ഇന്തോ അറബ് നൈറ്റ്; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യ-യു.എ.ഇ മത്സരം
text_fieldsദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് ബുധനാഴ്ച ആദ്യ മത്സരം. ആതിഥേയരായ യു.എ.ഇയാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. കടലാസിലും കളത്തിലും യു.എ.ഇ കരുത്തരല്ലാത്തതിനാൽ ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ബിഗ് മാച്ചുകൾക്കുള്ള ഡ്രസ് റിഹേഴ്സലാണ് ഈ കളി. എങ്കിലും, ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്ന യു.എ.ഇയെ നിസ്സാരമായി കാണാൻ മെൻ ഇൻ ബ്ലൂവിന് കഴിയില്ല. ട്വന്റി20 പ്രതിഭകളുടെ നീണ്ടനിരയുള്ളതിനാൽ അന്തിമ ഇലവനെ ഒരിക്കൽ പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ സൂര്യകുമാറിനും വെല്ലുവിളിയാണ്.
സഞ്ജു എന്തു ചെയ്യും?
ഉപനായകന്റെ അധിക ചുമതലയോടെ ട്വന്റി20 സംഘത്തിൽ തിരിച്ചെത്തിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്നിങ്സ് ഓപൺ ചെയ്യാനാണ് സാധ്യത. ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അഭിഷേകും ഓപണർമാരുടെ റോൾ ഏറ്റെടുത്തിരുന്നു. ബാറ്റിങ്ങിലെ സ്ഥിരതയും ബൗളിങ്ങിലെ മികവും അഭിഷേകിന്റെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. തിലക് വർമ, സൂര്യകുമാർ തുടങ്ങിയവർ പിന്നാലെ വരാനുള്ളതിനാൽ സഞ്ജുവിന്റെ സാധ്യതകൾ തുലാസ്സിലായിരിക്കുകയാണ്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ ഫിനിഷറെന്നനിലയിൽ കഴിവ് തെളിയിച്ചിട്ടുമുണ്ട്.
ഓൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ സംശയമില്ല. അക്ഷർ പട്ടേലും ശിവം ദുബെയും ഈ ഗണത്തിൽ ഏറക്കുറെ ഇടമുറപ്പിച്ചിവരാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ഡിപ്പാർട്ട്മെന്റിൽ അർഷ്ദീപ് സിങ്ങുണ്ടാവും. ശേഷിക്കുന്ന ഒരു ഒഴിവ് പേസർക്കാണോ സ്പിന്നർക്കാണോ നൽകുകയെന്നതിൽ വ്യക്തത വരാനുണ്ട്. പേസറായി ബാക്കിയുള്ളത് ഹർഷിത് റാണയാണ്. സ്പെഷലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമുണ്ട്. ബാറ്ററായ അഭിഷേക് പാർട്ട് ടൈം സ്പിന്നറാണ്.
നേർക്കുനേർ ചരിത്രം
യു.എ.ഇക്കെതിരെ ഇതുവരെ മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമാണ് ഇന്ത്യ കളിച്ചത്. നാലിലും ജയിച്ചു. 2016ൽ ബംഗ്ലാദേശിലെ മിർപുരിൽ നടന്ന ഏഷ്യ കപ്പ് മത്സരമാണ് ഏക ട്വന്റി20. അന്ന് ഒമ്പത് വിക്കറ്റിനായിരുന്നു രോഹിത് ശർമ നയിച്ച ടീമിന്റെ വിജയം. മുൻ ഇന്ത്യൻ താരമായ ലാൽചന്ദ് രജ്പുത് പരിശീലിപ്പിക്കുന്ന യു.എ.ഇ സംഘത്തിൽ ചില മികച്ച താരങ്ങളുണ്ട്. ഓപണിങ് ബാറ്ററായ മുഹമ്മദ് വസീമാണ് ക്യാപ്റ്റൻ. ഏഷ്യ കപ്പ് മുന്നൊരുക്കമെന്നോണം ഇയ്യിടെ ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ജയിക്കാനായില്ലെങ്കിലും പാകിസ്താനും അഫ്ഗാനിസ്താനുമെതിരെ ശ്രദ്ധേയ പ്രകടനമാണ് യു.എ.ഇ നടത്തിയത്. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും. മറ്റ് ടീമുകളായ പാകിസ്താനെ സെപ്റ്റംബർ 14നും ഒമാനെ 19നും മെൻ ഇൻ ബ്ലൂ നേരിടും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്കു സിങ്.
യു.എ.ഇ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, ആര്യാൻഷ് ശർമ, ആസിഫ് ഖാൻ, ധ്രുവ് പരാശർ, ഏദൻ ഡിസൂസ, ഹൈദർ അലി, ഹർഷിത് കൗശിക്, ജുനൈദ് സിദ്ദീഖ്, മതീഉല്ല ഖാൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് സുഹൈബ്, രാഹുൽ ചോപ്ര, റോഹിദ് ഖാൻ, സിമ്രാൻജീത് സിങ്.