അഭിഷേകിനും രാഹുലിനും അർധ സെഞ്ച്വറി; ലഖ്നോക്കെതിരെ ഡൽഹിക്ക് എട്ടുവിക്കറ്റ് ജയം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ടുവിക്കറ്റിന്റെ അനായാസ ജയം.ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 13 പന്ത് ബാക്കി നിൽക്കെ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപണർ അഭിഷേക് പൊരേലിന്റെയും (51) കെ.എൽ.രാഹുലിന്റെയും അർധ സെഞ്ച്വറിയാണ് ജയം അനായാസമാക്കിയത്. കരുൺനായർ 15 ഉം അക്ഷർ പട്ടേൽ പുറത്താകെ 34 ഉം റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ലഖ്നോ ഓപണർമാർ കരുതലോടെയാണ് കളി തുടങ്ങിയത്. മുനകൂർത്ത ആക്രമണവുമായി ഡൽഹി ബൗളർമാർ പിടിമുറുക്കിയപ്പോൾ സ്കോർ ബോർഡിൽ റണ്ണുകൾക്ക് വേഗം തീരെ കുറഞ്ഞു. 87 റൺസ് വരെ പിടിച്ചുനിന്ന ഓപണിങ് ജോഡി മോശമല്ലാത്ത തുടക്കം നൽകിയെങ്കിലും പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അർധ സെഞ്ച്വറി പിന്നിട്ട് 52 റൺസുമായി മർക്റമാണ് ആദ്യം മടങ്ങിയത്.
ചമീരക്കായിരുന്നു വിക്കറ്റ്. വൺഡൗണായി എത്തിയ നികൊളാസ് പൂരാനെ പിടിച്ചുനിൽക്കാൻ അനുവദിക്കാതെ സ്റ്റാർക്കും മടക്കി. അബ്ദുൽ സമദ് മുകേഷിന് റിട്ടേൺ ക്യാച്ച് നൽകി കൂടാരം കയറി. ഇതോടെ സമ്പൂർണ പ്രതിരോധത്തിലായ ടീം ഒരുഘട്ടത്തിലും കരകയറിയില്ല. വാലറ്റത്ത് ആയുഷ് ബദോനി മികച്ച ഷോട്ടുകളുമായി പിടിച്ചുനിന്നതു മാത്രമായിരുന്നു ആശ്വാസമായത്. മുകേഷ് എറിഞ്ഞ അവസാന ഓവറിൽ തുടരെ മൂന്ന് ബൗണ്ടറികൾ പായിച്ച ബദോനി അടുത്ത പന്തിൽ കുറ്റി തെറിച്ച് തിരികെ പോയി.
കഴിഞ്ഞ കളികളിലെല്ലാം മങ്ങിയ ഋഷഭ് പന്ത് മുകേഷിന്റെ തന്നെ പന്തിൽ ബൗൾഡായി. ഇതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ ലഖ്നോ സ്കോർ 159ലൊതുങ്ങി. ഡൽഹിക്കായി മുകേഷ് കുമാർ നാലു വിക്കറ്റെടുത്തപ്പോൾ സ്റ്റാർക്, ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റുമെടുത്തു.