ഇക്കുറി തീയാണ് സൺറൈസേഴ്സ്, ആളിക്കത്തി പ്രതീക്ഷകൾ..
text_fields2016ൽ ഐ.പി.എൽ കിരീടം മുത്തമിട്ട സൺറൈസേഴ്സ് കഴിഞ്ഞ തവണ രണ്ടാം കിരീടത്തിന് തൊട്ടരികിൽനിന്നാണ് അടിയറവ് പറഞ്ഞത്. 2024 സീസണിൽ ഫൈനലിൽ കൊൽക്കത്തയോട് പരാജയപ്പെട്ട ഹൈദരാബാദ് റണ്ണേഴ്സ് അപ്പായി എത്തിയത് വമ്പൻ തിരിച്ചുവരവിലൂടെയാണ്. 2023ൽ ഏറ്റവും പിന്നിൽ നിന്ന ടീമാണ് ഹൈദരാബാദ്.
പുതിയ സീസണിലും ടീമിനെ അടിമുടി ശക്തരാക്കിയാണ് ഹൈദാബാദിന്റെ വരവ്. 2024 ലേലത്തിൽ കോടികൾ എറിഞ്ഞെടുത്ത ആസ്ട്രേലിയൻ താരം പാറ്റ് കമിൻസിനു തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കാനുള്ള ചുമതല. യുവാക്കളും പരിചയസമ്പന്നരും ഒത്തിണങ്ങിയ ടീമാണ് സൺറൈസേഴ്സ്. ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും അതിശക്തരാണ് ഓറഞ്ച് പട.
തീയാണ് സ്ക്വാഡ്
മികച്ച പേസ് ബൗളിങ് നിരയാണ് സൺറൈസേഴ്സിന്റെ മുതൽകൂട്ട്. ന്യൂബാളിനും ഡെത്ത് ഓവറുകളിലുമെല്ലാം പന്തെറിയാൻ പാകത്തിനുള്ള മികച്ച താരങ്ങൾ ടീമിനൊപ്പമുണ്ട്. ക്യാപ്റ്റൻ കമ്മിൻസിനൊപ്പം പരിചയസമ്പന്നനായ മുഹമ്മദ് ഷമികൂടി ടീമിലെത്തിയതോടെ ന്യൂ ബോളിൽ അവർ കരുത്തുകാട്ടും. കൂടെ ഹർഷൽ പട്ടേൽ, രാഹുൽ ചഹർ, ജയദേവ് ഉനദ്കട്ട്, ആദം സാംമ്പ എന്നിവരും ബൗളിങ് നിരക്ക് കരുത്താവും. ബാറ്റിങ്ങിൽ അപകടകാരിയായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തുടക്കമിടുന്ന വെടിക്കെട്ട് പൂരത്തിന് തടയിടാൻ എതിർടീമുകൾ പാടുപെടും.
പിന്നാലെ എത്തുന്ന ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ തുടങ്ങിയവരും ടീമിന് കരുത്താവും. മികച്ച ഫോമിലുള്ള മൂന്നിലധികം ഓൾറൗണ്ടർമാരും ടീമിനൊപ്പമുണ്ട്. സൺറൈസേഴ്സിന്റെ കണ്ടെത്തുലകളായിരുന്ന ഉമ്രാൻ മാലികും ടി. നടരാജനും ഇത്തവണ ടീമിനൊപ്പമില്ല.
ടീം സൺറൈസേഴ്സ് ഹൈദരബാദ്)
കോച്ച് -ഡാനിയൽ വെട്ടോറി
ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ്
ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, ഹർഷൽ പട്ടേൽ, ആദം സാമ്പ, രാഹുൽ ചാഹർ, അഭിനവ് മനോഹർ, സിമർജീത് സിങ്, കമിന്ദു മെൻഡിസ്, എഷാൻ മലിംഗ, അഥർവ ടൈഡെ, സച്ചിൻ ബേബി, അനികേത് വർമ, സീഷൻ അൻസാരി, വിയാൻ മൾഡർ