അക്കൗണ്ട് തുറക്കും മുമ്പ് ജയ്സ്വാളും സായ് സുദർശനും പുറത്ത്; ആദ്യ ഓവറിൽ ഇന്ത്യയെ ഞെട്ടിച്ച് വോക്സ്
text_fieldsമാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ ലീഡിന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഇരട്ട പ്രഹരമേൽപ്പിച്ച് ക്രിസ് വോക്സ്. ഓപണർ യശ്വസ്വി ജയ്സ്വാളിനെയും സായ് സുദർശനെയും സ്കോർ ബോർഡിൽ റൺ ചേർക്കുന്നതിനു മുമ്പ് സംപൂജ്യരാക്കിയാണ് വോക്സ് പവലിയനിലേക്ക് മടക്കി അയച്ചത്. ആദ്യ ഓവറിലെ നാലാം പന്തിൽ ജയ്സ്വാളിനെ ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ച വോക്സ്, തൊട്ടടുത്ത പന്തിൽ സായ് സുദർശനെ ഹാരി ബ്രൂക്കിന്‍റെ കൈകളിലെത്തിച്ചു.
അവസാന പന്ത് നേരിടാനെത്തിയത് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ഗില്ലിനെ പുറത്താക്കി ഹാട്രിക് നേടാമെന്ന വോക്സിന്‍റെ പ്രതീക്ഷ പക്ഷേ അസ്ഥാനത്തായി. ഫുൾ ലെങ്തിൽ എത്തിയ പന്ത് പാഡിൽ തട്ടിയതോടെ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. എന്നാൽ തുടക്കത്തിലേറ്റ പ്രഹരം ഇന്ത്യക്ക് ക്ഷീണമായേക്കും. ഗില്ലിനൊപ്പം കെ.എൽ. രാഹുലാണ് നിലവിൽ ക്രീസിലുള്ളത്. മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 669 റൺസിൽ അവസാനിച്ചിരുന്നു. 311 റൺസിന്‍റെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്. നാലാംദിനം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തിലാണ് ആതിഥേയർ 650 പിന്നിട്ടത്. 141 റൺസ് നേടിയ സ്റ്റോക്സിനെ രവീന്ദ്ര ജദേജ സായ് സുദർശന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. വലിയ ലീഡ് വഴങ്ങിയതോടെ പ്രതിരോധത്തിലൂന്നി ബാറ്റുചെയ്യാൻ ഇന്ത്യൻ ബാറ്റർമാർ നിർബന്ധിതരായിരിക്കുകയാണ്. ഒന്നര ദിവസത്തെ കളി ശേഷിക്കേ, തോൽക്കാതിരിക്കാനാകും ഇനി ടീം ഇന്ത്യയുടെ ശ്രമം.
നാലാംദിനം 186 റൺസിന്റെ ലീഡുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലിഷ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരോട് യാതൊരു ദയയും കാണിച്ചില്ല. മുറിവേറ്റ പുലിക്ക് ആക്രമണോത്സുകത കൂടും എന്നു പറയുംപോലെ ഇന്ത്യൻ ബൗളർമാരെ തല്ലിപറപ്പിക്കുകയായിരുന്നു ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ്. സ്റ്റോക്സിനെ കൂടാതെ ലിയാം ഡോവ്സൻ (26), ബ്രൈഡൻ കാഴ്സ് (47) എന്നിവരുടെ വിക്കറ്റാണ് ഇന്നു വീണത്. ലിയാം ഡോവ്സൻ 65 ബോളിൽ 26 റൺസെടുത്ത് ബുംറയുടെ ബോളിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത കാഴ്സിനെ ജദേജ സിറാജിന്‍റെ കൈകളിലെത്തിച്ചു.
വെള്ളിയാഴ്ചയും ആതിഥേയ ബാറ്റിങ് നിര ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ടു. ഒരു ഘട്ടത്തിലും ബൗളിർമാർക്ക് അവസരം നൽകാതെ കളിച്ച ടീമിന് ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഏറെയൊന്നും വിയർപ്പൊഴുക്കേണ്ടിവന്നില്ല. മഹാമേരുവായി ഇംഗ്ലീഷ് ബാറ്റിങ്ങിൽ നങ്കൂരമിട്ടുനിന്ന ജോ റൂട്ട് സെഞ്ച്വറി (150) കുറിച്ചപ്പോൾ മറുവശത്ത് ഓലി പോപ് അർധ സെഞ്ച്വറിയും നേടി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ പോപ് വിക്കറ്റ് നഷ്ടമായി കൂടാരം കയറിയപ്പോൾ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷയുണർന്നെങ്കിലും സ്റ്റോക്സ് എത്തിയതോടെ അതും അവസാനിച്ചു. ബുംറയും സിറാജുമടക്കം ഏറ്റവും കരുത്തർ പന്തെറിഞ്ഞിട്ടും എതിർ ബാറ്റിങ്ങിൽ പരിക്കേൽപിക്കാനാകാതെ ഇന്ത്യൻ ബൗളിങ് ഉഴറി.
അർധ സെഞ്ച്വറി നേടിയ ഓലി പോപ് (128 പന്തിൽ 71) ഹാരി ബ്രൂക് (12 പന്തിൽ മൂന്ന് റൺസ്), ജോ റൂട്ട്, ജേമി സ്മിത്ത് (ഒമ്പത്), ക്രിസ് വോക്സ് (നാല്) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം അവസാന സെഷനിലാണ് വീണത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ സുന്ദറും ജഡേജയുമടങ്ങുന്ന സ്പിന്നും സിറാജും ഷാർദുലുമടങ്ങുന്ന പേസും തരാതരം പോലെ എത്തിയിട്ടും മാറ്റമുണ്ടായില്ല. മത്സരം തോൽക്കാതിരിക്കാൻ ഇന്ത്യൻ ബാറ്റർമാർ ഓർഡ് ട്രഫോർഡിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.