വനിത ഏകദിനം: കിവീസ് 168ന് പുറത്ത്, ഇന്ത്യക്ക് 59 റൺസിന്റെ തകർപ്പൻ ജയം
text_fieldsവിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ
അഹ്മദാബാദ്: ട്വന്റി20 ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായി എത്തിയ ന്യൂസിലൻഡ് വനിത ടീമിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ തോൽവിയോടെ തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44.3 ഓവറിൽ 227 റൺസിന് പുറത്തായി. കിവീസിന്റെ മറുപടി 40.4 ഓവറിൽ 168ൽ തീർന്നു. 59 റൺസിനാണ് ആതിഥേയരുടെ ജയം.
അനാരോഗ്യം കാരണം പുറത്തിരുന്ന ഹർമൻപ്രീത് കൗറിന് പകരം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ടീമിനെ നയിച്ചത്. തേജൽ ഹസബ്നിസ് (42), ദീപ്തി ശർമ (41), യാസ്തിക ഭാട്യ (37), ജമീമ റോഡ്രിഗസ് (35), ഷഫാലി വർമ (33) എന്നിവരുടേതായിരുന്നു ബാറ്റിങ്ങിലെ കാര്യമായ സംഭാവനകൾ. തേജലിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. സ്കോർ 12ൽ നിൽക്കെ ക്യാപ്റ്റൻ സ്മൃതി മന്ദാനയെ (5) നഷ്ടമായ ശേഷമായിരുന്നു ടീം ഇന്ത്യയുടെ തിരിച്ചുവരവ്. അമേലിയ കെർ നാലും ജെസ് കെർ മൂന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ബ്രൂക് ഹല്ലിഡേ (39) ആണ് കിവീസിന്റെ ടോപ് സ്കോറർ. മാഡി ഗ്രീൻ (31), ലോറൻ ഡൗൺ (26), ജോർജിയ പ്ലിമർ (25), അമേലിയ കെർ (25) എന്നിവരാണ് കിവീസിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യക്കുവേണ്ടി രാധ യാദവ് മൂന്നും സൈമ താക്കർ രണ്ടും വിക്കറ്റ് നേടി. അഹ്മദാബാദിൽ ഞായറാഴ്ചയാണു പരമ്പരയിലെ രണ്ടാം മത്സരം.