ഇന്ത്യ-പാകിസ്താൻ മത്സരം; വിറ്റഴിയാതെ മാച്ച് ടിക്കറ്റുകൾ; ഗാലറി നിറയില്ലേ..?
text_fieldsഏഷ്യാകപ്പ് മത്സരത്തിന് മുമ്പായി പാകിസ്താൻ, അഫ്ഗാൻ, ഇന്ത്യ ടീമുകളുടെ നായകർ
ദുബൈ: ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ -പാകിസ്താൻ മാച്ച് ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞില്ലത്രേ... സെപ്റ്റംബർ 14ന് നടക്കുന്ന ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടത്തിന്റെ മാച്ച് ടിക്കറ്റുകൾ ഇനിയുമുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും, ഐ.സി.സിയുടെയും ടൂർണമെന്റുകളിൽ മാത്രം കാണാവുന്ന അപൂർവ മത്സരമായി മാറിയ ഇന്ത്യ -പാക് മത്സരം വീണ്ടുമെത്തിയപ്പോൾ മാച്ച് ടിക്കറ്റ് വിൽപന പണ്ടേപോലെ ഹിറ്റല്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിരിച്ചടിയായി പാക്കേജ് സിസ്റ്റം
സാധാരണയായി ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപന ആരംഭിക്കും മുമ്പേ വിറ്റഴിക്കുന്നതാണ് പതിവ്. എന്നാൽ, ഏഷ്യാകപ്പിലെ ഇത്തവണത്തെ ശോകാവസ്ഥ സംഘാടകരെയും ഞെട്ടിച്ചു. ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കുള്ള വൻഡിമാൻഡ് കണക്കിലെടുത്ത് സംഘാടകർ നിശ്ചയിച്ച പാക്കേജ് സിസ്റ്റമാണ് തിരിച്ചടിയായത്. നേരത്തെ സിംഗ്ൾ മാച്ച് ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാമായിരുന്നുവെങ്കിൽ, ഇത്തവണ പാക്കേജ് വഴി മറ്റു ഏഴ് ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളും വാങ്ങണമെന്നാണ് നിയമം. ഇത് ആരാധകരെ പിന്നോട്ടടിപ്പിച്ചതായാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയും സംഘാടകർക്കെതിരെ വിമർശനം ശക്തമാണ്. വലിയൊരു തുകമുടക്കണമെന്നത് ആരാധകരെ സ്റ്റേഡിയത്തിലെത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. സിംഗ്ൾ മാച്ച് ടിക്കറ്റുകൾ അനുവദിക്കണമെന്നും ആവശ്യമുയരുന്നു.
ടിക്കറ്റ് നിരക്ക് 5000 മുതൽ 2.50 ലക്ഷം വരെ
ബാക്കിയുള്ള ടിക്കറ്റിന്റെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടും. രണ്ട് സീറ്റിന്റെ ടിക്കറ്റ് വില 2.5 ലക്ഷം രൂപ.
അണ്‍ലിമിറ്റഡ് ഫുഡ്, ബീവറേജസ് വി.ഐ.പി ക്ലബ് ലോഞ്ച്, പ്രത്യേക പ്രവേശനം, വിശ്രമ മുറി എന്നിവ ഉൾകൊളുന്ന പ്രീമിയം ടിക്കറ്റിനാണ് രണ്ടര ലക്ഷം രൂപ വിലയിട്ടത്. രണ്ട് ടിക്കറ്റ് ഉൾപ്പെടുന്നതാണ് ഈ വി.ഐ.പി ടിക്കറ്റ്.
റോയല്‍ ബോക്‌സ് ടിക്കറ്റ് നിരക്ക് 2.30 ലക്ഷം രൂപ മുതലാണ്. രണ്ടു ടിക്കറ്റ് ഉൾപ്പെടുന്നതാണ് ഇത്. സ്കൈ ബോക്സിന് 1.67 ലക്ഷവും, മധ്യനിരയിലെ ടിക്കറ്റിന് 75,000 രൂപയും ഗ്രാൻഡ് ലോഞ്ചിന് 41,000 രൂപയും, പവലിയൻ വെസ്റ്റിന് 28,000 രൂപയുമാണ് നിരക്ക്. സാധാരണക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്ന ജനറല്‍ ടിക്കറ്റിന് ഒരാള്‍ക്ക് 5,000 രൂപയ്ക്ക് മുകളിലാകും.