ഗംഭീറിന്‍റെ പ്രതീക്ഷ കാത്ത് ഹർഷിത് റാണ; ആസ്ട്രേലിയ 236ന് പുറത്ത്
text_fieldsമാറ്റ് റെൻഷോയെ പുറത്താക്കിയ വാഷിങ്ടൺ സുന്ദറിന്‍റെ ആഹ്ലാദം
സിഡ്നി: ആസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 46.4 ഓവറിൽ 236ന് ഓൾഔട്ടായി. അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് (56) ആതിഥേയരുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ വമ്പൻ സ്കോർ അടിച്ചെടുക്കാമെന്ന ഓസീസ് മോഹം പൊലിയുകയായിരുന്നു. നാല് വിക്കറ്റ് പിഴുത ഹർഷിത് റാണ പരിശീലകൻ ഗംഭീറിന്‍റെ പ്രതീക്ഷ കാത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്കായി മുൻനിര ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ഒമ്പതാം ഓവറിൽ സ്കോർ 61ൽ നിൽക്കേ, 29 റൺസടിച്ച ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. 16-ാം ഓവറിൽ മാർഷിനെ (41) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്കോർ രണ്ടിന് 88. ക്ഷമയോടെ കളിച്ച മാത്യു ഷോർട്ടിനെ വാഷിങ്ടൺ സുന്ദർ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. 52 പന്തിൽ 41 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
മാറ്റ് റെൻഷോക്കൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കിയ അസക്സ് കാരി (24), ഹർഷിത് റാണയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. അർധ സെഞ്ച്വറി പിന്നിട്ട റെൻഷോയെ 37-ാം ഓവറിൽ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി. 58 പന്തിൽ 56 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീടെത്തിയവരിൽ കൂപ്പർ കൊണോലിക്ക് (23) മാത്രമാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. മിച്ചൽ ഓവൻ (1), മിച്ചൽ സ്റ്റാർക് (2), നേഥൻ എല്ലിസ് (16), ജോഷ് ഹെയ്സൽവുഡ് (0), ആദം സാംപ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടചെ സ്കോർ. ഇന്ത്യക്കായി ഹർഷിത് നാല് വിക്കറ്റ് നേടിയപ്പോൾ രണ്ട് വിക്കറ്റ് സുന്ദർ സ്വന്തമാക്കി.
ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാകട്ടെ ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. കുൽദീപിന് ഒരുവിക്കറ്റ് മാത്രമാണ് മത്സരത്തിൽ നേടാനായത്. ആദ്യ രണ്ട് മത്സരങ്ങളിലും റൺ കണ്ടെത്താനാകാത്ത വിരാട് കോഹ്ലിയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമാണ്.


