രോഹിത് വീണ്ടും ഹിറ്റ്! അനായാസം മുംബൈ; ഹൈദരാബാദ് തോൽവി ഏഴു വിക്കറ്റിന്
text_fieldsഹൈദരാബാദ്: തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ ഹിറ്റ്മാനായി മാറിയപ്പോൾ മുംബൈക്ക് അനായാസ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് മുംബൈ തോൽപിച്ചത്.
രോഹിത് അർധ സെഞ്ച്വറിയുമായി ടീമിന്‍റെ ടോപ് സ്കോററായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ 15.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 46 പന്തിൽ മൂന്നു സിക്സും എട്ടു ഫോറുമടക്കം 70 റൺസെടുത്താണ് രോഹിത് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും താരം അർധ സെഞ്ച്വറി നേടിയിരുന്നു.
19 പന്തിൽ 40 റൺസുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു. രണ്ടു സിക്സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. റയാൻ റിക്കൽട്ടൻ (എട്ടു പന്തിൽ 11), വിൽ ജാക്സ് (19 പന്തിൽ 22) എന്നിവരാണ് മുംബൈ നിരയിൽ പുറത്തായത്. രണ്ടു റണ്ണുമായി തിലക് വർമ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ജയദേവ് ഉനദ്കട്ട്, സീഷാൻ അൻസാരി, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, അഞ്ചു വിക്കറ്റിന് 35 റൺസെന്ന നിലയിൽ തകർന്ന ഹൈദരാബാദിനെ ക്ലാസനും ഇംപാക്ട് പ്ലെയർ അഭിനവ് മനോഹരുമാണ് കരകയറ്റിയത്. 44 പന്തിൽ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 71 റൺസെടുത്താണ് ക്ലാസൻ പുറത്തായത്. അഭിനവ് 37 പന്തിൽ 43 റൺസെടുത്തു. മൂന്നു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.
ആറം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 99 റൺസാണ് ഹൈദരാബാദ് ഇന്നിങ്സിന്‍റെ നട്ടെല്ല്. പേരുകേട്ട ബാറ്റർമാരെല്ലാം അതിവേഗം കൂടാരം കയറി. ഒരുഘട്ടത്തിൽ 4.1 ഓവറിൽ 13 റൺസെടുക്കുന്നതിനിടെ നാലു മുൻനിര ബാറ്റർമാരെയാണ് ഹൈദരാബാദിന് നഷ്ടമായത്. ട്രാവിസ് ഹെഡ് (നാലു പന്തിൽ പൂജ്യം), അഭിഷേക് ശർമ (എട്ടു പന്തിൽ എട്ട്), ഇഷാൻ കിഷൻ (നാലു പന്തിൽ ഒന്ന്), നിതീഷ് കുമാർ റെഡ്ഡി (ആറു പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ 14 പന്തിൽ 12 റൺസെടുത്ത അനികേത് വർമയെയും നഷ്ടമായി.
പിന്നാലെ ക്ലാസനും അഭിനവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ടീം സ്കോർ നൂറുകടത്തി. നായകൻ പാറ്റ് കമ്മിൻസാണ് (രണ്ടു പന്തിൽ ഒന്ന്) പുറത്തായ മറ്റൊരു താരം. ഒരു റണ്ണുമായി ഹർഷൽ പട്ടേൽ പുറത്താകാതെ നിന്നു. മുംബൈക്കായി ട്രെന്‍റ് ബോൾട്ട് നാലു വിക്കറ്റ് വീഴ്ത്തി. ദീപക് ചഹർ രണ്ടും ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.