‘ഇത് ശുഭ്മൻ ഗില്ലിന്‍റെ ടീമാണ്, ഗംഭീറിന്‍റേതല്ല’; കുൽദീപിനെ മാറ്റിനിർത്തുന്നതിൽ വിമർശനവുമായി ഗവാസ്കർ
text_fieldsമാഞ്ചസ്റ്റർ: ക്യാപ്റ്റൻ ശുഭ്മൻ ഗില്ലോ പരിശീലകൻ ഗൗതം ഗംഭീറോ? ഇന്ത്യൻ ടീമിന്‍റെ നിയന്ത്രണം ആർക്കാണ്? ഏതാനും നാളുകളായി ക്രിക്കറ്റ് ആരാധകർ ഉന്നയിക്കുന്ന ഇതേ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗവാസ്കർ. തന്‍റെ ടീമിൽ ആരു കളിക്കണമെന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം പോലും ഗില്ലിനില്ലേയെന്ന് സോണി ടി.വിയിലെ ചർച്ചക്കിടെ ഗവാസ്കർ ചോദിക്കുന്നു. പരമ്പരയിൽ നാലാം മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ, എല്ലാ മത്സരങ്ങളിലും ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ പുറത്തിരുത്തിയ തീരുമാനത്തെയാണ് ഗവാസ്കർ ചോദ്യം ചെയ്തത്.
എല്ലാ കാലത്തും പരിശീലകർ ഇന്ത്യൻ ടീമിനുണ്ടായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റന്‍റെ തീരുമാനമാകണം അന്തിമമെന്നും ഗവാസ്കർ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ കാലത്തും പരിശീലകരുണ്ടായിരുന്നു. എന്നാൽ എല്ലായ്പ്പോഴും ക്യാപ്റ്റനാണ് അവസാന തീരുമാനം സ്വീകരിച്ചിരുന്നത്. ക്യാപ്റ്റന്‍റേതാണ് ടീം. ക്യാപ്റ്റൻസി മികവിന്‍റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്മാരെ വിലയിരുത്തുക. ഗില്ലിന് ആവശ്യമെന്ന് തോന്നിയാൽ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തണം. നേതൃത്വം നൽകുന്ന ആളായതിനാൽ എപ്പോഴും ഉത്തരവാദിത്തം ഗില്ലിനാണെന്നും അത് കാണിക്കാൻ അദ്ദേഹം തയാറാകണമെന്നും ഗവാസ്കർ പറയുന്നു.
അതേസമയം ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും നഷ്ടമാകാതിരിക്കാൻ ഇന്ത്യ പൊരുതുകയാണ്. നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി പിന്നിട്ട ഓപണർ കെ.എൽ. രാഹുലും (87*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് (78*) ക്രീസിൽ. 669 എന്ന വമ്പൻ സ്കോർ ഒന്നാമിന്നിങ്സിൽ സ്വന്തമാക്കിയ ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കി. 311 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. നിലവിൽ ഇംഗ്ലണ്ടിന്‍റെ സ്കോറിനേക്കാൾ 137 റൺസ് പിന്നിലാണ് ഇന്ത്യ. 358 റൺസായിരുന്നു സന്ദർശകരുടെ ഒന്നാമിന്നിങ്സ് സ്കോർ.
ലഞ്ചിന് മുമ്പ് മൂന്നോവർ ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ സ്കോർബോർഡ് തുറക്കുംമുമ്പ് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്സായിരുന്നു അന്തകൻ. നാലാം പന്തിൽ ഓപണർ യശസ്വി ജയ്സ്വാളിനെ വോക്സിന്റെ തകർപ്പൻ പന്തിൽ ഒന്നാം സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. മൂന്നാമനായ സായ് സുദർശൻ അടുത്ത പന്തിൽ പുറത്ത്. അവസാന സെക്കൻഡിൽ ‘ലീവ്’ ചെയ്യാൻ തീരുമാനിച്ച സുദർശന് പണി പാളി. ഷോർട്ട് പിച്ച് ചെയ്ത പന്ത് ബാറ്റിൽകൊണ്ട് രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിൽ. തുടർന്ന് രാഹുലും ക്യാപ്റ്റൻ ഗില്ലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് ശനിയാഴ്ച പിറന്നത്. ടീം ചരിത്രത്തിലെ അഞ്ചാമത്തെ വലിയ സ്കോറുമാണിത്. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യ ടെസ്റ്റിൽ 600ലേറെ റൺസ് വഴങ്ങുന്നത്.