ബാസിത്ത് ഈസ് ബോസ്
text_fieldsഅബ്ദുൽ ബാസിത്ത്
ട്വന്റി-ട്വന്റിയിലും ഏകദിന ക്രിക്കറ്റിലും കേരളം രാജ്യത്തിനായി മിനുക്കിയെടുക്കുന്ന ‘ഫിനിഷ’റാണ് എറണാകുളം സ്വദേശിയായ അബ്ദുൽ ബാസിത്ത് എന്ന ഇരുപത്തിയാറുകാരൻ. ഓൾറൗണ്ടർ എന്നതിനപ്പുറം ഇന്ന് ആഭ്യന്തര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ‘കില്ലർ ഫിനിഷർ’മാരിൽ ഒരാൾ. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ ക്യാപ്റ്റനായിരുന്ന ബാസിത്ത് 237 റൺസും 13 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. രണ്ടാം സീസണിലും റോയൽസിന്റെ നട്ടെല്ലായ താരം പുതിയ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് മനസ് തുറക്കുന്നു
ആദ്യ കെ.സി.എൽ സീസണിനെക്കുറിച്ച്..
വ്യക്തിപരമായി നോക്കിയാൽ വലിയ സന്തോഷം. വലിയൊരു ലീഗിൽ ക്യാപ്റ്റനാകുന്നത് ആദ്യമായിരുന്നു. ഓൾ റൗണ്ട് മികവിൽ നാലുകളികളോളം മുന്നിൽനിന്ന് ജയിപ്പിക്കാൻ സാധിച്ചു. സെമിയിൽ നിർഭാഗ്യം കൊണ്ടുമാത്രമാണ് തോറ്റത്. സ്വപ്നമായി കരുതിയിരുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് കെ.സി.എ ഒരുക്കി തന്നത്. സ്റ്റാർ സ്പോർട്സിലൂടെയും ഫാൻകോഡിലൂടെയും രാജ്യം മുഴുവനും ഞങ്ങളുടെ കളികൾ കണ്ടു. പുറത്തൊക്കെ കളിക്കാൻ പോകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾ വലിയ അദ്ഭുതത്തോടെയാണ് കെ.സി.എല്ലിനെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ തവണ ഐ.പി.എല്ലിൽ ഇടം ലഭിക്കാതെ വന്നപ്പോൾ നിരാശ തോന്നിയോ?
ഉറപ്പായും. അഞ്ചോളം ടീമുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. നല്ല അഭിപ്രായവും പറഞ്ഞതോടെ പ്രതീക്ഷയായി. പക്ഷേ കിട്ടിയില്ല. എന്തായാലും വിഷമം വേണം. ആ വിഷമമാണ് വീണ്ടും ജോലി ചെയ്യാനുള്ള ഇന്വസ്റ്റ്മെന്റ്. സമയമാകുമ്പോൾ എല്ലാം നടക്കും.
ഒന്നും കുറുക്കുവഴികളിലൂടെ ലഭിക്കില്ല. അണ്ടർ 16 സംസ്ഥാന ടീമിൽ കളിച്ച് ഏഴ് വർഷത്തിന് ശേഷമാണ് ഞാൻ കേരള സീനിയർ ടീമിലെത്തിയത്. സഞ്ജു ചേട്ടനെ തന്നെ നോക്കൂ. പത്ത് വർഷം മുമ്പ് അദ്ദേഹം ഇന്ത്യൻ ടീമിലെത്തിയിട്ടും ഇപ്പോഴാണ് അദ്ദേഹത്തിന് ടീമിൽ ഒരു ഇരിപ്പിടം കണ്ടെത്താൻ സാധിച്ചത്. അതിന് പിന്നിൽ അദ്ദേഹത്തിന്റെ നിരന്തരമായ കഠിനാധ്വാനമാണ്. ഏതൊരു താരത്തിനും അദ്ദേഹം പാഠമാണ്.
സഞ്ജു സാംസണിന്റെ സ്വാധീനം?
2021-22 കോവിഡ് കാലത്താണ് ഞാൻ കേരള ടീമിലെത്തുന്നത്. വിജയ ഹസാരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിക്കാതെ പുറത്തിരുന്നു. അന്ന് ക്യാപ്റ്റനായ സഞ്ജു ചേട്ടനോട് ചോദിച്ചു. എന്താണ് എന്നിൽ നിന്നും ടീം പ്രതീക്ഷിക്കുന്നത്. ടീമിൽ ഇടം നേടാൻ ഞാൻ എന്ത് ചെയ്യണം? ‘‘ കുറച്ച് പന്തിൽ കൂടുതൽ റൺസ് അടിക്കണം. വേണ്ടിവന്നാൽ ടീമിനായി രണ്ട് മൂന്ന് ഓവർ എറിയണം. ടീമിൽ വരികയാണെങ്കിൽ അതായിരിക്കും നിന്റെ റോൾ’’.ഇതായിരുന്നു ചേട്ടന്റെ മറുപടി.
എന്നിൽ നിന്ന് എന്താണോ ടീം ആഗ്രഹിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ അതിനായി പരിശീലിച്ച് തുടങ്ങി. കഴിഞ്ഞ വർഷം ബൗളിങ്ങിൽ നന്നായി ശ്രദ്ധിച്ചു. കെ.സി.എല്ലിൽ അതിന്റെ ഗുണവും ലഭിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനമടക്കം ടീമിനായി നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നേടാനായി.
ബാറ്റിങ്ങിൽ വലിയ സ്കോറുകൾ നേടിയില്ലെന്ന സങ്കടമുണ്ടോ?
ഇന്ത്യൻ ടീമിലായാലും ഐ.പി.എല്ലിലായാലും ഫിനിഷിങ് ഏരിയയിലാണ് കൂടുതൽ അവസരങ്ങളുള്ളത്. കുറച്ച് ബാളിൽ കൂടുതൽ റൺസടിക്കുന്നവരെയാണ് ടീമുകൾക്ക് വേണ്ടത്. എന്റെ ബാറ്റിങ് ശൈലി അത്തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ അവസാന ഓവറുകളിൽ ടീമിനായി ഇറങ്ങുന്ന ഞാൻ പവർ ഹിറ്റിങ്ങിലാണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ അത് കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞെന്നു തന്നെയാണ് വിശ്വസാം. അതുകൊണ്ടായിരിക്കുമല്ലോ വീണ്ടും ട്രിവാൻഡ്രം റോയൽസിന്റെ ഭാഗമായത്.
രാജസ്ഥാൻ റോയൽസിനൊപ്പം?
2022ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. ജയ്പൂരിൽ സുബിൻ ബറോച്ചയുടെ കീഴിലായിരുന്നു പരിശീലനം. അന്ന് അദ്ദേഹത്തിന് കീഴിൽ ലഭിച്ച പരിശീലനം കരിയറിൽ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.
രാജസ്ഥാന് വേണ്ടി ആദ്യമായും അവസാനമായും കളിച്ചത് ഒരേയൊരു മത്സരമാണ്. ഇപ്പോഴും എന്റെ മനസിൽ ആ മത്സരമുണ്ട് . ജയിക്കാൻ രണ്ട് ബാളിൽ 10 റൺസുള്ളപ്പോഴാണ് ഇറങ്ങിയത്. പക്ഷേ കിട്ടിയ ഒരു ബോളിൽ ഒരു റൺസാണ് എടുത്തത്.
ആ ബോൾ ഞാൻ എന്തുകൊണ്ട് അടിക്കാൻ ശ്രമിച്ചില്ലെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്. ഒരു പക്ഷേ ആ ബാൾ സിക്സോ, ഫോറോ അടിച്ചിരുന്നെങ്കിൽ എന്റെ കരിയർ തന്നെ മാറിയേനെ. എല്ലാം ഒരു സമയം.
കളത്തിലെ റോൾ മോഡൽ?
അങ്ങനെ ആരെയും അനുകരിക്കാൻ ശ്രമിക്കാറില്ല. എന്നെക്കാളും നന്നായി കളിക്കുന്നവരുണ്ട്. അവരെ നോക്കിയിരുന്നിട്ട് എന്ത് കാര്യം. ഞാൻ എന്നെ നന്നാക്കാനല്ലേ ശ്രമിക്കേണ്ടത്. പവർ ഹിറ്റിങ്ങാണ് എന്റെ കരുത്ത്. ആ കരുത്ത് കൂടുതൽ ശക്തമാക്കാനാണ് ശ്രമിക്കുന്നത്. ജിമ്മിലും പരിശീലനത്തിനും ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ശരീരം കൂടുതൽ ഫിറ്റായി.
കെ.സി.എല്ലിനെക്കുറിച്ച്?
കേരള സീനിയർ ടീമിലോ രഞ്ജിയിലോ കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂർ ഒരു ദിവസം ഇന്ത്യൻ ട്വന്റി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ഇന്ത്യൻ ഏകദിന ക്യാപ്ടൻ രോഹിത് ശർമക്കുമൊപ്പം ഐ.പി.എൽ കളിച്ചില്ലേ. അതിന് വഴിയൊരുക്കിയത് കെ.സി.എൽ ആണ്. ഇത്തരത്തിൽ കേരളത്തിൽ വളർന്നുവരുന്ന ചെറുപ്പക്കാർക്ക് ഐ.പി.എല്ലിലേക്കും അതുവഴി ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ് കേരള ക്രിക്കറ്റ് ലീഗ്.
ഇത്തവണയും ഐ.പി.എൽ ടീമുകളുടെ ടാലറ്റ് സ്കൗട്ട് അംഗങ്ങൾ കെ.സി.എൽ കാണാൻ എത്തുന്നു എന്നത് കളിക്കാർക്ക് ഐ.പി.എൽ ടീമുകളിൽ എത്താൻ വലിയ സാധ്യതയാണ് നൽകുന്നത്. ഇതിന് പുറമെ ലക്ഷങ്ങൾ നൽകി താരങ്ങളെ ടീമിലെത്തിക്കുന്ന കെ.സി.എൽ ലേലം , കളിക്കാർക്ക് സാമ്പത്തിക ഭദ്രത നൽകും. ക്രിക്കറ്റിനെ മുഴുവൻ സമയ പ്രൊഫഷനാക്കി തെരഞ്ഞെടുക്കാൻ യുവതലമുറക്ക് ആത്മവിശ്വാസവും നൽകുകയാണ് കെ.സി.എൽ.
രണ്ടാം സീസണിലെ പ്രതീക്ഷ
എങ്കിലും കഴിഞ്ഞ വർഷത്തെക്കാളും മികച്ച രീതിയിൽ പ്രകടനം നടത്തണമെന്നാഗ്രഹമുണ്ട്. സ്വന്തം പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചാൽ വല്ലാത്ത സമർദമാണ്. ഓരോ കളിയും ഗ്രൗണ്ടിൽ 100 ശതമാനം കൊടുത്ത് കളിക്കണം. അതിനപ്പുറമൊന്നും ഇപ്പോൾ മനസിൽ ഇല്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കിടിലൻ ടീമാണ് ഇത്തവണ റോയൽസ്. ബേസിൽ തമ്പിയും ഫാനൂസും എത്തിയതോടെ ബൗളിങ് യൂനിറ്റ് സെറ്റായി. ഇത്തവണ കപ്പ് റോയൽസിനുള്ളതാണ്.