങ്കയെ തകർത്തുവിട്ട അതേ നിലയിൽ പോർട്ടീസിനെയും ഇന്ത്യ നിലംപരിശാക്കി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 326 റൺസ് പടുത്തുയർത്തിയ ഇന്ത്യക്കെതിരെ 83 റൺസ് മാത്രമെ അവർക്ക് എടുക്കാനായുള്ളൂ. ഇത്തവണ അഞ്ചു വിക്കറ്റ് പ്രകടനവുമായി തിളങ്ങിയത് രവീന്ദ്ര ജദേജയാണ്.
പടിക്കൽ കിരീട നഷ്ടം
റൗണ്ട് റോബിൻ ലീഗിലെ അവസാന മത്സരം നെതർലൻഡ്സിനെതിരെയായിരുന്നു. പ്രസിദ്ധ് കൃഷ്ണക്കും അശ്വിനും ഇശാൻ കിഷനും അവസരം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിജയക്കൂട്ടിൽ മാറ്റം വരുത്തേണ്ടെന്ന പ്രഫഷനൽ സമീപനമാണ് ദ്രാവിഡ് സ്വീകരിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 410 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ശ്രേയസ് അയ്യരും കെ.എൽ. രാഹുലും സെഞ്ച്വറി നേടി. നെതർലൻഡ്സിന്റെ മറുപടി 250 റൺസിൽ അവസാനിച്ചു. ടീം തെരഞ്ഞെടുപ്പിലെ പ്രഫഷനലിസം പക്ഷെ ബൗളിങ്ങിൽ കണ്ടില്ല. രാഹുലും ശ്രേയസും അല്ലാത്തവരൊക്കെ ബൗൾ ചെയ്തു.
സെമിഫൈനൽ എതിരാളി കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് വിലങ്ങുതടിയായ അതേ ന്യൂസിലൻഡ്. കോഹ്ലിയുടെ മൂന്നാം സെഞ്ച്വറി. ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ച്വറി. ഇന്ത്യ നേടിയത് 397 റൺസ്. ലോകകപ്പിലെ അത്യപൂർവ പ്രകടനത്തിലൂടെ ഷമി ന്യൂസിലൻഡിന്റെ ഏഴു വിക്കറ്റുകൾ പിഴുതു. 10 മത്സരങ്ങളും ജയിച്ച് രാജകീയമായി ഇന്ത്യ ഫൈനലിലേക്ക്.
പരാജയത്തിന്റെ കാര്യകാരണങ്ങൾ പലതുമുണ്ടാവാം. ആദ്യ പത്ത് ഓവറിന് ശേഷം ഇന്ത്യ അമിത പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് തോൽവിക്ക് പിന്നിലെ പ്രധാന കാരണം എന്നു വേണം കരുതാൻ. പത്ത് ഓവറിന് ശേഷം 40 ഓവറിനിടെ ആകെ നേടിയത് മൂന്ന് ബൗണ്ടറി മാത്രം.
മുഹമ്മദ് ഷമി ന്യൂ ബാളിൽ വിക്കറ്റെടുത്തെങ്കിലും ആ തീരുമാനം മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ ബാധിച്ചു. ന്യൂ ബാളിൽ കൂടുതൽ അപകടകാരി സിറാജാണ്. ആ ദിവസം ആസ്ട്രേലിയക്ക് സ്വന്തമായിരുന്നു. ഒന്നേ കാൽ ലക്ഷത്തിലധികം കാണികൾ ഒന്നടങ്കം ഒരു ടീമിന് വേണ്ടി ആർത്തുവിളിക്കുമ്പോൾ അവരെ നിശ്ശബ്ദരാക്കി ലോകകിരീടവുമായി മടങ്ങുന്നവരത്രേ ഹീറോസ്.