‘പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാനിറങ്ങിയ സചിൻ ടെണ്ടുൽക്കർ...’ അങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റിന്; കളിക്കാരെ നയിക്കേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റാവണം’
text_fieldsരാഷ്ട്രീയ-നയതന്ത്ര ശത്രുത ക്രിക്കറ്റ് കളത്തിലുമെത്തിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് മത്സരം യുദ്ധഭൂമിയിലെ സൈനിക ഏറ്റുമുട്ടൽ പോലെയായി മാറിയെന്ന് അഭിഭാഷകൻ അഡ്വ. ശ്രീജിത് പെരുമന.
കപിൽ ദേവും മിയാൻദായും, കിരൺ മോറെയും, സചിൻ ടെണ്ടുൽക്കറും സഈദ് അൻവറും ദാദയും , അഫ്രീദിയും , വെങ്കിടേഷ് പ്രസാദും , വസിം അക്രമും ഒക്കെ മനോഹരമാക്കിയ ഇന്ത്യ-പാക് റൈവൽറിയുടെ ഇന്നത്തെ അവസ്ഥ സങ്കടകരമാണ്. പണ്ടൊരു നാളിൽ ഇന്ത്യയിൽ ഒരു ഫെസ്റ്റിവൽ മാച്ച് കളിച്ച പാകിസ്താൻ ടീമിനു വേണ്ടി പകരക്കാരനായി സചിൻടെണ്ടുൽകർ ഫീൽഡിങ്ങിനിറങ്ങിയ ചരിത്രവും ഇരുരാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് ബന്ധത്തിന്റെ ഏടുകളിലുണ്ടായിരുന്നതായി അഡ്വ. ശ്രീജിത് പെരുമന ഫേസ് ബുക്ക് കുറിപ്പിലൂടെ ഓർമിപ്പിച്ചു. 1987ൽ ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം ഇന്ത്യൻ പര്യടനത്തിനെത്തിയപ്പോൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫെസ്റ്റിവൽ മത്സരത്തിനിറങ്ങിയപ്പോഴായിരുന്നു ജാവേദ് മിയാൻദാദും അബ്ദുൽ ഖാദിറും ലഞ്ച് ബ്രേക്കിനായി കളം വിട്ടപ്പോൾ പാകിസ്താൻ ടീമിനായി ഫീൽഡ് ചെയ്യാൻ 15കാരനായ സചിൻ ടെണ്ടുൽകർ കളത്തിലിറങ്ങിയത്. ഫീൽഡ് ചെയ്യാൻ സ്വയം സന്നദ്ധനായിറങ്ങിയ സചിൻ ഏതാനും സമയം പാക് ജഴ്സി അണിഞ്ഞ് ഫീൽഡ് ചെയ്യുകയായിരുന്നു.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം...
ഏഷ്യ കപ്പ് വിജശ്രീലാളിതരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പറയാതെ വയ്യ.
‘ഒരു ടീം ട്രോഫി ബഹിഷ്കരിക്കുന്നു എതിർ ടീം ചെക്ക് വലിച്ചെറിയുന്നു സമ്മാനം നൽകാൻ എത്തിയ വിശിഷ്ടാഥിതി ട്രോഫി കൊണ്ട് മുങ്ങുന്നു’- കണ്ടറിഞ്ഞ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥ. കപിൽ ദേവും മിയാൻദായും, കിരൺ മോറെയും , ടെണ്ടുൽക്കറും സയ്യിദ് അൻവറും ദാദയും , അഫ്രീദിയും , വെങ്കിടേഷ് പ്രസാദും , വസിം അക്രമും ഒക്കെ മനോഹരമാക്കിയ ഇന്ത്യ-പാക് റൈവൽറിയുടെ ഇന്നത്തെ അവസ്ഥ സങ്കടകരമാണ്.
പാക്കിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമാണ് എന്നതിൽ സംശയമില്ല. പക്ഷേ പരസ്പരം മത്സരിക്കാൻ തയ്യാറായ സാഹചര്യത്തിൽ സ്പോർട്സമാൻ സ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യാൻ നമുക്ക് ബാധ്യതയുണ്ടായിരുന്നു. അല്ലെങ്കിൽ തീവ്രവാദം വളർത്തുന്ന കൊയ്യുന്ന ഒരു രാജ്യവുമായി ഞങ്ങൾ ക്രിക്കറ്റ് കളിക്കാനില്ല എന്ന് നിലപാട് എടുക്കണമായിരുന്നു.
നമ്മുടെ ശത്രുവിന്റെ കയ്യിൽ നിന്ന് തന്നെ അംഗീകാരം മേടിക്കുക എന്നതൊരു അഭിമാനമായിട്ടായിരുന്നു കാണേണ്ടിയിരുന്നത്.
ആലോചിച്ചു നോക്കൂ ഒരു ക്രിക്കറ്റ് ടൂർണമെന്റ് വിജയം ഓപ്പറേഷൻ സിന്ദൂർ എന്ന മിലിട്ടറി നടപടിയുമായി ബന്ധപ്പെടുത്തി കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ എന്നൊക്കെ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി രാജ്യസ്നേഹത്തിനും, സ്പോർട്സ്മാൻ സ്പിരിറ്റിനും മുകളിൽ ഉയർത്തിപ്പിടിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയമാണ്.
ഒരു അന്താരാഷ്ട്ര ഗെയിമിൽ വിജയിക്കുന്നത് എങ്ങനെ രാജ്യത്തിന്റെ നയതന്ത്ര വിജയം ആകും? രാജ്യങ്ങൾ തമ്മിൽ സംഘർഷം നടക്കുമ്പോൾ സൈനികർ ഏറ്റുമുട്ടുന്നതുപോലെയാണോ ക്രിക്കറ്റ് കളിയിൽ താരങ്ങൾ മത്സരിക്കുന്നതിനെ കാണേണ്ടത്.
ആലോചിച്ചു നോക്കൂ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നെങ്കിലോ.
ഇന്ത്യയുടെ സമീപകാല സൈനിക ആക്രമണമായ ‘ഓപ്പറേഷൻ സിന്ദൂർ’നു പാകിസ്ഥാന്റെ കനത്ത തിരിച്ചടി എന്ന് പ്രഖ്യാപിച്ച് പാകിസ്താനെതിരെ ഇന്ത്യ യുദ്ധ പ്രഖ്യാപനം നടത്തുമായിരുന്നോ?
രാഷ്ട്രിയ മുതലെടുപ്പിനു വേണ്ടി ഇന്ത്യയിൽ ഉണ്ടാക്കുന്ന സകല അക്രമണങ്ങളും പാകിസ്ഥാന്റെ മേൽ പഴി ചാർത്തും. എന്നാൽ മറ്റൊരു ഭാഗത്തുകൂടി കാശ്മീരിന്റെയും, അരുണാചലിന്റെയുമൊക്കെ ഭൂമി ചൈന മാന്തുമ്പോഴും ഇവിടെ രാമ നാമം ചൊല്ലിക്കൊണ്ടിരിക്കും. അമിത് ഷായുടെ മകനും ഗൗതവും ക്രിക്കറ്റിന്റെ തലപ്പത്തു ഇരിക്കുമ്പോൽ ഇന്ത്യൻ ടീം എങ്ങനെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്ന് ഗണിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കളി തോറ്റിരുന്നു എങ്കിൽ ഉള്ള അപമാനം വസ്ത്രവും, പേരും നോക്കി ഒന്നോ രണ്ടോ കളിക്കാരുടെ മുകളിൽ ചാർത്തിയേനെ സൊ കോൾഡ് ഭരണകൂടവും ബി.സി.സി.ഐയും.
രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലികഴിച്ച ധീരജവാന്മാരെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കണം സംശയമേതുമില്ലാ. പക്ഷെ ക്രിക്കറ്റ് കളി നടക്കുമ്പോൾ എന്തെങ്കിലും ചിഹ്നങ്ങൾ യൂണിഫോമിൽ ആലേഖനം ചെയ്ത് പ്രകടിപ്പിക്കുകയും, കപ്പ് മേടിക്കാതെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന സോ കോൾഡ് രാജ്യസ്നേഹത്തോട് പൂർണമായും വിയോജിക്കുന്നു.
‘വസുദൈവ കുടുംബകം’ അഥവാ ലോകം ഒരു കുടുംബമാണ് എന്ന മഹത് സന്ദേശം ലോകത്തിന് നൽകിയ രാഷ്ട്രം തന്നെ കേവലം ഒരു ഗെയിം എന്നതിനപ്പുറം ക്രിക്കറ്റിനെ പ്രത്യക്ഷമായി രാഷ്ട്രീയ വേദിയാക്കുന്ന നടപടി അംഗീകരിക്കാനാവില്ല.
രാജ്യത്തെ രാഷ്ട്രീയത്തിനനുസരിച്ചാണ് മത്സരത്തിൽ ഇറങ്ങുന്നത് എങ്കിൽ നാളെ കാവി ട്രൗസറുകളിട്ട് തൃശൂലവും എടുത്ത് ഇന്ത്യൻ ടീമും, കറുത്ത മുഖംമൂടി അണിഞ്ഞ് എ.കെ 47ഉം എടുത്ത് പാകിസ്ഥാൻ ടീമും, ളോഹയണിഞ് കുരിശുമെടുത്ത് ആസ്ട്രേലിയൻ ടീമും കളിക്കാനിറങ്ങിയാൽ എങ്ങനെയിരിക്കും.
രാജ്യങ്ങളുടെ രാഷ്ട്രീയം എന്തുമാകട്ടെ കളിക്കളത്തിൽ രാഷ്‌ട്രാതിർത്തികൾക്കുമപ്പുറം സ്പോർട്ട്‌സ്മാൻ സ്പിരിറ്റ് ആണ് കളിക്കാരെ നയിക്കേണ്ടത്. ഏറ്റവും മികച്ച രീതിയിൽ കളിച്ചും, വാതുവെച്ച് രാജ്യത്തെ ഒറ്റുകൊടുക്കാതെയുമാണ് ഒരു ക്രിക്കറ് കളിക്കാരന് ഏറ്റവും മികച്ചരീതിയിൽ രാജ്യസ്നേഹം പ്രകടിപ്പിക്കാവുന്നത് അല്ലാതെ പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുമ്പോൾ പഴയ യുദ്ധ കഥകൾ വിളിച്ചു പറഞ്ഞുകൊണ്ടല്ല.
സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന ഉട്ടോപ്യൻ രാജ്യസ്നേഹ യുക്തി മാത്രമേ ഈ കപ്പ് ബഹിഷ്കരണത്തിനുമുള്ളു.
1987-ൽ പാകിസ്ഥാൻ ഇന്ത്യ പര്യടനത്തിൽ, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യയുമായുള്ള ഒരു ഔദ്യോഗിക ഫെസ്റ്റിവൽ മത്സരത്തിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ ടീമിന് വേണ്ടി സാക്ഷാൽ സച്ചിനെ പകരക്കാരനായി ഫീൽഡറായി അയച്ചതും അങ്ങനെ സച്ചിൻ പാകിസ്ഥാൻ ടീമിന് വേണ്ടി കളിച്ചതുമൊക്കെ നല്ല ക്രിക്കറ്റ് കാലത്തിന്റെ ഓർമ്മയിൽ.
ഒരിക്കൽക്കൂടി ഏഷ്യാ കപ്പ് വിജയികളായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ