വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ! ബംഗളൂരുവിനോട് 11 റൺസിന് തോറ്റു; ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിൽ
text_fieldsബംഗളൂരു: മികച്ച തുടക്കം, ഒടുവിൽ ജയിക്കാവുന്ന മത്സരം എതിരാളികൾക്കു മുന്നിൽ അടിയറവെക്കുക, തുടർച്ചയായ മൂന്നാം മത്സരത്തിലും രാജസ്ഥാന്‍റെ ദുർവിധിക്ക് മാറ്റമില്ല. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 11 റൺസിന് തോറ്റതോടെ രാജസ്ഥാൻ റോയൽസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണർ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ. 19 പന്തിൽ മൂന്നു സിക്സും ഏഴു ഫോറുമടക്കം 49 റൺസെടുത്തു. ധ്രുവ് ജുറേൽ 34 പന്തിൽ 47 റൺസെടുത്തു. രാജസ്ഥാനായി ജയ്സ്വാളും ഇംപാക്ട് പ്ലെയറായി കളത്തിലെത്തി കൗമാരക്കാരൻ വൈഭവ് സൂര്യവംശിയും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 4.2 ഓവറിൽ 52 റൺസാണ് അടിച്ചെടുത്തത്. 12 പന്തിൽ 16 റൺസെടുത്ത വൈഭവ് ഭുവനേശ്വർ കുമാറിന്‍റെ പന്തിൽ ക്ലീൻ ബൗൾഡ്. പിന്നാലെ ജയ്സ്വാളും മടങ്ങി. ജോഷ് ഹെയ്സൽവുഡിന്‍റെ പന്തിൽ റൊമാരിയോ ഷെപ്പേർഡ് ക്യാച്ചെടുത്താണ് താരം പുറത്തായത്.
നിതീഷ് റാണയും നായകൻ റയാൻ പരാഗും ചേർന്ന് 8.1 ഓവറിൽ ടീം സ്കോർ നൂറ് കടത്തി. 22 പന്തിൽ 28 റൺസെടുത്ത് റാണയും 10 പന്തിൽ 22 റൺസെടുത്ത് പരാഗും മടങ്ങിയതോടെ രാജസ്ഥാൻ ക്യാമ്പിൽ ആശങ്ക. ടീം സ്കോർ 13.3 ഓവറിൽ നാലിന് 134. പിന്നാലെയെത്തിയ ഹെറ്റ്മയറിനും ക്രീസിൽ നിലയുറപ്പിക്കാനായില്ല. എട്ടു പന്തിൽ 11 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
ഭുവനേശ്വർ എറിഞ്ഞ 18ാം ഓവറിൽ ദുബെയും ജുറേലും കൂടി 22 റൺസ് അടിച്ചെടുത്തതോടെ വിജയ പ്രതീക്ഷ. അവസാന രണ്ടു ഓവറിൽ ജയിക്കാൻ 18 റൺസ്. ഹെയ്സൽവുഡ് എറിഞ്ഞ 19ാം ഓവറിൽ തൊട്ടടുത്ത പന്തുകളിൽ ജുറേലിനെയും ജൊഫ്ര ആർച്ചറെയും മടക്കിയതോടെ മത്സരം ബംഗളൂരുവിന്‍റെ കൈയിൽ, ആ ഓവറിൽ വിട്ടുകൊടുത്തത് ഒരു റൺ മാത്രം. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 17 റൺസ്. യാഷ് ദയാൽ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഏഴു പന്തിൽ 12 റൺസെടുത്ത ശുഭം ദുബെ പുറത്ത്. ആറു റൺസ് മാത്രമാണ് നേടാനായത്. ടീമിന് 11 റൺസ് തോൽവി.
നേരത്തെ, സൂപ്പർതാരം വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്‍റെയും അർധ സെഞ്ച്വറിയുടെ മികവിലാണ് ബംഗളൂരു 200ലെത്തിയത്. കോഹ്ലി 42 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 70 റൺസെടുത്താണ് പുറത്തായത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ അർധ സെഞ്ച്വറിയാണ് കോഹ്ലി കുറിച്ചത്. പടിക്കൽ 27 പന്തിൽ 50 റൺസെടുത്തു. മൂന്നു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പഞ്ചാബ് കിങ്സിനെതിരെ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത ബാറ്റിങ് വെടിക്കെട്ടിന്‍റെ തനിയാവർത്തനം തന്നെയായിരുന്നു സ്വന്തം തട്ടകമായ ചിന്നസ്വാമിയിലും കോഹ്ലിയും പടിക്കലും കാഴ്ചവെച്ചത്.
പഞ്ചാബിനെതിരായ മത്സരത്തിൽ ഇരുവരും നേടിയ അർധ സെഞ്ച്വറിയുടെ മികവിലാണ് ബംഗളൂരു അനായാസ ജയം കുറിച്ചത്. ഒന്നാം വിക്കറ്റിൽ കോഹ്ലിയും ഫിൽ സാൾട്ടും മികച്ച തുടക്കമാണ് നൽകിയത്. 6.4 ഓവറിൽ 61 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. പിന്നാലെ പടിക്കലിനെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ വെടിക്കെട്ട്. കോഹ്ലി പുറത്താകുമ്പോൾ ബംഗളൂരു 15.1 ഓവറിൽ രണ്ടിന് 156 റൺസെന്ന നിലയിലായിരുന്നു. ജൊഫ്ര ആർച്ചറുടെ പന്തിൽ നിതീഷ് റാണക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.
അധികം വൈകാതെ പടിക്കലും മടങ്ങി. സന്ദീപ് ശർമയുടെ പന്തിൽ റാണ ക്യാച്ചെടുക്കാണ് പടിക്കലിനെ പുറത്താക്കിയത്. നായകൻ രജത് പട്ടീദാർ മൂന്നു പന്തിൽ ഒരു റണ്ണുമായി മടങ്ങി. ടീം ഡേവിഡും (15 പന്തിൽ 23) ജിതേഷ് ശർമയും ചേർന്നാണ് (10 പന്തിൽ 19) ടീം സ്കോർ 200 കടത്തിയത്. രാജസ്ഥാനുവേണ്ടി സന്ദീപ് ശർമ രണ്ടു വിക്കറ്റ് നേടി. ജൊഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.