സഞ്ജു ഇല്ല, വിക്കറ്റ് കീപ്പറായി ജിതേഷ്; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു
text_fieldsകട്ടക്ക് (ഒഡിഷ): ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മലയാളി താരം സഞ്ജു സാംസൺ കളിക്കുന്നില്ല. ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പർ.
പരിക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പ്ലെയിങ് ഇലവനിലുണ്ട്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ബാറ്റിങ് ഓപ്പൺ ചെയ്യും. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ. സ്പിന്നർമാരായി വരുൺ ചക്രവർത്തിയും അക്സർ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോൾ കുൽദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.
ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓൾ റൗണ്ടർ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്‍റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പർ ബാറ്ററായി കളിച്ചത്.
നായകൻ സൂര്യകുമാർ യാദവ് ഫോം തെളിയിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ 20 മത്സരങ്ങൾക്കിടെ ഒരു അർധശതകം പോലും നേടിയിട്ടില്ല. അല്ലാത്ത പക്ഷം ടീമിൽനിന്ന് പുറത്താവാനിടയുണ്ട്. എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് പേസർ ആൻറിച് നോർയെ ഒരു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തി. ഡേവിഡ് മില്ലറടക്കം വെടിക്കെട്ട് വീരന്മാരാണ് ബാറ്റിങ്ങിന്‍റെ കരുത്ത്.
ടീം ഇന്ത്യ:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ
ടീം ദക്ഷിണാഫ്രിക്ക:
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, മാർകോ യാൻസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്


