ന്യൂസിലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ, 154 റൺസ് വിജയലക്ഷ്യം; ബുംറക്ക് മൂന്നു വിക്കറ്റ്
text_fieldsഗുവാഹതി: ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.
ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് സന്ദർശകരെ പിടിച്ചുകെട്ടിയത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ നാലു ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക് ചാപ്മാനും ഭേദപ്പെട്ട പ്രകടനം നടത്തി (23 പന്തിൽ 32 റൺസ്). മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല.
ഡെവൺ കോൺവേ (രണ്ടു പന്തിൽ ഒന്ന്), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (അഞ്ചു പന്തിൽ നാല്), ഡാരിൽ മിച്ചൽ (എട്ടു പന്തിൽ നാല്), മിച്ചൽ സാന്‍റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (അഞ്ചു പന്തിൽ മൂന്ന്), മാറ്റ് ഹെൻറി (ഒരു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു പന്തിൽ രണ്ടു റൺസുമായി ഇഷ് സോഡിയും മൂന്നു പന്തിൽ നാലു റൺസുമായി ജേക്കബ് ഡഫിയും പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, രവി ബിഷ്ണോയി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിത് റാണക്കാണ് ഒരു വിക്കറ്റ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാൽ പരമ്പര ഉറപ്പിക്കാം. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകിയാണ് ബുംറയെയും രവി ബിഷ്ണോയിയും ഇന്ത്യ കളിപ്പിച്ചത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ഹർഷിത് റാണ.
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ടീം സീഫെർട്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോഡി, മാർക്ക് ചാപ്‌മാൻ, റചിൻ രവീന്ദ്ര, കൈൽ ജാമിസൻ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി


