'രവീന്ദ്ര സുന്ദരം'; തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും
text_fieldsമാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ഗംഭീര സെഞ്ച്വറികളുമായി സമനിലയിലേക്ക് കൈപിടിച്ചുയർത്തി രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും.
185 പന്തിൽ നിന്ന് 107 റൺസുമായി ജദേജയും 206 പന്തിൽ നിന്ന് 101 റൺസുമായു സുന്ദറും അഞ്ചാം വിക്കറ്റിൽ കളം നിറഞ്ഞതോടെ കളി സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ 143 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസിൽ നിൽക്കെവെയാണ് ഇരുടീമും സമനില സമ്മതിക്കുന്നത്. സ്കോർ: ഇന്ത്യ 358 & 425/4, ഇംഗ്ലണ്ട് 669.
പരമ്പരയിലെ ഒന്നും മൂന്നും ടെസ്റ്റുകളിൽ ഇംഗ്ലണ്ടും രണ്ടാമത്തെതിൽ ഇന്ത്യയുമാണ് ജയിച്ചത്. പരമ്പരയിൽ 2-1ന് മുന്നിലാണ് ആതിഥേയർ. ഈ കളി സമനിലയിലായതോടെ ഇന്ത്യക്ക് അഞ്ച് മത്സര പരമ്പര നേടാനാവില്ല. അവസാന മത്സരം ജയിച്ചാൽ പരമ്പര 2-2ന് സമനിലയിൽ പിടിക്കാം.
അഞ്ചാം ദിനം 174ന് രണ്ട് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഓപണർ കെ.എൽ. രാഹുലിന്റെ വിക്കറ്റ് ടീം സ്കോർ 188ൽ നിൽക്കെ നഷ്ടമായി. 230 പന്തിൽ 90 റൺസെടുത്ത രാഹുൽ സെഞ്ച്വറിക്കരികിൽ വീണു. പേസറും ഇംഗ്ലണ്ട് നായകനുമായ ബെൻ സ്റ്റോക്സ് താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി. സെഞ്ച്വറി തികച്ച ഉടൻ ഗിൽ പുറത്താകുമ്പോൾ സ്കോർ 222 റൺസ്. 1990ൽ സച്ചിൻ ടെണ്ടുൽക്കർ ശതകം നേടിയ ശേഷം ആദ്യമായാണ് ഓൾഡ് ട്രാഫോർഡിൽ ഒരു ഇന്ത്യക്കാരൻ ടെസ്റ്റിൽ നൂറ് കടക്കുന്നത്. ലഞ്ചിന് പിരിയുമ്പോൾ നാലിന് 223.
പിന്നെ കണ്ടത് ജദേജയുടെയും സുന്ദരമായ ചെറുത്തുനിൽപ്. 300ഉം കടത്തി ഇന്ത്യയെ മുന്നോട്ടുനയിച്ച സഖ്യം ലീഡിലുമെത്തിച്ചു. 117 പന്തിലായിരുന്നു വാഷിങ്ടണിന്റെ അർധ ശതകം. ജദേജ 86 പന്തിൽ 50ലെത്തി. ചായ സമയത്ത് സ്കോർ നാലിന് 322.
രണ്ടാമിന്നിങ്സിൽ ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ സ്കോർബോർഡ് തുറക്കുംമുമ്പ് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്രിസ് വോക്സിന്റെ ഓവറിലെ നാലാം പന്തിൽ ഓപണർ യശസ്വി ജയ്സ്വാളിനെ ഒന്നാം സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. മൂന്നാമനായെത്തിയ സായ് സുദർശന്റെ ബാറ്റിൽ കൊണ്ട പന്ത് രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിലെത്തിയതോടെ ഇന്ത്യ ശരിക്കും പരുങ്ങലിലായി. തുടർന്ന് രാഹുലും ഗില്ലും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനാണ് അവസാന ദിനത്തിൽ ജദേജയും വാഷിങ്ടൺ സുന്ദറും തുടർച്ചയുണ്ടാക്കിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358ന് പുറത്തായപ്പോൾ ഇംഗ്ലണ്ട് ജോ റൂട്ട്സ്, ബെൻ സ്റ്റോക്സ് എന്നിവരുടെ സെഞ്ചറി മികവിൽ 669 റൺസെന്ന കൂറ്റൻ സ്കോർ നേടി. ജയം ഏറെക്കുറെ അസാധ്യമെന്ന നിലയിൽ സമനില ലക്ഷ്യംവെച്ചാണ് ഇന്ത്യ ബാറ്റേന്തിയത്.