കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു
text_fieldsതിരുവനന്തപുരം: സെപ്റ്റംബർ 27-ന് തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഓൺലൈൻ വഴി ടിക്കറ്റ് വിൽപന ആരംഭിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ആരാധകർ മുഴുവൻ ടിക്കറ്റുകളും സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടെയാണ് മത്സരത്തിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങിയ മുൻനിര സീനിയർ താരങ്ങൾ ഇന്ത്യക്കായി കളത്തിലിറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ് മലയാളി ആരാധകർ. ടിക്കറ്റ് വിൽപന തുടങ്ങിയ നിമിഷം മുതൽ വലിയ തിരക്കാണ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ അനുഭവപ്പെട്ടത്.
2026-ലെ കേരള ക്രിക്കറ്റ് ലീഗ് സീസൺ സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ടീമും വെസ്റ്റ് ഇൻഡീസും കേരളത്തിലേക്ക് എത്തുന്നത്. ഇത് പ്രാദേശിക ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇരു ടീമുകളും മത്സരത്തിനായി തിരുവനന്തപുരത്ത് എത്തും. പൂർണ്ണമായും കാണികളെക്കൊണ്ട് നിറഞ്ഞ ഗ്യാലറിയിലാകും വിൻഡീസിനെതിരായ ഇന്ത്യയുടെ പോരാട്ടം.


