നാഗ്പുരിൽ അഭിഷേകിന്‍റെ വെടിക്കെട്ട്, റെക്കോഡ്; അവസാന ഓവറുകളിൽ റിങ്കു ഷോ, കിവീസിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ
text_fieldsഅർധ സെഞ്ച്വറി ആഘോഷിക്കുന്ന അഭിഷേക് ശർമ
നാഗ്പുർ: ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കിവീസിനു മുന്നിൽ 239 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമാണ് ആതിഥേയർ ഉയർത്തിയത്. അർധ സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 35 പന്തിൽ എട്ട് സിക്സും അഞ്ച് ഫോറും സഹിതം 84 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32), ഹാർദിക് പാണ്ഡ്യ (25), റിങ്കു സിങ് (44) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 238 റൺസ് നേടിയത്. ന്യൂസിലൻഡിനായി ജേക്കബ് ഡഫിയും കൈൽ ജാമിസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർ സഞ്ജു സാംസണെയും (10) ഇഷാൻ കിഷനെയും (8) തുടക്കത്തിലേ പുറത്താക്കി ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ ഒരറ്റത്ത് അഭിഷേക് നിലയുറപ്പിച്ച് കളിച്ചതോടെ സ്കോറുയർന്നു. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 99 റൺസിന്‍റെ നിർണായക പാർട്നർഷിപ് പടുത്തുയർത്തി. 11-ാം ഓവറിൽ സാന്‍റനർക്ക് വിക്കറ്റ് സമ്മാനിച്ച് സൂര്യ മടങ്ങുമ്പോൾ സ്കോർ 126. 22 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 32 റൺസ് നേടിയാണ് ഇന്ത്യൻ നായകൻ പുറത്തായത്.
സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന അഭിഷേക് 12-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. അൽപം ക്ഷമിച്ചിരുന്നെങ്കിൽ മൂന്നക്കം തികക്കാമായിരുന്ന അവസരം പാഴാക്കി താരം മടങ്ങുമ്പോൾ സ്കോർ 149. 22 പന്തിൽ അർധ ശതകം പിന്നിട്ട അഭിഷേക്, അതിവേഗ ഫിഫ്റ്റിയിൽ റെക്കോഡ് കുറിച്ചു. 25 അല്ലെങ്കിൽ അതിൽ താഴെ പന്തുകളിൽ എട്ടാം തവണയാണ് അന്താരാഷ്ട്ര ടി20യിൽ അഭിഷേക് അർധ സെഞ്ച്വറി നേടുന്നത്. ഹാർദിക് പാണ്ഡ്യ 25 റൺസ് നേടിയപ്പോൾ ശിവം ദുബെ (9), അക്സർ പട്ടേൽ (5) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ റിങ്കു സിങ് (20 പന്തിൽ 44) തകർത്തടിച്ചതോടെ സ്കോർ 230 കടന്നു.
ഫെബ്രുവരിയിലെ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലാണ് അഞ്ച് മത്സര പരമ്പര. കിവികൾക്കെതിരെ ഏകദിന പരമ്പര നഷ്ടമായ ക്ഷീണം കൂടി ചേരുമ്പോൾ സൂര്യകുമാർ യാദവിനും സംഘത്തിനും അഭിമാനപ്പോരാട്ടമാണിത്. ജനുവരി 23ന് റായ്പുരിലും 25ന് ഗുവാഹതിയിലും 28ന് വിശാഖപട്ടണത്തും 31ന് തിരുവനന്തപുരം കാര്യവട്ടത്തുമാണ് ബാക്കി മത്സരങ്ങൾ.


